ഏപ്രിൽ ജോൺസും (34) ഭർത്താവും മകനും ഭര്‍ത്താവിന്‍റെ അച്ഛനുമൊപ്പം കഴിഞ്ഞ ശനിയാഴ്ചയാണ് അലബാമ ഡീപ് സീ ഫിഷിംഗ് റോഡിയോയിൽ പങ്കെടുത്തത്. മത്സ്യബന്ധനത്തിനായി ഉള്‍ക്കടലിലേക്ക് കടന്നെങ്കിലും കാര്യമായ ഒന്നിനെയും പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മത്സ്യം ലഭിക്കാത്തതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് നീങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി ഏപ്രില്‍ ജോണ്‍സ് ഫോക്സിനോട് പറഞ്ഞു. തുടര്‍ന്ന് മറ്റൊരിടത്ത് വലയിടാനായി പോകാനൊരുങ്ങി.
എല്ലാം പാക്ക് ചെയ്ത് യാത്ര തിരിച്ചപ്പോള്‍ പെട്ടെന്ന് കടലിന്‍റെ അടിയില്‍ നിന്നും ശക്തമായ തിരയിളക്കമുണ്ടായി. ഒപ്പം വെള്ളവും തെറിച്ചു. ഞങ്ങള്‍ നോക്കുമ്പോള്‍ ഭീമാകാരനായ ഒരു ഈഗിള്‍ റേ മത്സ്യം ബോട്ടിന്‍റെ പുറകിലായി ചുറ്റിക്കറങ്ങുന്നു. അതിന്‍റെ വയറ്റില്‍ പറ്റിപ്പിടിച്ചിരുന്ന റിമോറയോ അല്ലെങ്കിൽ സക്കർഫിഷ് കാരണമോ ആണ് ഈഗിള്‍ റേ ചാടിയതെന്ന് താന്‍ കരുതിയതായും ജോൺസ് പറഞ്ഞു. 'ഇത് മനോഹരമായിരുന്നു, പക്ഷേ 400 -ലധികം പൗണ്ട് ഭാരമുള്ള ഒന്ന് ബോട്ടിലേക്ക് ചാടി നിങ്ങളെ തട്ടുന്നത് സുഖകരമല്ല. എനിക്കത് തികച്ചും ഭയാനകമാണ്,' ജോണ്‍സ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
ഭാര്യയുടെ നിലവിളി കേട്ടെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസിലായില്ലെന്ന് ജെറമി ജോൺസ് പ്രാദേശിക വാർത്താ സ്റ്റേഷനായ ഡബ്ല്യുഎസ്പിഎയോട് പറഞ്ഞു. 'ബോട്ടിലെ സാധനങ്ങൾ പൊട്ടുന്നതും വീഴുന്നതും ഞാൻ കേട്ടു. അച്ഛന്‍ പെട്ടെന്ന് എന്‍റെ മേലേക്ക് വീണു. ഞാൻ തിരിഞ്ഞു നോക്കി. അപ്പോള്‍ ഈഗിള്‍ റേ ബോട്ടിന്‍റെ പുറകിൽ കിടക്കുന്നതാണ് കണ്ടത്.' അദ്ദേഹം കൂട്ടിചേര്‍ത്തു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലാത്തതിനാല്‍ കരയിലേക്ക് ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചതായും ജോണ്‍സ് പറഞ്ഞു.
എന്നാല്‍ ഇതിനിടെ ഈഗിള്‍ റേയുടെ ഭാരം കാരണം ബോട്ടിന്‍റെ പിന്‍ഭാഗത്ത് ഭാരമേറുകയും വെള്ളം കയറുകയുമായിരുന്നു. 400 പൗണ്ടിലേറെ ഭാരമുള്ള അതിനെ ബോട്ടില്‍ നിന്ന് കടലിലേക്ക് തിരിച്ച് വിടാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അതിനാല്‍ അതിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ എന്താണ് വേണ്ടതെന്ന് അറിയാന്‍ ഞാന്‍ കരയിലുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ഈഗിള്‍ റേ നാല് ഓമനത്തമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. അതുവരെ ഭയചികിതരായ ഞങ്ങള്‍ക്കിടയിലേക്ക് പെട്ടെന്ന് അത്ഭുതവും സന്തോഷവും തിരിച്ചെത്തി. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ കുട്ടികള്‍ക്ക് ആ സാഹചര്യത്തെ തരണം ചെയ്യാന്‍ കഴിഞ്ഞില്ല. അവ ചത്തുപോയി.
ഈഗില്‍ റേ ഏതെങ്കിലും തരത്തിലുള്ള സമ്മർദ സാഹചര്യത്തിലാണെങ്കിൽ അവ പ്രസവിക്കുമെന്ന് ഡൗഫിൻ ഐലൻഡ് സീ ലാബ് ജോൺസിനെ അറിയിച്ചു. 'തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തോന്നുമ്പോൾ വന്യമൃഗങ്ങൾ കുഞ്ഞുങ്ങളെ പുറന്തള്ളുന്നത് അസാധാരണമല്ല. ഡൗഫിൻ ഐലൻഡ് സീ ലാബിന്‍റെ ക്യൂറേറ്റർ ബ്രയാൻ ജോൺസ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 15-20 മിനിറ്റ് യാത്രയാണ് കരയിലേക്കുള്ളത്. ഈ സമയമത്രയും അതിന്‍റെ ശരീരത്തിലേക്ക് ഞങ്ങള്‍ വെള്ളമൊഴിച്ച് കൊടുത്തുകൊണ്ടിരുന്നുവെന്ന് ജോണ്‍സ് പറഞ്ഞു.
എങ്കിലും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഡൗഫിൻ ഐലൻഡ് സീ ലാബിലേക്ക് ആ കുഞ്ഞുങ്ങളെ അവര്‍ നൽകി. വംശനാശ ഭീഷണി നേരിടുന്ന കടല്‍ ജീവികളിലൊന്നാണ് ഈഗിള്‍ റേ. സ്‌കൂബ ഡോട്ട് കോമിന്‍റെ അഭിപ്രായമനുസരിച്ച് ഈഗിള്‍ റേ കടലിന്‍റെ അടിത്തട്ടിൽ താമസിക്കുന്നതിനേക്കാൾ തുറന്ന സമുദ്രത്തിലാണ് ജീവിക്കുന്നത്.
മറ്റ് തിരണ്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈഗിള്‍ റേയുടെ വാലുകൾ വളരെ നീളമുള്ളതാണ്. ഇവ ബോണറ്റ് റേ എന്നും അറിയപ്പെടുന്നു. ബോട്ടിലുണ്ടായിരുന്ന അമ്മ ഈഗിള്‍ റേ പൂര്‍ണ്ണമായും നിവര്‍ന്നപ്പോള്‍ ഏഴ് അടി നീളമുണ്ടായിരുന്നുവെന്നും ജോൺസ് ഫേസ്ബുക്കിൽ കുറിച്ചു. 'ഞങ്ങൾ അതിനെ ബോട്ടിൽ നിന്ന് ഇറക്കിയപ്പോൾ, ഞാൻ അത്ര ഭയപ്പെട്ടില്ല. അതിന് ഒരുതരം തണുപ്പായിരുന്നു,' അവളുടെ എട്ട് വയസ്സുള്ള മകൻ ഗണ്ണർ ഡബ്ല്യുഎസ്പിഎയോട് പറഞ്ഞു.