യുക്രൈനിലുട നീളം ആറാഴ്ചത്തെ പോരാട്ടത്തിൽ കനത്ത നഷ്ടം നേരിട്ട റഷ്യൻ സൈന്യം 60 വയസ്സ് വരെയുള്ള സൈന്യത്തില്‍ നിന്നും വിരമിച്ച സന്നദ്ധപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നുവെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 'പിതാക്കന്മാരുടെ സൈന്യം' (Dad's army) എന്നാണ് ഇതിനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
യുക്രൈനിലെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പകരമായിട്ടാണ് ഈ റിക്രൂട്ട്മെന്‍റെന്ന് റിപ്പോര്‍ട്ടുകള്‍ എന്ന് പറയുന്നു. സിവിലിയൻ റിട്ടയർമെന്‍റിന് അടുത്തിരിക്കുന്ന മുൻ സൈനികർ സൈബീരിയൻ നഗരങ്ങളായ ചെല്യാബിൻസ്‌കിലും ത്യുമെനിലും വീണ്ടും ഒത്തുചേരണമെന്ന് സൈന്യം ആഗ്രഹിക്കുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈന്യത്തില്‍ നിന്നും വിരമിച്ച ടാങ്ക് കമാൻഡർമാർ, സ്നിപ്പർമാർ, എഞ്ചിനീയർമാർ എന്നിങ്ങനെ സാങ്കേതിക രംഗങ്ങളില്‍ ജോലി ചെയ്തിരുന്നവരെ സൈന്യത്തില്‍ നിലനിര്‍ത്താന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. ഇത്തരത്തില്‍ സൈന്യത്തില്‍ ചേര്‍ന്ന 60,000 റിസര്‍വിസ്റ്റുകളെ ഇതിനകം യുദ്ധുഖത്ത് പോരാടാനായി റഷ്യന്‍ സൈന്യം വിളിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമായും വംശീയ ന്യൂനപക്ഷങ്ങളിൽ നിന്നും മോസ്കോയിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള സൈബീരിയ പോലെയുള്ള പ്രദേശങ്ങളിൽ നിന്നും ഇത്തരത്തില്‍ നിര്‍ബന്ധിത സേവനത്തിന് 1,34,500 ഓളം പേരെ തെരഞ്ഞടുത്തെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ റഷ്യൻ സൈന്യത്തിന്‍റെ നാലിലൊന്ന് പേരും നിർബന്ധിതരായ 18 നും 27 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. അവർ സാധാരണയായി ഒരു വർഷത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനായി ചേരുന്നവരാണെന്ന് പ്രതിരോധ വിദഗ്ധർ പറഞ്ഞു
യുദ്ധത്തില്‍ റഷ്യയ്ക്ക് 20,000 ത്തോളം സൈനികരെ നഷ്ടമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. എന്നാല്‍, യുദ്ധത്തില്‍ വെറും 1,351 സൈനികരെ നഷ്ടപ്പെട്ടതായും 3,825 പേർക്ക് പരിക്കേറ്റതായുമാണ് റഷ്യ പുറത്ത് വിട്ട കണക്ക്. നാറ്റോയുടെ കണക്ക് പ്രകാരം 7,000 മുതൽ 15,000 റഷ്യൻ സൈനികരുടെ നഷ്ടം കണക്കാക്കുന്നു.
യുദ്ധം 40-ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ രാജ്യത്ത് 18,300 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈന്‍ ഔദ്ധ്യോഗീകമായി അറിയിച്ചിരുന്നു. ചാത്താം ഹൗസിലെ സീനിയർ റിസർച്ച് ഫെലോ ആയ മാത്യു ബൗലെഗ് റഷ്യൻ യുദ്ധത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
"എയിൽ നിന്ന് ബി പോയിന്‍റിലേക്ക് ട്രക്ക് ഓടിക്കാൻ സൈനികരെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അവർ യുദ്ധ പ്രവർത്തനങ്ങൾക്കായി വിധിക്കപ്പെട്ടവരല്ല . വെടിക്കോപ്പുകളോ മെഡിക്കൽ സപ്ലൈകളോ ഓടിക്കാൻ അവർക്ക് ആരെയെങ്കിലും ആവശ്യമുണ്ടെങ്കിൽ, അത് 60 വയസ്സുള്ള ഒരാൾക്ക് നിർവ്വഹിക്കാനാകും. "
'വിലകുറഞ്ഞ' യുദ്ധം അവസാനിപ്പിക്കാൻ അവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു. "റഷ്യൻ പ്രതിരോധ മന്ത്രാലയം മാർച്ച് 25 ന് "ദൗത്യം പൂർത്തീകരിച്ചു" എന്ന് തെറ്റായി പ്രഖ്യാപിച്ചു. അവര്‍ തങ്ങളുടെ പ്രാരംഭ ലക്ഷ്യങ്ങൾ നേടിയെന്ന് പ്രഖ്യാപിക്കുന്നതിലൂടെ, റഷ്യൻ സൈന്യത്തിന് ഇപ്പോൾ ഡോൺബാസിനെ "വിമോചിപ്പിക്കുന്നതിനായി" കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഇതൊരു സൈനിക മുൻഗണനാ വിഷയമാണ്." അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങളെ ശമിപ്പിക്കാനാണ് പുടിന്‍റെ ശ്രമം. അത് സ്വന്തം മുഖം രക്ഷിക്കാനുള്ള കെട്ടിച്ചമച്ച ഭരണകൂട പ്രചാരണമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. 'പുതിയ റിക്രൂട്ട്‌മെന്‍റുകളിൽ ഭൂരിഭാഗവും കൽമീകിയ, ഇംഗുഷെഷ്യ, ഡാഗെസ്താൻ റിപ്പബ്ലിക്കുകളിൽ നിന്നുള്ള വംശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണെന്ന് യുക്രൈന്‍ ഇന്‍റലിജൻസ് അവകാശപ്പെട്ടു.
'നിങ്ങൾക്ക് ആളുകളെ നേര്‍ക്കുനേരെ കാണാൻ കഴിയുന്ന നഗര യുദ്ധത്തിൽ ഏർപ്പെടുന്നത് മിക്ക റഷ്യക്കാർക്കും അത്ര സുഖകരമായ കാര്യമല്ല. കാരണം അവര്‍ പോരാടേണ്ടത് സ്ലാവിക് വംശജരോടാണ്. റഷ്യന്‍ സൈന്യത്തിലെ മിക്ക പോരാളികള്‍ക്കും ഇതില്‍ താത്പര്യമില്ലെന്ന് എമിലി ഫെറിസ് പറയുന്നു.
ജോർജിയയിലെ രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ അബ്ഖാസിയയിൽ നിന്നും സൗത്ത് ഒസ്സെഷ്യയിൽ നിന്നുമുള്ളവരാണ് സൈന്യത്തിലുള്ളത്. യുദ്ധത്തിനായി പുടിൻ വംശീയ ന്യൂനപക്ഷങ്ങളെയാണ് ആശ്രയിക്കുന്നതെന്നും യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ റഷ്യൻ കാര്യങ്ങളിൽ സ്‌പെഷ്യലൈസ് ചെയ്‌ത ഗവേഷകയായ എമിലി ഫെറിസ് പറയുന്നു.
'പല കേസുകളിലും, യുക്രൈനിയക്കാർക്ക് രണ്ട് രാജ്യങ്ങളിലും കുടുംബങ്ങളുണ്ട്, അവർ റഷ്യക്കാരുമായി വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു'. പ്രതിമാസം 1,000 ഡോളർ സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ നൂറുകണക്കിന് സിറിയൻ കൂലിപ്പടയാളികളും റഷ്യൻ സേനയിൽ ചേരാനായെത്തുന്നു.
യുക്രൈനിലെ റഷ്യൻ പിന്തുണയുള്ള ഡോൺബാസ് മേഖലയില്‍ നിന്നുള്ളവരെയും യുക്രൈന്‍ സൈന്യത്തിനെതിരെ പോരാടാനായി യുദ്ധമുഖത്തേക്ക് അയച്ചെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം ലോജിസ്റ്റിക്ക് പ്രശ്നങ്ങളാല്‍ നട്ടം തിരിയുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചില ഡോൺബാസില്‍ നിന്നുള്ള നിർബന്ധിത സൈനികർക്ക് യുക്രൈന്‍ പട്ടാളക്കാരുടെ വെടിയേല്‍ക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈന്‍ പുറത്ത് വിട്ട ഒരു യുദ്ധ വീഡിയോയില്‍ റഷ്യയ്ക്ക് വേണ്ടി യുദ്ധം ചെയ്യുകയായിരുന്ന ഡോണ്‍ബാസില്‍ നിന്നുള്ള 135 സൈനികരെ കാണിച്ചു.
വീഡിയോയില്‍ ഈ സൈനികര്‍ ആയുധം താഴെ വച്ച് യുദ്ധം ചെയ്യാന്‍ വിസമ്മതം അറിയിച്ചതായി പറയുന്നു. ഡോണ്‍ബാസില്‍ നിന്നുള്ള സൈനികരുടെ മനോവീര്യത്തെ കുറിച്ച് റോയിട്ടേഴ്സ് വക്താവ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തോട് അഭിപ്രായം ചോദിച്ചെങ്കിലും മറുപടി പറയാന്‍ പ്രതിരോധ മന്ത്രാലയം തയ്യാറായില്ല.
കാര്യങ്ങളെന്ത് തന്നെയായാലും റഷ്യന്‍ സൈന്യത്തിന് കനത്ത നാശമാണ് യുക്രൈനില്‍ നേരിടേണ്ടിവന്നിട്ടുള്ളതെന്നത് യാഥാര്‍ത്ഥ്യമാണ്. യുവ സൈനികരെ യുദ്ധമുഖത്തേക്ക് വിട്ട്, പ്രായം ചെന്ന മുന്‍സൈനികരെ കവചിത വാഹനങ്ങളും ആയുധ സപ്ലൈയ്ക്കുമായി ഉപയോഗിക്കാനാണ് റഷ്യന്‍ സൈന്യത്തിന്‍റെ തീരുമാനം.
യുദ്ധം തുടങ്ങിയ ആദ്യ ആഴ്ച തന്നെ 62 കിലോമീറ്റര്‍ നീളമുള്ള, ടാങ്കുകളും കവചിത വാഹനങ്ങളുമടങ്ങിയ വാഹനവ്യൂഹമായിരുന്നു റഷ്യ, ബെലാറൂസ് വഴി കീവിന് നേര്‍ക്ക് അയച്ചത്. എന്നാല്‍, ഈ നീളം കൂടിയ വാഹനവ്യൂഹത്തില്‍ നിന്ന് ഒരു വാഹനം പോലും തലസ്ഥാനമായ കീവിലെത്തിയില്ല.
അതിന് മുമ്പ് തന്നെ സാധാരണക്കാരായ യുക്രൈനികളുടെ സഹായത്തോടെ യുക്രൈന്‍ സൈന്യം ഈ വാഹനവ്യഹത്തെ തകര്‍ത്തിരുന്നു. അവശേഷിച്ചവ ബെലാറൂസിലേക്ക് തന്നെ മടങ്ങി. യുക്രൈനിന്‍റെ തെക്ക് - കിഴക്കന്‍ മേഖലയില്‍ മാത്രമാണ് ഇപ്പോള്‍ സജീവ പോരാട്ടം നടക്കുന്നത്.
യുദ്ധം തുടങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ റഷ്യയുടെ യുവ സൈനികര്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പലരും സാമ്പന്നിക സഹായം പ്രതീക്ഷിച്ച് സൈന്യത്തില്‍ എത്തിയവരായിരുന്നുവെന്നും പലര്‍ക്കും 18 നും 20 നും ഇടയിലാണ് പ്രായമെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോകത്തില്‍ സൈനിക ശക്തിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ പ്രതിരോധിക്കാന്‍ 22 -ാം സ്ഥാനത്തുള്ള യുക്രൈന് ഒരിക്കലും കഴിയില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുറംവാതില്‍ വഴി നാറ്റോ സഖ്യങ്ങളില്‍ നിന്നും യഥേഷ്ടം ആയുധങ്ങള്‍ ലഭ്യമായത് യുക്രൈന് ഏറെ ഗുണം ചെയ്തു.
കഴിഞ്ഞ 43 ദിവസവും വീഴാതെ യുക്രൈന്‍ പിടിച്ച് നിന്നത് ഈ ആയുധങ്ങളുപയോഗിച്ചായിരുന്നു. ഇപ്പോഴും ചെക്ക് റിപ്പബ്ലിക്ക് അടക്കം യുക്രൈന്‍ ടാങ്കുകളും കവചിത വാഹനങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ നാറ്റോ നേരിട്ട് യുദ്ധത്തില്‍ ഇടപെടുന്നുമില്ല.
റഷ്യയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ 18 വയസ്സുമുതല്‍ 60 വയസ്സുവരെയുള്ള പുരുഷന്മാര്‍ രാജ്യത്ത് തങ്ങണമെന്ന് പ്രസിഡന്‍റ് സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. പലായനം ചെയ്യാതെ രാജ്യത്ത് തന്നെ തങ്ങുന്നവര്‍ക്കായി യുദ്ധ മുറകളിലും ആയുധം ഉപയോഗിക്കുന്നതിലും യുക്രൈന്‍ സൈന്യം പരിശീലനവും നല്‍കിയിരുന്നു.
ഇങ്ങനെ പരിശീലനം ലഭിച്ച സാധാരണക്കാര്‍ നിര്‍മ്മിച്ച് യുദ്ധമുഖത്ത് ഉപയോഗിച്ച പെട്രോള്‍ ബോംബുകള്‍ക്ക് വരെ യുക്രൈന്‍റെ പ്രതിരോധത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഏതാണ്ട് 2,50,000 ത്തോളം പേരുടെ റിസര്‍വ് സേനയെ യുക്രൈന്‍ ഒരുക്കിയിരുന്നു.