Czech: യുദ്ധത്തിന് നാറ്റോയും?: യുക്രൈന് ടി 72 ടാങ്കുകളും കവചിത വാഹനങ്ങളും സമ്മാനിച്ച് ചെക്ക് റിപ്പബ്ലിക്

First Published | Apr 7, 2022, 12:21 PM IST

യുക്രൈനിലേക്കുള്ള അധിനിവേശം ആരംഭിക്കുന്നതിനുള്ള ഒരു കാരണമായി റഷ്യ ആരോപിക്കുന്നത് യുക്രൈന്‍റെ നാറ്റോ പ്രവേശനശ്രമമാണ്. അതേ നാറ്റോ സൈനിക സഖ്യത്തിന്‍റെ ഭാഗമായ ചെക്ക് റിപ്പബ്ലിക്കാണ് ഇപ്പോള്‍ യുക്രൈന് കവചിത വാഹനങ്ങളും ടി 72 (T72) ടാങ്കുകളും നല്‍കിയിരിക്കുന്നത്. യുദ്ധം മൂര്‍ദ്ധന്യത്തിലെത്തിയ നാളുകളില്‍ നാറ്റോ രാജ്യങ്ങളിലെതെങ്കിലും ഒന്ന് യുക്രൈന് ആയുധം നല്‍കിയാല്‍ നാറ്റോ രാജ്യങ്ങളെ അക്രമിക്കാന്‍ മടിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. ചെക്ക് റിപ്പോബ്ലിക്കിന്‍റെ നടപടി ആശങ്ക വ്യാപകമാക്കി. ചെക്ക് റിപ്പബ്ലിക്കിനെതിരെ റഷ്യ ഏതെങ്കിലും തരത്തില്‍ സൈനിക നടപടിക്ക് മുതിര്‍ന്നാണ് നാറ്റോയ്ക്ക് ഇടപെടാതിരിക്കാനാകില്ലെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. 

റഷ്യയുടെ യുക്രൈന്‍ അധിനിവേശമാരംഭിച്ചിട്ട് ഇന്നേക്ക് 43-ാം ദിവസമാണ്. ഇതുവരെയായിട്ടും യുക്രൈനിലെ ഏറ്റവും വലിയ പത്ത് നഗരങ്ങളിലൊന്ന് പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ യുക്രൈന്‍റെ വടക്ക് - പടിഞ്ഞാന്‍ ഭാഗങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിത്തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. 

റഷ്യയുടെ പിന്മാറ്റം യഥാര്‍ത്ഥമല്ലെന്നും പകരം വടക്ക് പടിഞ്ഞാറ് നിന്നുള്ള സൈന്യത്തെ കൂടി ഉപയോഗിച്ച് യുക്രൈനിലെ റഷ്യന്‍ വിമത മേഖലയായ തെക്ക് കിഴക്കന്‍ പ്രദേശത്ത് സൈനിക നടപടി ശക്തമാക്കാനാണ് റഷ്യയുടെ നീക്കമെന്നും യുഎസ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


ലോകത്ത് സൈനിക ശക്തിയില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് റഷ്യ. യുക്രൈനാകട്ടെ സൈനിക ശക്തിയില്‍ 22-ാം സ്ഥാനത്തും. സൈനിക ശക്തിയില്‍ റഷ്യയോട് ഏറ്റുമുട്ടാനുള്ള ത്രണിയില്ലാതിരുന്നിട്ടും രാജ്യത്തെ ജനത ചെറുത്ത് നില്‍ത്ത് ഏറ്റെടുത്തപ്പോള്‍ റഷ്യന്‍ സൈന്യത്തിന് യുക്രൈനില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നു. 

ഇതിനിടെയാണ് ആദ്യമായി ഒരു നാറ്റോ രാജ്യം യുദ്ധരംഗത്ത് ഉപയോഗിക്കാന്‍ പറ്റുന്നതരത്തിലുള്ള വലിയ ആയുധങ്ങള്‍ യുക്രൈന് നേരിട്ട് നല്‍കുന്നത്. ഇതോടെ നാറ്റോ രാജ്യങ്ങളിലൊന്ന് പ്രത്യക്ഷമായി തന്നെ തങ്ങളുടെ നിലപാട് വെളിപ്പെടുത്തി രംഗത്തെത്തി.  

യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ, നാറ്റോ രാജ്യങ്ങള്‍ യുക്രൈനെ സഹായിച്ചാല്‍ നാറ്റോയെ അക്രമിക്കാന്‍ മടിക്കില്ലെന്ന് പുടിന്‍ അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പോളണ്ട് യുക്രൈന് നല്‍കാമെന്ന് ഏറ്റിരുന്ന 29 മിഗ് വിമാനങ്ങളുടെ കരാര്‍ യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

ചെക്ക് റിപ്പബ്ലിക്കിന്‍റെ പുതിയ നീക്കം യുറോപ്പിലെങ്ങും ആശങ്ക പരത്തിയിരിക്കുകയാണ്. യുക്രൈന്‍ പ്രസിഡന്‍റ് വിളോഡോമിര്‍ സെലെന്‍സ്കിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചെക്ക് റിപ്പബ്ലിക്ക് യുക്രൈന് ആയുധങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.

2022 മാർച്ച് 26 ന് പ്രാഗിലെ റഷ്യൻ എംബസിയുടെ പടവുകളിൽ ചുവന്ന പെയിന്‍റ് ഒഴിക്കുന്ന പ്രതിഷേധക്കാര്‍.

നിരവധി ബിവിപി 1 (BVP-1) ഇൻഫൻട്രി ഫൈറ്റിംഗ് വാഹനങ്ങൾ, ഹോവിറ്റ്സർ പീരങ്കികൾ, ഒരു ഡസനിലധികം ടി72 (T-72) ടാങ്കുകൾ  എന്നിവയാണ് ചെക്ക് റിപ്പബ്ലിക്ക്, യുക്രൈനിലേക്ക് അയച്ചത്. ഇതോടെ കീവിന് സൈനിക സഹായം എത്തിക്കുന്ന ആദ്യത്തെ നാറ്റോ രാജ്യമായി ചെക്ക് റിപ്പബ്ലിക് മാറി.

ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് യുദ്ധവാഹനങ്ങള്‍ ചരക്ക് തീവണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ചെക്ക് ടിലിവിഷനില്‍ കാണിച്ചു. നാറ്റോ സഖ്യത്തിന്‍റെ സമ്മതത്തോടെയാണ് ഈ ആയുധങ്ങള്‍ കൈമാറുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. 

യുദ്ധമാരംഭിച്ച് ഏതാണ്ട് 40 ദിവസത്തോളം യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന നാറ്റോ സഖ്യം, പുതിയ തീരുമാനം ട്രാൻസ്-അറ്റ്ലാന്‍റിക് ബ്ലോക്കിനെ റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിലേക്ക് വലിച്ചിടുമോയെന്ന ആശങ്കയുയര്‍ത്തി. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ രാജ്യങ്ങള്‍ ഇതുവരെ യുക്രൈന് ആന്‍റി ടാങ്ക്, ആന്‍റി ക്രാഫ്റ്റ് മിസൈലുകളും ചെറിയ ആയുധങ്ങളും സംരക്ഷണ ഉപകരണങ്ങളുമാണ് നല്‍കിയിരുന്നത്. എന്നാൽ കനത്ത കവചമോ യുദ്ധ വിമാനങ്ങളോ ഒന്നും തന്നെ വാഗ്ദാനം ചെയ്തിരുന്നില്ല. 

നേരത്തെ റഷ്യയുമായി സംഘര്‍ഷം വര്‍ദ്ധിച്ചിരുന്നപ്പോള്‍ 28 മിഗ് ജെറ്റുകള്‍ യുക്രൈന് നല്‍കാനുള്ള പോളണ്ടിന്‍റെ തീരുമാനത്തെ യുഎസ് ഇടപെട്ട് തടഞ്ഞിരുന്നു. എന്നാല്‍, യുദ്ധമുഖത്ത് നിന്നും ഇപ്പോള്‍ റഷ്യന്‍ സൈന്യം പിന്‍വാങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഈ റിപ്പോര്‍ട്ടുകളെ വിശ്വാസത്തിലെടുക്കരുതെന്നും യുക്രൈന്‍റെ പടിഞ്ഞാറ് നിന്നും വടക്ക് നിന്നും പിന്‍വാങ്ങുന്ന റഷ്യന്‍ സൈന്യം യുക്രൈന്‍റെ കിഴക്ക് - തെക്ക് ഭാഗങ്ങളിലുള്ള ഡോണ്‍ബോസ് പോലുള്ള റഷ്യന്‍ വിമത പ്രദേശങ്ങളെ യുക്രൈന്‍റെ കൈയില്‍ നിന്നും മോചിപ്പിക്കാനായി ഈ ഭാഗത്ത് യുദ്ധം കേന്ദ്രീകരിക്കാനാണ് റഷ്യന്‍ നീക്കമെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'ചെക്ക് റിപ്പബ്ലിക്ക് യുക്രൈനെ കഴിയുന്നിടത്തോളം സഹായിക്കുകയും ഭാരം കുറഞ്ഞതും ഭാരമേറിയതുമായ സൈനിക ഉപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് തുടർന്നും സഹായിക്കുമെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.' എന്നാണ് യുക്രൈന് സൈനിക സഹായം നല്‍കിക്കൊണ്ട് ചെക്ക് പ്രതിരോധ മന്ത്രി ജന സെർനോചോവ പര്‍ലമെന്‍റില്‍ പറഞ്ഞത്. 

പോളണ്ടും ബാൾട്ടിക് രാജ്യങ്ങളും പോലെയുള്ള സെൻട്രൽ യൂറോപ്യൻ രാജ്യങ്ങള്‍ മോസ്കോയുമായുള്ള സമ്പൂർണ വിച്ഛേദവും റഷ്യയെ മുട്ടുകുത്തിക്കാനുള്ള എല്ലാ ശ്രമവും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. റഷ്യക്ക് വിജയമായി അവതരിപ്പിക്കാൻ കഴിയുന്ന എന്തും യൂറോപ്യൻ സുരക്ഷയ്ക്ക് ഗുരുതരമായ ദോഷം വരുത്തുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

എന്നാൽ മറ്റ് രാജ്യങ്ങൾ വിശ്വസിക്കുന്നത് റഷ്യയെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ കഴിയില്ലെന്നും യുദ്ധത്തിന്‍റെ ഫലം മറ്റൊന്നാകാന്‍ സാധ്യതയുണ്ടെന്നുമാണ്. ഫ്രാൻസ്, ജർമ്മനി, തുർക്കി തുടങ്ങിയ രാജ്യങ്ങൾ റഷ്യയുടെ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി സമ്പർക്കം പുലർത്താൻ ആഗ്രഹിക്കുന്നു. അതും റഷ്യന്‍ സൈനികര്‍ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ ആരോപണങ്ങൾ പരിഗണിക്കാതെ തന്നെ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നാറ്റോ ഇപ്പോഴും ഏങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന ആലോചനയിലാണ്. യുദ്ധം അവസാനിച്ചിട്ടില്ല. യുക്രൈനിലെ റഷ്യയുടെ സേനയുടെ പ്രകടനം വളരെ മോശമായിരുന്നു. തലസ്ഥാനമായ കീവിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് അവർ പിൻവാങ്ങിയെങ്കിലും അവർ യുക്രൈന്‍റെ കിഴക്കൻ ഭാഗത്ത് മന്ദഗതിയിലുള്ളതും ക്രൂരവുമായ അക്രമണത്തിന് പദ്ധതി ഇടുകയാണെന്നും നാറ്റോ അവകാശപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

പ്രത്യക്ഷമായി യുദ്ധത്തിലേക്ക് കടക്കാന്‍ നാറ്റോ ഇപ്പോഴും ഒരുക്കമല്ലെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അപ്പോഴും ആയുധ കൈമാറ്റത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ചെക്ക് റിപ്പബ്ലിക്ക് വിസമ്മതിച്ചു.  മാർച്ച് 24 ന് ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ നാറ്റോ കവചങ്ങളും യുദ്ധവിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും എത്തിക്കണമെന്ന് പ്രസിഡന്‍റ് വ്‌ലോഡൈമർ സെലെൻസ്‌കി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആയുധങ്ങള്‍ കൈമാറുന്നതെന്നാണ് ചെക്ക് റിപ്പബ്ലിക്ക് പറയുന്നത്. 

പ്രാഗും അയൽരാജ്യമായ സ്ലൊവാക്യയും യുക്രൈന്‍ ആയുധങ്ങളുടെ കേടുപാടുകൾ തീർക്കാനും പുനഃസ്ഥാപിക്കാനും സഹായിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതോടൊപ്പം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു.

ജർമ്മനി നിരവധി ഡസൻ കാലാൾപ്പട യുദ്ധ വാഹനങ്ങൾ കീവിലേക്ക് അയക്കും. യുകെ 20 ആംബുലൻസുകൾ ഡെലിവറി ചെയ്യുന്നതിന് അംഗീകാരം നൽകി. അതോടൊപ്പം ചെക്ക് റിപ്പബ്ലിക്ക് യുക്രൈന് നല്‍കിയ ആയുധങ്ങള്‍ക്ക് സാമ്പത്തിക സഹായം കണ്ടെത്തിയത് ക്രൗഡ് സോഴ്സ് ഫണ്ട് റൈസിംഗ് കാമ്പൈന്‍ വഴിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പ്രാഗും യൂറോപ്പിലെ സ്വകാര്യ ദാതാക്കളും ചേര്‍ന്നാണ് കീവിന് ആയുധങ്ങള്‍ എത്തിക്കാനുള്ള സംഭാവന കണ്ടെത്തിയത്. പുടിന്‍റെ സൈന്യത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ വേണമെന്ന് സെലെന്‍സ്കി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. 

യുക്രൈന് ഒരാഴ്ച കൊണ്ട് ലഭിക്കുന്ന ആയുധങ്ങളുടെ അതേ അളവിലുള്ള ആയുധങ്ങള്‍ ഒറ്റ ദിവസം കൊണ്ട് യുക്രൈന്‍ പൊട്ടിച്ച് തീര്‍ക്കുകയാണെന്ന് മുതിര്‍ന്ന പോളിഷ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. റഷ്യ, യുക്രൈന്‍റെ ആയുധ ആവശ്യത്തില്‍ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിലേക്ക് കൂടുതല്‍ ആയുധങ്ങളെത്തിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

ചർച്ചയിലുള്ള ഉപകരണങ്ങളിൽ കൂടുതൽ നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളും യുഎസ് ജാവലിൻ ടാങ്ക് വിരുദ്ധ ആയുധങ്ങളും ഉൾപ്പെടുന്നു. നാറ്റോ ഇതിനകം ഇന്ധനം, വെടിമരുന്ന്, ഹെൽമറ്റ്, സംരക്ഷണ ഗിയർ, മെഡിക്കൽ സപ്ലൈസ് എന്നിവ യുക്രൈന് നല്‍കിയിട്ടുണ്ടെന്നും സ്റ്റോൾട്ടൻബെർഗ്  പറഞ്ഞു.

അടുത്ത ആഴ്‌ചകളിൽ പ്രസിഡന്‍റ് ജോ ബൈഡൻ യൂറോപ്പിന്‍റെ കിഴക്കൻ ഭാഗത്തേക്ക് കൂടുതൽ യുഎസ് സൈനികരെ നിയോഗിച്ചു. അതോടൊപ്പം റഷ്യ യൂറോപ്യന്‍ അതിര്‍ത്തി കടന്നാല്‍ പ്രദേശം സംരക്ഷിക്കുന്നതില്‍ നാറ്റോ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. 

യുക്രൈന് നാറ്റോ സഖ്യത്തിന്‍റെ ഒരു ശതമാനം ആയുധങ്ങളെങ്കിലും നല്‍കണമെന്ന് സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. മോസ്കോയിൽ നിന്നുള്ള 'ഭീഷണി' കാരണം പാശ്ചാത്യ രാജ്യങ്ങൾ യുക്രൈനുള്ള സഹായം തടഞ്ഞുനിർത്തുകയാണെന്നും സെലെൻസ്‌കി ആരോപിച്ചു.

തന്‍റെ വികാരനിര്‍ഭരമായ പ്രസംഗത്തില്‍, 'യൂറോ-അറ്റ്ലാന്‍റിക് സമൂഹത്തിന്‍റെ ചുമതല ആര്‍ക്കാണ് ? ഭയത്തിനുള്ള കാരണം ഇപ്പോഴും മോസ്കോയാണോ ? നാറ്റോയുടെ പക്കലുള്ളതിന്‍റെ ഒരു ശതമാനം ആയുധങ്ങള്‍ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും തിൽ കൂടുതലൊന്നുമില്ലെന്നും സെലെന്‍സ്കി പറഞ്ഞു.   

റഷ്യയുടെ നിരന്തരമായ പീരങ്കി അക്രമണവും ആകാശ ബോംബിംഗും യുക്രൈനിയൻ നഗരങ്ങളെ അവശിഷ്ടങ്ങളാക്കി മാറ്റുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാനും നിര്‍ബന്ധിക്കുന്നു. യുദ്ധത്തിന്‍റെ ഏറ്റവും വലിയ ഭീകരതകൾ അനുഭവിച്ച ഉപരോധിക്കപ്പെട്ട തുറമുഖ നഗരമായ മരിയുപോളിൽ പോരാടുന്ന തന്‍റെ സൈനികരെ അദ്ദേഹം 'വീരന്മാർ' എന്നും വാഴ്ത്തി. 

തന്‍റെ സൈനികരുടെ 'ഒരു ശതമാനം' ധൈര്യം നേടാനും യുക്രൈന് കഠിനമായ കവചം നൽകാനും പാശ്ചാത്യ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. .'ഞാൻ ഇന്ന് മരിയുപോളിന്‍റെ പ്രതിരോധക്കാരുമായി സംസാരിച്ചു. ഞാൻ അവരുമായി നിരന്തര സമ്പർക്കത്തിലാണ്. അവരുടെ നിശ്ചയദാർഢ്യവും വീരത്വവും ദൃഢതയും അതിശയിപ്പിക്കുന്നതാണ്,'  സെലെൻസ്‌കി പറഞ്ഞു.

യുദ്ധം തുടങ്ങി ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ആയുധങ്ങള്‍ കൈമാറോ വേണ്ടയോ എന്ന കാര്യത്തില്‍ ചര്‍ച്ച മാത്രമാണ് നടക്കുന്നതെന്ന് പറഞ്ഞ സെലെന്‍സ്കി ഞങ്ങള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ വേണമെന്നും ഇത്രയും നാള്‍ ഞങ്ങള്‍, ഞങ്ങളുടെ ആകാശവും കരയും കാത്തുവെന്നും ഇനി അതിനായി കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമുണ്ടെന്നും ആവര്‍ത്തിച്ചു. 

Latest Videos

click me!