50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമായി ലാ പാല്‍മ ദ്വീപിലെ കുംബ്രെ വിജ അഗ്നിപര്‍വ്വതം

First Published | Oct 1, 2021, 11:20 AM IST

സ്പെയിനിലെ ലാ പാൽമ ദ്വീപിലെ (La Palma island) കുംബ്രെ വിജ (Cumbre Vieja) അഗ്നിപര്‍വ്വത (volcanic ridge) സ്ഫോടനത്തിൽ നിന്നുള്ള ലാവ അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് പരന്നൊഴുകുന്നു. തിളക്കമുള്ള ചുവന്ന നദിയെ പോലെയാണ് അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവ സമുദ്രത്തിലേക്ക് ഒഴുകുന്നത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവ സമുദ്രത്തിലേക്ക് പതിച്ചത്തോടെ സമുദ്രത്തില്‍‌ നിന്ന് വിഷവാദകങ്ങളും പുകയും ഉരുകയാണ്.  സെപ്തംബര്‍ 19 നാണ് അഗ്നിപര്‍വ്വതം സജീവമായത്.  12 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് ലാവ ഏതാണ്ട് 6.5 കിലോമീറ്റര്‍ (4 മൈല്‍) ദൂരം സഞ്ചരിച്ച് സമുദ്രത്തിലേക്ക് പതിച്ചു. ഇതിനിടെ ഈ വഴിയില്‍ ഉണ്ടായിരുന്ന വീടുകളടക്കമുള്ള 656 കെട്ടിടങ്ങള്‍ ലാവാ പ്രവാഹത്തെ തടുക്കാന്‍ കഴിയാതെ ഉരുകിയൊലിച്ചു. 

കരയില്‍ നിന്ന് സമുദ്രത്തിലേക്ക് പതിക്കുന്ന ലാവാ പ്രവഹം, ശ്വാസകോശങ്ങള്‍ക്ക് ഗുരുതരമായ തകരാര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള വിഷവാതകങ്ങളെ പുറത്ത് വിടുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

മാത്രമല്ല, അതിശക്തമായ ചൂടുള്ള ലാവാ പ്രവാഹം സമുദ്രത്തില്‍ പതിക്കുമ്പോള്‍ ചെറിയ തോതിലുള്ള സ്ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 


സമുദ്രത്തില്‍ നിന്ന് വിഷവാതക പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ട് ദ്വീപ് നിവാസികള്‍ വീട്ടിനുള്ളില്‍ തന്നെ നില്‍ക്കണമെന്നും വാതിലുകളും ജനലുകളും അടച്ചിടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

3.5 കിലോമീറ്റർ (2.1 മൈൽ)  പ്രദേശത്ത് അതിസുരക്ഷാ ജഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവുമുണ്ട്. 

50 വർഷത്തിനിടയില്‍ ആദ്യമായാണ്  ലാ പാൽമ ദ്വീപിലെ കുംബ്രെ വിജ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കുകളോ മരണമോയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

സെപ്തംബര്‍ 19 നുണ്ടായ ഭൂചലനത്തെത്തുടർന്നാണ് അഗ്നിപര്‍വ്വതത്തില്‍ സ്ഫോടനങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇതേ തുടര്‍ന്നുള്ള ആദ്യത്തെ മണിക്കൂറുകളിൽ തന്നെ 6,000 -ലധികം ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞു. 

ഭൂചലനത്തെ തുടര്‍ന്ന് അഗ്നി പര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം ശക്തമായി. എങ്കിലും തീരത്തോട് അടുക്കുമ്പോഴേക്കും ലാവ പ്രവാഹത്തിന്‍റെ വേഗത കുറഞ്ഞിരുന്നു. ഇതോടെ നേരെ ഒഴുകിക്കൊണ്ടിരുന്ന ലാവ പരന്നൊഴുകാന്‍ തുടങ്ങി.

ലാവാ പ്രവാഹം പരന്നൊഴുകാന്‍ തുടങ്ങിയതോടെ കൂടുതല്‍ ഗ്രാമങ്ങളിലും ഏക്കറ് കണക്കിന് കൃഷിയിടങ്ങളിലും നാശമുണ്ടായി. 

ലാ പാൽമ ദ്വീപിലെ  സമ്പദ്‌വ്യവസ്ഥ പ്രധാനമായും കൃഷിയെ അടിസ്ഥാനമാക്കിയുള്ളതാണ്. വാഴ കൃഷിയാണ് ഇവിടത്തെ പ്രധാന കൃഷി. ലാവാ പ്രവാഹവും അതുയര്‍ത്തിയ ചൂടും വാഴ കൃഷിയെ ഏറെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോസ് ഗിറസ് എന്ന സ്ഥലത്ത് വച്ച് ലാവ തീരദേശ ഹൈവേയിലേക്ക് കയറിയതോടെ ദ്വീപിലെ ഉള്‍പ്രദേശങ്ങളിലുള്ള നിരവധി ഗ്രാമങ്ങളിലേക്കുള്ള ബന്ധം നഷ്ടമായി. 

ചില സ്ഥലങ്ങളില്‍ ഏതാണ്ട് 600 മീറ്റര്‍ വീതിയില്‍ വരെ ലാവ പരന്നൊഴുകിയതായി ദൃക്സാക്ഷികള്‍ പറയുന്നു. കനത്ത പുക പടലം പകലുകളെ പോലും മറയ്ക്കുന്നു. 

"കടലില്‍ എത്തിയതോടെ ലാവയുടെ ഒഴുക്ക് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലാവ പരന്നൊഴുകുന്നത് കാരണം വലിയ നാശനഷ്ടമുണ്ടായി," ആംഗൽ വെക്ടർ ടോറസ്, കാനറി ദ്വീപുകളുടെ പ്രാദേശിക പ്രസിഡന്‍റ് സർക്കാർ ഉടമസ്ഥതയിലുള്ള റേഡിയോയോട് പറഞ്ഞു. 

സർക്കാർ , വീടുകള്‍ നഷ്ടമായവര്‍ക്ക് താമസിക്കാനുള്ള സ്ഥലങ്ങള്‍ ഉറപ്പ് വരുത്തകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആൾപ്പാർപ്പില്ലാത്ത 100 വീടുകൾ വാങ്ങാൻ പദ്ധതിയുണ്ട്. 

1,400 പേർ  താമസിക്കുന്ന ടോഡോക്ക് എന്ന ഗ്രാമം തന്നെ ലാവാ പ്രവാഹത്തില്‍ തുടച്ച് നീക്കപ്പെട്ടതായാണ് വാര്‍ത്തകള്‍. ഇതിന് മുമ്പ് തന്നെ ഗ്രാമവാസികളെ സുരക്ഷിത സ്ഥലങ്ങലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 

വടക്ക്-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു ദ്വീപ് സമൂഹമായ കാനറി ദ്വീപുകളുടെ ഭാഗമാണ് ലാ പാൽമയും.  ദ്വീപിന് 35 കിലോമീറ്റർ (22 മൈൽ) നീളവും 20 കിലോമീറ്റർ (12 മൈൽ) വീതിയുമാണുള്ളത്. 

ദ്വീപ് തലസ്ഥാനമായ സാന്താക്രൂസ് ചാരം കൊണ്ട് ഏതാണ്ട് പൂര്‍ണ്ണമായും മൂടിക്കഴിഞ്ഞു. അതേസമയം 50 വര്‍ഷത്തിന് ശേഷം വീണ്ടും സജീവമായ കുംബ്രെ വിജ അഗ്നിപർവ്വതത്തിനടിയിൽ ആഴ്ചകളായി ചെറിയ ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഭൂമിശാസ്ത്രജ്ഞർ റിപ്പോര്‍ട്ട് ചെയ്തു. 

ദ്വീപിന് ചുറ്റും ശക്തമായ പുകമൂടലാണ് ഉള്ളത്. ഇത് മൂലം ദ്വീപ് സമൂഹങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാ പൽമയിലെക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. 

ദ്വീപസമൂഹത്തിലോ പ്രധാന എയർ റൂട്ടുകളിലോ മറ്റ് എയർപോർട്ടുകൾക്കോ വലിയ സുരക്ഷാ ഭീഷണികള്‍ ഇല്ലെന്നും എന്നാല്‍ അഗ്നിപര്‍വ്വത സ്ഫോടനം എത്രത്തോളം നീണ്ടുനിൽക്കുമെന്ന് നിർണ്ണയിക്കാൻ അസാധ്യമാണെന്നും വിദഗ്ദ്ധർ പറഞ്ഞു. 

ദ്വീപസമൂഹത്തിലെ പഴയ ചില പൊട്ടിത്തെറികള്‍ ആഴ്ചകളോളവും മറ്റ് ചിലത് മാസങ്ങളോളവും നിലനിന്നിരുന്നു. ഇതിനിടെ സ്പെയിനിലെ നാഷണൽ ജിയോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് അഗ്നി പര്‍വ്വതത്തിന് ഏഴ് കിലോമീറ്റർ സമീപത്ത് വരെ എത്തിയെന്ന് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!