സിംഹങ്ങളെ കണ്ടെത്താമെന്ന പ്രതീക്ഷയോടെ ഞങ്ങൾ സൂര്യോദയ സമയത്ത് ക്യാമ്പിൽ നിന്ന് പുറപ്പെട്ടു, നദീതീരത്ത് നിന്ന് ചില ചിത്രങ്ങളെടുക്കാനായിരുന്നു ഞങ്ങളുടെ ഉദ്ദേശം എന്നാല്‍ ലഭിച്ചതാകട്ടെ സിംഹത്തെ നേരിടുന്ന ഞണ്ടിനെ ആയിരുന്നുവെന്ന് റഗ്ഗിറോ ബാരെറ്റോ പറയുന്നു.
നദീ തീരത്ത് പല സ്ഥലത്തായി അഞ്ച് പെണ്‍ സിംഹങ്ങള്‍ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അതുവഴിയൊരു ഞണ്ട് വന്നത്. സാധാരണ ഞണ്ടുകള്‍ പകല്‍ സമയത്ത് അങ്ങനെ പുറത്തിറങ്ങാറില്ല.
നദി മുറിച്ച് കടക്കാനായെത്തിയ ഞണ്ട് പെട്ടതാകട്ടെ സിംഹത്തിന്‍റെ മുന്നില്‍. കാട്ടിലെ രാജാവായ തന്‍റെ മുന്നിലേക്ക് ഒരു ഇത്തിരി കുഞ്ഞന്‍ നടന്ന് വരുന്നത് കണ്ട സിംഹിണി അതിനടുത്ത് പോയി മണത്ത് നോക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിന്‍കാലുകളില്‍ ഉയര്‍ന്ന് നിന്ന് ഞണ്ട് തന്‍റെ ഇറുക്കന്‍ കൈകള്‍ ആവുന്നത്ര ഉയരത്തില്‍ ഉയര്‍ത്തി.
പെട്ടന്ന് ഇത്തിരി കുഞ്ഞന്‍റെ പ്രവര്‍ത്തി കണ്ടപ്പോള്‍ സിംഹിണി ഒന്ന് ശങ്കിച്ചു. എങ്കിലും അതിനെ പിന്തുടര്‍ന്നു. സിംഹിണിയില്‍ നിന്നും രക്ഷപ്പെടാനായി ഞണ്ട് പതുക്കെ പുറകോട്ട് നടന്നു. പക്ഷേ വേഗം കുറവായതിനാല്‍ സിംഹിണിക്ക് ബോറടിച്ചതായി തോന്നി. എങ്കിലും ഞണ്ടിനെ വിട്ടില്ല.
ഇത് കണ്ട് നിന്ന മറ്റ് നാല് സിംഹിണികള്‍ കൂടി ഞണ്ടിന് ചുറ്റും കൂടി. എന്നാല്‍ ആര്‍ക്കും അടുക്കാന്‍ ധൈര്യമില്ലായിരുന്നു. ഒന്ന് കാലുയര്‍ത്തി തൊടാന്‍ പോലും അവര്‍ ശ്രമിച്ചില്ല.
അങ്ങനെയെന്തെങ്കിലും നീക്കം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതിന് മുമ്പേ ഞണ്ട് തന്‍റെ കൈകള്‍ ഉയര്‍ത്തി ഇറുക്കാനായി തയ്യാറെടുക്കും ഇത് കാണ്ട മാത്രയില്‍ സിംബിണികള്‍ പിന്തിരിയും. അവസാനം അവയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് ഞണ്ട് തന്‍റെ കുഴിയിലേക്ക് തന്നെ തിരിച്ച് പോയി.മൂന്നടി ഉയരവും 275 പൌണ്ട് ഭാരവുമുള്ള സിംഹിണികള്‍ ഒടുവില്‍ ഞണ്ടിന്‍റെ മുന്നില്‍ തോറ്റുപോയതായി റോബിൻ സെവെൽ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഞണ്ടുകള്‍ തേണ്ടാ ഞണ്ടു (coconut crab) കളാണെന്നും ഇവയ്ക്ക് 18 ഇഞ്ച് വരെ വളരാന്‍ കഴിയുമെന്നും മറൈൻ ബയോളജിസ്റ്റ് ഷിനിച്ചിരോ ഓക പറയുന്നു. സിംഹം ഏല്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേദന സമ്മാനിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona