Climate Change: ഓസ്ട്രേലിയയില്‍ കനത്ത മഞ്ഞ് വീഴ്ച്ചയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

First Published | May 30, 2022, 1:29 PM IST

കാലാവസ്ഥാ വ്യതിയാനം (Climate Change) ഓസ്ട്രേലിയയുടെ (Australia) കിഴക്കന്‍ തീരത്ത് അതിശൈത്യകാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്. ശൈത്യത്തോടൊപ്പം ശക്തമായ കാറ്റും പേമാരിയും കൂടിയായതോടെ ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് ജീവിതം ദുസഹമായി. ന്യൂ സൗത്ത് വെയിൽസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അസാധാരണമായ തണുപ്പുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷമായിരിക്കും വരുന്ന് ദിവസങ്ങളിലെന്ന് ഒന്നിലധികം കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു കഴിഞ്ഞു. സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ, ടാസ്മാനിയ, തുടങ്ങി തെക്ക്-കിഴക്ക് പടിഞ്ഞാറൻ ഓസ്‌ട്രേലിയ മുതൽ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിൽ ഇപ്പോൾ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്. രാജ്യത്ത് ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിക്കൽ (Bureau of Meteorology) പ്രവചിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ദിവസമാകും നാളെയെന്നും കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യത്തില്‍ രാജ്യത്ത് ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളില്‍ ആറിലും താപനില ഒറ്റ അക്കത്തിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. 

കാൻബെറയില്‍ 1C യായിരുന്നു താപനിലയെങ്കില്‍ ഹോബാർട്ടിൽ ഫ്രിജിറ്റ് 4C അനുഭവപ്പെടും. പെർത്തില്‍  5C-ൽ നേരിയ തോതിൽ മെച്ചപ്പെടും. സിഡ്‌നിയിലും മെൽബണിലും 8C താഴ്ന്ന താപനിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. 

സിഡ്നിയില്‍  7C വരെ താപനില താഴ്ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ഡുബോ (Dubbo), മുഡ്ഗീ (Mudgee), വടക്കൻ ടേബിൾലാൻഡ്‌സ് എന്നിവിടങ്ങളില്‍ താപനില പൂജ്യത്തിന് താഴെയ്ക്ക് പോകും. 


സിഡ്നി ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സിന്‍റെ (New South Wales) തീരപ്രദേശത്ത് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ വിക്ടോറിയയിൽ മല്ലീ, സംസ്ഥാനത്തിന്‍റെ വടക്ക് പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. 

തെക്കന്‍ ഓസ്‌ട്രേലിയയില്‍ അപകടകരമായ തരത്തില്‍ സമുദ്രം കാണപ്പെടും. രാജ്യത്തിന്‍റെ കിഴക്കും വിക്ടോറിയയിലും ഹിമപാതങ്ങൾ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദ്രനിരപ്പിൽ നിന്ന് 1,200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ പോലും തിങ്കളാഴ്ച മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും ചൊവ്വാഴ്ചയോടെ ഇത് 700 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിൽ 90 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാന്‍ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ കാലാവസ്ഥ പൂര്‍വ്വ സ്ഥിതിയിലാകുമെങ്കിലും ചൊവ്വാഴ്ച രാവിലെ അത് ഉച്ചസ്ഥായിയിലെത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അന്‍റാർട്ടിക്കയിൽ നിന്ന് രാജ്യത്തിന്‍റെ തെക്ക് ഭാഗത്തേക്ക് 'ധ്രുവീയ തരംഗ' (polar surge) ത്തിന് സാധ്യതയും പ്രവചിക്കപ്പെടുന്നു. 

തെക്കന്‍ ഭാഗത്ത് വീശുന്ന ധ്രുവീയ തരംഗം വടക്ക് കിഴക്കന്‍ സംസ്ഥാനമായ ക്വീൻസ്ലാൻഡ് വരെയെത്താം. അതോടൊപ്പം സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. ഈ ലാ നിന ( La Nina) പ്രതിഭാസം ശൈത്യകാലം വരെ നീണ്ട് നില്‍ക്കാമെന്നും പ്രവചിക്കുന്നു. 

ഇതോടൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാകുന്ന ദ്വിധ്രുവ പ്രതിഭാസം (Indian Ocean dipole) പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ശക്തമായ മഴയ്ക്ക് കാരണമാകും. അന്‍റാർട്ടിക് വായുവിന്‍റെ തണുത്തുറയുന്ന സ്ഫോടനാത്മകമായ ആദ്യം പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ താഴ്ന്ന പ്രദേശങ്ങളില്‍ പതിക്കുമെന്നും പിന്നീട് ഇത് കിഴക്ക് അഡ്‌ലെയ്ഡ്, മെൽബൺ, സിഡ്‌നി എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് രാജ്യത്തിന്‍റെ വടക്കന്‍ സംസ്ഥാനങ്ങളിലൂടെ നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ജോയൽ പിപ്പാർഡ് മുന്നറിയിപ്പ് നല്‍കുന്നു. 

'ശനിയാഴ്‌ച ഓസ്‌ട്രേലിയയോട് അടുക്കുമ്പോൾ, ഈർപ്പം അടിക്കുന്ന തണുത്ത വായുവിന്‍റെ ഈ പ്രത്യേകത കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ ഈർപ്പം നിറഞ്ഞ ഉപ ഉഷ്ണമേഖലാ ന്യൂനമർദവും കിഴക്കൻ തീരത്ത് താഴ്ന്ന ഒരു ടാസ്മാനും തണുത്ത വായുവുമായി സംയോജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

18 മാസം മുമ്പ് ആരംഭിച്ച ലാ നിന പ്രതിഭാസം റെക്കോർഡ് മഴയും വെള്ളപ്പൊക്കവും കൊണ്ട് ഓസ്‌ട്രേലിയയെ തകർത്തുകഴിഞ്ഞു. ഈ കാലാവസ്ഥാ പ്രതിഭാസം സെപ്‌റ്റംബര്‍ വരെ നിലനിൽക്കാൻ സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. 

കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഇന്‍റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ആൻഡ് സൊസൈറ്റിയും യുഎസ് ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്‍ററും പറയുന്നത് ശൈത്യകാലം മുഴുവൻ ലാ നിന പ്രതിഭാസം നിലനില്‍ക്കാന്‍ 63 ശതമാനം സാധ്യതയുണ്ടെന്നും ഇത് വസന്തകാലം വരെ തുടരാനുള്ള സാധ്യത 58 ശതമാനമാണെന്നുമാണ്. 

നാളെ മുതല്‍ തെക്ക്  പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും വിക്ടോറിയൻ തീരപ്രദേശത്തും ശക്തമായ കാറ്റും മഴയും ഉണ്ടാകും. പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് മൂന്നാമത്തെ ഏറ്റവും കുറഞ്ഞ ശരത്കാല താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

ജൂണ്‍ പകുതിയോട് കൂടിയാണ് സാധാരണ ഓസ്ട്രേലിയയില്‍ മ‍ഞ്ഞ് കാലം തുടങ്ങുന്നതെങ്കിലും ഇത്തവണ അത് നേരത്തെ എത്തി. ഇതോടെ കാലാവസ്ഥാ വ്യതിയാനം ഓസ്ട്രേലിയയില്‍ ശക്തമായ സാന്നധ്യം അറിയിച്ച് തുടങ്ങിയിരിക്കുന്നു. 
 

Latest Videos

click me!