യൂറോപ്പ് മുതല്‍ ചൈന വരെ; വരള്‍ച്ചയില്‍ വെളിപ്പെട്ടത് ചരിത്രാതീത സ്മാരകങ്ങള്‍

First Published | Aug 23, 2022, 11:29 AM IST

കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തില്‍ മറഞ്ഞിരുന്ന പല അത്ഭുതങ്ങളും പുറം ലോകത്തിന് മുമ്പില്‍ വെളിപ്പെടുകയാണ്. ചരിത്രാതീതകാലത്ത് മനുഷ്യ നിര്‍മ്മിതമായവയാണ് ഇവയില്‍ പലതും. കാലാവസ്ഥാ വ്യതിയാനം പല വന്‍കരകളിലും ശക്തമായ ഉഷ്ണതരംഗത്തിന് കാരണമായി. ഇതേ തുടര്‍ന്ന് ജലാശയങ്ങളും നദികളും വറ്റിവരണ്ടു. നൂറ്റാണ്ടുകളായി നിറഞ്ഞിരുന്ന ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞപ്പോള്‍ മറഞ്ഞിരുന്ന പല ചരിത്രാതീത വസ്തുക്കളും വെളിപ്പെട്ടു. യൂറോപ്പ് മുതല്‍ ചൈനയില്‍ വരെ ഈ പ്രതിഭാസം പ്രകടമായെന്ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ നൂറ്റാണ്ടുകളായി മുങ്ങിക്കിടക്കുന്ന കപ്പലുകള്‍, സ്ഥലങ്ങള്‍, പ്രതിമകള്‍, ശില്പങ്ങള്‍, രേഖാ ചിത്രങ്ങള്‍, ശിലോ ലിഖിതങ്ങള്‍ എന്നിങ്ങനെ പലതും വെള്ളിപ്പെട്ടു. 500 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് യൂറോപ്പ് ഇന്ന് കടന്ന് പോകുന്നത്. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ക്കപ്പെട്ട കപ്പലുകള്‍, സ്പാനിഷ് സ്റ്റോണ്‍ഹെഞ്ച് എന്ന ചരിത്രാതീത ശിലാവൃത്തം, വിശപ്പ് കല്ലുകള്‍, മറ്റ് കല്ല് ലിഖിതങ്ങള്‍ എന്നിവ വെളിപ്പെട്ടു. ചൈനയില്‍ ഒരു ദ്വീപ് തന്നെ ജലപ്പരപ്പിന് മുകളില്‍ ഉയര്‍ന്നുവന്നു. അതോടൊപ്പം കല്ലില്‍ കൊത്തിയ മൂന്ന് ബുദ്ധപ്രതിമകളും. യുഎസിലാകട്ടെ ഒരു പരമ്പര കൊലപാതകത്തിന്‍റെ തെളിവുകളാണ് വെളിപ്പെട്ടത്. 

ലോകമെമ്പാടും നദികൾ അപകടകരമാം വിധം താഴ്ന്ന നിലയിലേക്ക് വറ്റിയതായി കണക്കുകള്‍ കാണിക്കുന്നു. ഉഷ്ണതരംഗങ്ങളും വരൾച്ചയും കാട്ടുതീയും ലോകം ഇതുവരെ കാണാത്തതരത്തിലാണ് പല വന്‍കരകളിലും പടര്‍ന്ന് പിടിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ജർമ്മനിയിലേക്ക് ഒഴുകുന്ന എൽബെ നദിക്കരയിൽ,  'എന്നെ കണ്ടാൽ കരയുക'  എന്ന ശിലാലിഖിതമുള്ള 'വിശപ്പു കല്ലുകൾ' എന്ന് പേരിട്ടിരിക്കുന്ന 'അശുഭകര' മെന്ന് പ്രാദേശിക ജനത വിളിക്കുന്ന ശിലാലിഖിതങ്ങളാണ് വെളിപ്പെടുത്തിയത്. 

നൂറ്റാണ്ടുകള്‍ക്ക് മമ്പ് ഈ പ്രദേശം കഠിനമായ വരള്‍ച്ചയെ നേരിട്ടപ്പോള്‍, പ്രദേശവാസികള്‍ അടുത്ത തലമുറയ്ക്കായി എഴുതിയ ലിഖിതങ്ങളാണിവയെന്ന് കരുതുന്നു. വരുന്ന തലമുറയോടുള്ള ചരിത്രാതീത മനുഷ്യന്‍റെ മുന്നറിയിപ്പുകളായും ഇവയെ കണക്കാക്കുന്നു. അതോടൊപ്പം സമീപ വര്‍ഷങ്ങളിലുണ്ടായ വളര്‍ച്ചയെ രേഖപ്പെടുത്തിയ കല്ലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 


ഇങ്ങനെ കണ്ടെത്തിയ കല്ലുകളില്‍ അവ വെളിപ്പെട്ട വര്‍ഷങ്ങളും രേഖപ്പെടുത്തിയിരുന്നു. ഫ്രാങ്ക്ഫർട്ടിന് തെക്ക്, റൈൻഡോർഫ്, ലെവർകുസൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കല്ലുകളിൽ  1947, 1959, 2003, 2018 എന്നീ വർഷങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അക്കൂട്ടത്തില്‍ 2022 എന്ന് രേഖപ്പെടുത്തിയ കല്ലുകളും ഉണ്ടായിരുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് സെർബിയയുടെ തുറമുഖ നഗരമായ പ്രഹോവോയ്ക്ക് സമീപം മുങ്ങിയ ഡസൻ കണക്കിന് സ്ഫോടകവസ്തുക്കൾ നിറച്ച ജർമ്മൻ യുദ്ധക്കപ്പലുകളും ഇത്തവണത്തെ വരൾച്ച തുറന്നുകാട്ടി. 1944-ൽ സോവിയറ്റ് സേനയുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് പോയ ജര്‍മ്മനിയുടെ കരിങ്കടല്‍ കപ്പലാണ് ഡാന്യൂബ് നദിയില്‍  വെളിപ്പെട്ടത്.

കിഴക്കൻ സെർബിയയിലെ പ്രഹോവോയ്ക്ക് സമീപത്ത് കൂടിയൊഴുകുന്ന ഡാന്യൂബ് നദിയില്‍ 20 തില്‍ അധികം കപ്പല്‍ച്ഛേദങ്ങളാണ് കണ്ടെത്തിയത്. അവയില്‍ ജീര്‍ണ്ണിച്ച പല കപ്പലുകളിലും ഇപ്പോഴും ടണ്‍ കണക്കിന് വെടിമരുന്നുകളും സ്ഫോടകവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവ സമീപത്തെ ടൗണ്‍ഷിപ്പിന് ഏപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'പ്രഹോവോയിലെ ജനങ്ങളെ, അതായത് ഞങ്ങളെ, ഭീഷണിപ്പെടുത്തുന്ന ഒരു വലിയ പാരിസ്ഥിതിക ദുരന്തമാണ് ജർമ്മൻ കപ്പല്‍ച്ഛേദങ്ങള്‍ അവശേഷിപ്പിച്ചത്.' ജര്‍മ്മന്‍ കപ്പലുകളെ കുറിച്ച് പുസ്തകം എഴുതിയിട്ടുള്ള വെലിമിർ ട്രാജിലോവിച്ച് (74) പറയുന്നു. റഷ്യയിലെ വോള്‍ഗാ നദി കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഡാന്യൂബ് നദി. 

മധ്യയൂറോപ്പില്‍ നിന്നാരംഭിച്ച് തെക്ക് കിഴക്കന്‍ യൂറോപ്പിലാണ് നദി സമുദ്രത്തില്‍ ചേരുന്നത്. പത്ത് രാജ്യാതിര്‍ത്തികളിലൂടെ കടന്ന് പോകുന്ന നദിക്ക് സെർബിയൻ നഗരമായ നോവി സാഡിലൂടെ ഒഴുകുന്നിടത്ത് സാധാരണയായി നൂറുകണക്കിന് മീറ്റർ വീതിയുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു പ്രധാന യുദ്ധ മുഖമായിരുന്നു ഈ നദി. 

2022 ലെ ഉഷ്ണതരംഗങ്ങളും കാട്ടുതീയും വരള്‍ച്ചയും തുടര്‍ന്ന് നദി പല ഇടങ്ങളിലും വറ്റി വരണ്ടു. ഇന്ന് ഇടുങ്ങിയ ഒരു നീര്‍ച്ചാലിന് സമാനമാണ് പല ഇടങ്ങളിലും ഡാന്യൂബ് നദി. ഇതോടെ ഇതുവഴി ഒരു ദിവസം നടന്നിരുന്ന ലക്ഷക്കണക്കിന് ടണ്‍ ചരക്ക് ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു. നീണ്ട ഡ്രെഡ്ജിങ്ങുകള്‍ നടത്തി, നദിയുടെ ആഴം കൂട്ടി, ചരക്ക് ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് സെര്‍ബിയ.

വരള്‍ച്ച സ്പെയില്‍ വെളിപ്പെടുത്തിയത് ചരിത്രാതീത കാലത്തെ മറ്റൊരു അത്ഭുതമാണ്. 'സ്പാനിഷ് സ്റ്റോൺഹെഞ്ച്' എന്ന് വിളിക്കുന്ന ഈ ചരിത്രാതീത ശിലാവൃത്തം സംരക്ഷണ സ്മാരകമാക്കണമെന്ന ആവശ്യം സ്പെനില്‍ ഉയര്‍ന്നു കഴിഞ്ഞു. ഡോൾമെൻ ഓഫ് ഗ്വാഡൽപെറൽ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കല്ല് വൃത്തം കാസെറസിലെ സെൻട്രൽ പ്രവിശ്യയിലെ വാൽഡെക്കനാസ് ജലാശയത്തിലാണ് വെളിപ്പെട്ടത്. 

വാൽഡെക്കനാസ് ജലാശയത്തില്‍ ജലനിരപ്പ് ശേഷിയുടെ 28 ശതമാനമാണ് ഇത്തവണ കുറഞ്ഞത്. ഇതിന് മുമ്പ് ഈ ചരിത്രാതീത കല്ല് വൃത്തം കണ്ടെത്തിയത് 1926 ലാണ്. അന്ന്  ജർമ്മൻ പുരാവസ്തു ഗവേഷകനായ ഹ്യൂഗോ ഒബർമെയർ ആണ് ഇത് കണ്ടെത്തിയത്. എന്നാൽ 1963 ൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യം ഈ പ്രദേശത്ത് ഒരു ജലസേചനപദ്ധി കൊണ്ടുവരികയും പ്രദേശത്തെ അപ്പാടെ മുക്കിക്കളയുകയും ചെയ്തു. അതിന് ശേഷം കഠിനമായ വരള്‍ച്ച രേഖപ്പെടുത്തിയ നാല് തവണ മാത്രമാണ് ഈ കല്ല് വൃത്തം ജലാശയത്തിന് പുറത്ത് ദൃശ്യമായിരുന്നത്.

വരള്‍ച്ചെയെ തുടര്‍ന്ന് ഇറ്റലിയിലെ പോ നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജൂലൈ അവസാനത്തോടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ നദിയില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ വെളിപ്പെട്ടത്  450 കിലോഗ്രാം ഭാരമുള്ള രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബായിരുന്നു. ഈ മാസം ആദ്യം ബോംബ് നിര്‍വീര്യമാക്കിയ ശേഷം യുഎസ് നിർമ്മിത ഉപകരണത്തിന്‍റെ സഹായത്തോടെ നിയന്ത്രിത സ്ഫോടനം നടത്തി. 

ഇതിന് മുമ്പായി മാന്‍റുവ നഗരത്തിന് സമീപമുള്ള വടക്കന്‍ ഗ്രാമമായ ബോര്‍ഗോ വിര്‍ജിലിയോയ്ക്ക് സമീപത്തെ മൂവായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. റോമിലെ ടൈബർ നദിയിലെ ജലനിരപ്പ് താഴുന്നപ്പോള്‍ വെളിപ്പെട്ടത് നീറോ ചക്രവര്‍ത്തിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട പുരാതന പാലത്തിന്‍റെ അവശിഷ്ടങ്ങളായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ നീറോ ചക്രവർത്തിയുടെ കീഴിലാണ് പാലം നിർമ്മിച്ചത്. ഇതോടെ നദിയുടെ വലത് കരയിലുള്ള തന്‍റെ അമ്മ അഗ്രിപ്പിനയുടെ വീട്ടിലേക്ക് പോകാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. 

നദികളും തടാകങ്ങളും വറ്റിവരളുന്ന  പ്രതിഭാസം യൂറോപ്പിൽ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. യാങ്‌സി നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ചൈനയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്‌കിംഗിൽ വെള്ളത്തിനടിയിലായ ഒരു ദ്വീപ് ഉയര്‍ന്നുവന്നു. ഫോയെലിയാങ് എന്ന ദ്വീപില്‍ പാറയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് 600 വര്‍ഷം പഴക്കമുള്ള മൂന്ന് ബുദ്ധ പ്രതിമകളും കണ്ടെത്തി. 

ഇത് മിംഗ്, ക്വിംഗ് രാജവംശങ്ങളുടെ കാലത്ത് നിർമ്മിച്ചവയാണ്. പ്രതിമകളിലൊന്ന് താമര പീഠത്തിൽ ഇരിക്കുന്ന ഒരു ബുദ്ധ സന്യാസിയുടെ ശില്പമായിരുന്നു. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വരൾച്ചയും ഉഷ്ണതരംഗവും യാങ്‌സിയിലെ ജലനിരപ്പ് അതിവേഗം കുറയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജൂലൈ മുതൽ യാങ്‌സി നദീതടത്തിലെ മഴ സാധാരണയേക്കാൾ 45 ശതമാനം കുറവാണ്. പ്രദേശത്ത് അടുത്ത ഒരാഴ്ച വരെ ഉയര്‍ന്ന് താപനിലയായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ചോങ്‌കിംഗിലെ 34 കൗണ്ടികളിലായുള്ള 66 നദികൾ വറ്റിയതായി സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ സിസിടിവി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

യുഎസിലെ വരള്‍ച്ച പുറത്തെത്തിച്ചത് ഒരു കൊലപാതക പരമ്പരയുടെ തെളിവുകളായിരുന്നു. ലാസ് വെഗാസില്‍ അതിവേഗം വറ്റിക്കൊണ്ടിരിക്കുന്ന മീഡ് തടാകത്തിന്‍റെ അടിത്തട്ടിൽ നിന്ന് അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇത് മാഫിയാ കൊലപാതകങ്ങളാണെന്ന് കരുതുന്നു. 1970 കളിലും 1980 കളിലും ലാസ് വെഗാസില്‍ അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു. ഇതിന്‍റെ ഭാഗമായിരുന്നിരിക്കാം ഈ കൊലപാതകങ്ങളുമെന്ന് കരുതുന്നു. 

കണ്ടെത്തിയ തലയോട്ടികളില്‍ വെടിയേറ്റിരുന്നു. മാത്രമല്ല ലഭിച്ച മൃതദേഹങ്ങള്‍ കൊലപ്പെടുത്തിയ ശേഷം ശവശരീരം വീപ്പയില്‍ നിറച്ചശേഷം തടാകത്തില്‍ നിക്ഷേപിച്ചവയാണെന്ന് കരുതുന്നു. സ്വിം ബീച്ച് ഏരിയയിൽ നിന്ന് ഈ മാസം രണ്ട് സെറ്റ് അസ്ഥികൂാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ആൾക്കൂട്ട കൊലപാതകം അന്വേഷിക്കുന്ന യുഎസ് ഡിറ്റക്ടീവുകൾ വ്യാഴാഴ്ച ബാരലിനുള്ളിൽ ആദ്യത്തെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തോക്ക് കണ്ടെത്തിയതായി അറിയിച്ചു. 

ഒരു മാധ്യമപ്രവർത്തകൻ കണ്ടെത്തിയ ആയുധം ബാരൽ കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് വക്താവ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ഭൂരിഭാഗവും പിടിമുറുക്കുന്ന ചരിത്രപരമായ വരൾച്ച ജലസ്രോതസ്സുകൾ ഏതാണ്ടെല്ലാം വറ്റിച്ചുകഴിഞ്ഞു. ജലസംഭരണികളും തടാകങ്ങളും റെക്കോർഡ് നിലയിലേക്ക് താഴ്ന്നു. മീഡ് തടാകം ഒരിക്കൽ സമുദ്രനിരപ്പിൽ നിന്ന് 1,200 അടി (365 മീറ്റർ) ഉയരത്തിലായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഇത് 1040 അടിമാത്രമായി ചുരുങ്ങി.  1930 കളിൽ റിസർവോയർ നിറഞ്ഞതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജലനിരപ്പിന് അടുത്താണിത്. ഊർജ്ജത്തിനായി ഹൈഡ്രോകാർബണുകൾ അനിയന്ത്രിതമായി കത്തിക്കുന്നതിലൂടെ, ഭൂമിയില്‍ മനുഷ്യ സൃഷ്ടിയായിത്തീരുന്ന കാലാവസ്ഥാ വ്യതിയാനം സ്വാഭാവിക വരൾച്ചയെ കൂടുതല്‍ വഷളാക്കുകയാണെന്ന് ശാസ്ത്രലോകം വീണ്ടും വീണ്ടും പറയുന്നു. 

Latest Videos

click me!