അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‍വാന്‍ സന്ദര്‍ശനമാണ് ചൈനയെ പ്രകോപിപ്പിച്ചതും തായ്‍വാന്‍റെ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് വച്ച് സൈനികാഭ്യാസത്തിന് പ്രേരിപ്പിച്ചതും. വെള്ളിയാഴ്ച രാവിലെ തന്നെ ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും തായ്‌വാൻ കടലിടുക്കിലെ 'മധ്യരേഖ' കടന്നതായി തായ്‌പേയ് റിപ്പോർട്ട് ചെയ്തു.
'രാവിലെ 11 മണി വരെ, ചൈനീസ് യുദ്ധവിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും ഒന്നിലധികം ബാച്ചുകൾ തായ്‌വാൻ കടലിടുക്കിന് ചുറ്റും അഭ്യാസം നടത്തുകയും കടലിടുക്കിന്‍റെ മധ്യരേഖ മുറിച്ചുകടക്കുകയും ചെയ്തു,' തായ്‌പേയ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
2020-ലാണ് ഈ അനൗദ്യോഗിക അതിർത്തി നിലവിലില്ലെന്ന് ചൈന പ്രഖ്യാപിച്ചത്. അന്ന് മുതൽ ചൈനീസ് കടന്നുകയറ്റങ്ങൾ കൂടുതൽ സാധാരണമായി മാറിയെന്നും തായ്‍വാന്‍ ആരോപിച്ചു. ചൈനീസ് ദ്വീപായ പിംഗ്ടാനിന് മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങള്‍ നിരവധി തവണ പറന്നതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തായ്‌വാൻ കടലിടുക്കിലൂടെ ചൈനീസ് സൈനിക കപ്പല്‍ സഞ്ചരിക്കുന്നതും കാണാമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വയം ഭരണമുള്ള ജനാധിപത്യ ദ്വീപായ തായ്‍വാനിലേക്കുള്ള പെലോസിയുടെ സന്ദർശനത്തിന് 'ആവശ്യമായ' പ്രതികരണമാണ്' തങ്ങള്‍ നടത്തുന്നതെന്ന് ചൈന അവകാശപ്പെട്ടു.
എന്നാൽ ചൈനീസ് നേതാക്കന്മാരുടെ പ്രതികരണം അമിതമായിരുന്നെന്ന് അമേരിക്ക തിരിച്ചടിച്ചു. ആഴ്ചകൾക്ക് മുമ്പ് യുഎസ് പുരുഷ സെനറ്റർമാരുടെ സമാനമായ സന്ദർശനം പ്രതികരണമില്ലാതെ കടന്നുപോയി. എന്നാല്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ ചൈന വലിയ പ്രശ്നമായി അനാവശ്യമായി ഉയര്‍ത്തിക്കാട്ടുകയാണെന്നും യുഎസ് ആരോപിച്ചു.
പെലോസിയെ വലിയ ആഘോഷത്തോടെയാണ് തായ്‍വാനിലെ ജനങ്ങള്‍ സ്വീകരിച്ചതെന്നും യുഎസ് ചൂണ്ടിക്കാട്ടി. ദ്വീപിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ തായ്‍പേയ് 101 എന്ന അംബരചുംബിയായ കെട്ടിടത്തില്‍ 'സ്പീക്കർ പെലോസിക്ക് സ്വാഗതം' എന്ന കൂട്ടന്‍ ബോർഡുകൾ ഒരുക്കിയിരുന്നു.
തായ്‍വാനെ ഒറ്റപ്പെടുത്താന്‍ ചൈനയെ അനുവദിക്കില്ലെന്ന് തന്‍റെ സന്ദര്‍ശനത്തെ ന്യായികരിച്ച് പെലോസി വീണ്ടും രംഗത്തെത്തി. ഏഷ്യാ പര്യടനത്തിന്‍റെ അവസാന ഘട്ടത്തിൽ ജപ്പാന്‍ നഗരമായ ടോക്കിയോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
'ഞങ്ങളുടെ പ്രാതിനിധ്യം ഏഷ്യയിലെ നിലവിലെ സ്ഥിതി മാറ്റുന്നതിനോ തായ്‌വാനിലെ നിലവിലെ സ്ഥിതി മാറ്റുന്നതിനോ അല്ലെന്ന് ഞങ്ങൾ തുടക്കം മുതൽ പറഞ്ഞിരുന്നെന്നും അവര്‍ ആവര്‍ത്തിച്ചു. ഇതിനിടെ പ്രദേശത്തെ സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ തായ്‍വാന്‍ പ്രധാനമന്ത്രി സു സെങ്-ചാങ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു.
'ഞങ്ങളുടെ ദുഷ്ടനായ അയൽക്കാരൻ അതിന്‍റെ ശക്തി ഞങ്ങളുടെ വാതിൽക്കൽ കാണിക്കുമെന്നും ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളെ സൈനികാഭ്യാസത്തിലൂടെ സ്വേച്ഛാപരമായി അപകടത്തിലാക്കുമെന്നും സു സെങ്-ചാങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനിടെ ചൈനയുടെ നിലവിലെ പരിശീലനത്തിൽ തായ്‌വാന്‍റെ കിഴക്ക് ഭാഗത്ത് ഒരു 'പരമ്പരാഗത മിസൈൽ ഫയർ പവർ ആക്രമണം' കുൂടി ഉൾപ്പെടുന്നുവെന്ന് ചൈനീസ് സൈന്യം അറിയിച്ചു. സൈനീകാഭ്യാസത്തിന്‍റെ ഭാഗമായി ചൈനീസ് സൈന്യം 'പോരാളികളും ബോംബറുകളും ഉൾപ്പെടെ 100-ലധികം യുദ്ധവിമാനങ്ങളും' 'പത്തിലേറെ ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും' പറത്തിയതായി സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് മിസൈലുകൾ തായ്‌വാനിലൂടെ നേരിട്ട് പറന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു. അതോടൊപ്പം ചൈനീസ് മിസൈലുകള്‍ ജപ്പാന്‍റെ തീരപ്രദേശത്ത് നിന്ന് 200 നോട്ടിക്കൽ ദൂരെ പതിച്ചതായി ജപ്പാനും ആരോപിച്ചു. ചൈനയുടെ മിസൈൽ വിക്ഷേപണങ്ങളെ 'നമ്മുടെ ദേശീയ സുരക്ഷയെയും നമ്മുടെ പൗരന്മാരുടെ സുരക്ഷയെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം' എന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അപലപിച്ചു.
അഞ്ച് ചൈനീസ് ബാലിസ്റ്റിക് മിസൈലുകൾ ജപ്പാന്‍റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) പതിച്ചതായി കരുതപ്പെടുന്നു. അവയിൽ നാലെണ്ണം തായ്‌വാനിലെ പ്രധാന ദ്വീപിന് മുകളിലൂടെ പറന്നതായി കരുതപ്പെടുന്നുവെന്ന് ടോക്കിയോ ആരോപിച്ചു. ജപ്പാന്‍റെ തെക്കേ അറ്റത്തുള്ള ഒകിനാവ പ്രദേശത്തിന്‍റെ ഭാഗങ്ങൾ തായ്‌വാനുമായി ഏറെ അടുത്ത പ്രദേശങ്ങളാണ്. ടോക്കിയോയും ബീജിംഗും തമ്മിലുള്ള ദീർഘകാല തർക്കത്തിന്‍റെ കേന്ദ്രമായ ദ്വീപുകളാണിവ.