നിറങ്ങളില്‍ മുങ്ങി, ചിത്രം പോലെയൊരു കാട്
First Published | Oct 19, 2019, 10:22 PM ISTനീണ്ടകാലത്തെ ഉറക്കത്തിന് മുന്നോടിയായി സ്വയം നിറങ്ങളില്‍ മുങ്ങി കാഴ്ചയുടെ പ്രഭാപൂരമൊരുക്കി, ഒരുങ്ങി നില്‍ക്കുകയാണ് കാനഡയിലെ കാടുകള്‍. വരാന്‍പോകുന്ന മഞ്ഞ്കാലത്തോളം സുന്ദരമായിരിക്കും അതിന് തൊട്ട് മുമ്പുള്ള ശീതോഷ്ണകാലം. സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലെ ശീതോഷ്ണകാലാവസ്ഥയില്‍ കാനഡയിലെ കാടുകള്‍ സ്വയം ഇലകളില്‍ നിറങ്ങള്‍ തീര്‍ക്കും. പതുക്കെ തണുപ്പുകാലത്തിലേക്ക് അരിച്ചരിച്ച് മഞ്ഞുകള്‍ വീഴുമ്പോള്‍ മരങ്ങള്‍, ഇലകള്‍ പതുക്കെ പൊഴിച്ച്, വെള്ളുത്ത മഞ്ഞില്‍ പുതച്ചുറങ്ങും.
സെപ്തംബറില്‍ തുടങ്ങുന്ന ഇന്ത്യന്‍ സമ്മറിലാണ് കാനഡയിലെ കാടുകള്‍ നിറഭേദങ്ങളെ തേടുന്നത്. ഇലകൾ പച്ചയില്‍ നിന്ന് മഞ്ഞയിലേക്കുള്ള സഞ്ചാരത്തിലാകും ആദ്യം. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞയില്‍ നിന്ന് ഓറഞ്ച് നിറത്തിലേക്ക് ഇലകള്‍ കൂടുമാറും. പിന്നെ പർപ്പിൾ. ഒടുവില്‍ രക്തവര്‍ണ്ണമായി കൊഴിഞ്ഞ് ശിശിരകാലത്തേക്കായി ശിഖിരങ്ങളില്‍ മരങ്ങള്‍ ഉറങ്ങിനില്‍ക്കും. ഇതിനിടെ ഇലകളില്‍ നിറങ്ങള്‍ വാരിവീശി വലിയൊരു ക്യാന്‍വാസായി ഭൂമി മാറും. ഒക്ടോബറോടൊ മഞ്ഞുകാലം തുടങ്ങും.
1991 ല്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസം, 2008 ല്‍ കാനഡയിലാണ് ഹുസൈന്‍ ചിറത്തൊടിയെ എത്തിച്ചത്. പെപ്സികോയില്‍ ഫിനാന്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന അദ്ദേഹം 1995 മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു (Camera - Nikon D800, Lens Nikkon 28-300mm). മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് സമീപം ചെറൂക്കരയിലാണ് ഹുസൈന്‍ ചിറത്തൊടിയുടെ സ്വദേശം. അദ്ദേഹം പകര്‍ത്തിയ കനേഡിയന്‍ പ്രകൃതി വരച്ച വനക്കാഴ്ചകള്‍ കാണാം.