പാകിസ്ഥാനില്‍ 5.9 തീവ്രതയുള്ള ഭൂകമ്പം; 20 മരണം, 200 പേര്‍ക്ക് പരിക്ക്

First Published | Oct 7, 2021, 3:09 PM IST

ഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന തെക്ക് പടിഞ്ഞാറൻ പാകിസ്ഥാന്‍ പ്രവിശ്യയാ ബലൂചിസ്ഥാനിലുട നീളമുള്ള പട്ടണങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചു. ഏതാണ്ട് 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.  ക്വെറ്റ നഗരത്തിൽ നിന്ന് 60 മൈൽ കിഴക്കുള്ള പ്രദേശത്ത്, ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഒരു സ്ത്രീയും ആറ് കുട്ടികളും ഉൾപ്പെടെ 20 പേർ മരിച്ചെന്ന് ഹർനായ് ജില്ലയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ സുഹൈൽ അൻവർ ഹാഷ്മി പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 200 കവിഞ്ഞു. ഭൂകമ്പ ദുരിതത്തെ നേരിടാന്‍ കിഴക്കന്‍ പാകിസ്ഥാനിലേക്ക് രക്ഷാസംഘത്തെ അയച്ചതായി അദ്ദേഹം പറഞ്ഞു. 
 

തീവ്രത കൂടിയ ഭൂകമ്പം കുറഞ്ഞത് ആറ് നഗരങ്ങളിലും അനുബന്ധ പട്ടണങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വിദൂര പർവത ജില്ലയായ ഹർനായെയാണ് ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്.

അവിടെ മണ്ണിടിച്ചിൽ റോഡുകള്‍ തടസപ്പെട്ടതിനാല്‍ രക്ഷാപ്രവർത്തനവും വൈകി. വൈദ്യുതി ഫോണ്‍ ബന്ധങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.


പാകിസ്ഥാനിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ ഇവിടെ കൂടുതലും മണ്‍വീടുകളാണ് ഉള്ളത്. ഇവയില്‍ മിക്ക വീടുകളും നിലംപൊത്തി. 

'ഭൂകമ്പത്തിൽ 20 പേർ മരിച്ചതായിവിവരം ലഭിച്ചെന്ന് ബലൂചിസ്ഥാന്‍റെ ആഭ്യന്തര മന്ത്രി മിർ സിയ ഉള്ള ലാംഗൗ അറിയിച്ചു. 100 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും നൂറുകണക്കിന് വീണ്ടുകള്‍ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. 

ഭൂകമ്പ ബാധിത പ്രദേശം ഖനികള്‍ക്ക് പ്രശസ്തമാണ്. തണുപ്പ് കുറഞ്ഞാൽ രാത്രിയിൽ ഖനിത്തൊഴിലാളികൾ ജോലി ചെയ്യുന്നത് പാകിസ്ഥാനിൽ സാധാരണമാണ്.

ഭൂകമ്പം ഉണ്ടാകുമ്പോള്‍ തൊഴിലാളികള്‍ ഖനിക്കുള്ളിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

വിദൂര പ്രദേശങ്ങളിൽ നിന്ന് പരിക്കേറ്റവരെ അടുത്തുള്ള പ്രധാന നഗരമായ ക്വറ്റയിലേക്ക് മാറ്റാൻ കരസേനയുടെ ഹെലികോപ്റ്ററുകൾ രംഗത്തിറങ്ങി. രക്ഷാപ്രവര്‍ത്തകര്‍ ഹർണായിലേക്കുള്ള 50 ശതമാനം റോഡുകളും വൃത്തിയാക്കി. 

ശേഷിക്കുന്ന റോഡുകൾ അടുത്ത രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ വൃത്തിയാക്കുമെന്നും ബലൂചിസ്ഥാന്‍റെ ആഭ്യന്തര മന്ത്രി ലാംഗൗ കൂട്ടിച്ചേർത്തു.

ഭൂകമ്പം പ്രദേശത്തെ വൈദ്യുതി തകരാറിലാക്കി, ആശുപത്രിയിൽ വെളിച്ചമില്ലാതെയാണ് രാവിലെ വരെ പ്രവര്‍ത്തിച്ചതെന്നും വാര്‍ത്തകളുണ്ട്. 

'പുലരുന്നത് വരെ ഞങ്ങള്‍ ടോർച്ചുകളുടെയും മൊബൈൽ ഫ്ലാഷ് ലൈറ്റുകളുടെയും സഹായത്തോടെ പ്രവർത്തിക്കുകയായിരുന്നു,' ഹർനായ് ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ സഹൂർ തരിൻ എഎഫ്‌പിയോട് പറഞ്ഞു.

മരണസംഖ്യ ഇനിയും ഉയരുമെന്ന് ബലൂചിസ്ഥാൻ പ്രവിശ്യാ ദുരന്തനിവാരണ അതോറിറ്റി മേധാവി നസീർ നാസർ മുന്നറിയിപ്പ് നൽകി. കൈകാലുകൾ ഒടിഞ്ഞാണ് പരിക്കേറ്റവരിൽ ഭൂരിഭാഗവും പരിക്കേറ്റത്. പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡസൻ കണക്കിന് ആളുകളെ തിരിച്ചയച്ചെന്നും അദ്ദേഹം പറഞ്ഞു. 

ബലൂചിസ്ഥാന്‍ പ്രവിശ്യ തലസ്ഥാനമായ ക്വെറ്റ ഉൾപ്പെടെ, ഹർനായ്ക്ക് പടിഞ്ഞാറ് 170 കിലോമീറ്റർ (105 മൈൽ) പ്രദേശത്ത് ഭൂകമ്പത്തിന്‍റെ പ്രഭാവം അനുഭവപ്പെട്ടു. 

യുഎസ് ജിയോളജിക്കൽ സർവേ ഭൂകമ്പത്തിന്‍റെ തോത് റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രതയിലാണെന്ന് കണ്ടെത്തി. ഇന്ത്യ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്നതാണ് പാകിസ്ഥാന്‍റെ അതിര്‍ത്ത് പ്രദേശം.

രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനമെന്നത് ഈ പ്രദേശത്തിന്‍റെ ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

2015 ൽ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 400 ഓളം പേർ മരിച്ചിരുന്നു. 2005 ൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 73,000 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

3.5 ദശലക്ഷം ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. ഇന്ന് പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിൽ 1935 ൽ ഉണ്ടായ 7.6 തീവ്രതയുള്ള ഭൂകമ്പത്തിൽ ക്വെറ്റയിൽ മാത്രം ഏകദേശം 30,000 പേരാണ് കൊല്ലപ്പെട്ടത്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!