വടക്കൻ അഫ്ഗാനിസ്ഥാനിലുടനീളം നടന്ന ശക്തമായ ആക്രമണത്തിൽ ഇറാനും തുർക്ക്മെനിസ്ഥാനുമായുള്ള പ്രധാന അതിർത്തികൾ താലിബാൻ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. ഇറാന്‍ അതിര്‍ത്തി പട്ടണമായ ഇസ്ലാം ക്വാല, തുർക്ക്മെനിസ്ഥാന്‍റെ അതിർത്തിയിലുള്ള ടോർഗണ്ടി എന്നിവ കീഴടക്കിയതായി താലിബാന്‍ അവകാശപ്പെട്ടു.
ഇറാന്‍ അതിര്‍ത്തിയിലെ ഇസ്ലാം ക്വാലയിലെ കസ്റ്റംസ് ഓഫീസിന്‍റെ മേൽക്കൂരയിൽ നിന്ന് താലിബാൻ സൈന്യം അഫ്ഗാൻ പതാക അഴിച്ചുമാറ്റുന്നതായുള്ള വീഡിയോ ഇറാനിലെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി.
യുഎസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ ദൗത്യ സംഘം തങ്ങളുടെ അവസാന സൈനികരെയും അഫ്ഗാനില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മാറ്റുന്നതിനിടെ അഫ്ഗാനിലുടനീളം താലിബാന്‍ ശക്തിപ്രാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ 85 ശതമാനം ഭൂപ്രദേശവും തങ്ങളുടെ പോരാളികൾ ഏറ്റെടുത്തിട്ടുണ്ടെന്ന് താലിബാൻ പറയുന്നു. മറ്റ് കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ 400 ജില്ലകളിൽ മൂന്നിലൊന്നിൽ കൂടുതൽ ജില്ലകളും ( 400 ജില്ലകളില്‍ 250 ഉം ) താലിബാൻ നിയന്ത്രണത്തിലാണെന്നാണ്.
പടിഞ്ഞാറ് ഇറാനിയൻ അതിർത്തി മുതൽ ചൈനയുടെ അതിർത്തി വരെയുള്ള രാജ്യത്തിന്‍റെ വടക്കന്‍ പ്രദേശം ഏതാണ്ട് മുഴുവനായും ഇപ്പോള്‍ താലിബാന്‍റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുമ്പ് സോവിയറ്റ് യൂണിയന്‍റെയും ഇപ്പോള്‍ അമേരിക്കയുടെയും നിയന്ത്രണത്തിലുണ്ടായിരുന്ന അഫ്ഗാനിലെ ഏറ്റവും വലിയ എയര്‍ഫീല്‍ഡായ ബഗ്രാം എയർഫീൽഡിൽ നിന്ന് അമേരിക്ക കഴിഞ്ഞ ആഴ്ചയാദ്യം പിന്‍മാറിയിരുന്നു. എന്നാല്‍ ബഗ്രാം എയര്‍ഫീല്‍ഡ് അമേരിക്ക ഉപേക്ഷിക്കുകയാണെന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും വലിയ സൈനീക താവളമായിരുന്നു ബഗ്രാം എയര്‍ഫീല്‍ഡ്. പതിനായിരക്കണക്കിന് നാറ്റോ സൈകരാണ് ഇവിടെ ഉണ്ടായിരുന്നത്. ഒരു സമയത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം തടവുകാരെ പാര്‍പ്പിച്ചിരുന്ന അതിവിശാലമായ ജയിലും ഈ എയര്‍ഫീല്‍ഡിലുണ്ടായിരുന്നു.
അമേരിക്കന്‍ സൈന്യം പിന്മാറിയതിന് തൊട്ട് പിന്നാലെ ഹെറാത്ത് പ്രവിശ്യയിൽ ഇസ്ലാം ക്വാല, ടോർഗണ്ടി അതിർത്തികൾ നഷ്ടപ്പെട്ടതായി അഫ്ഗാൻ അധികൃതർ സമ്മതിച്ചു. ഇറാനിലേക്കുള്ള ഏറ്റവും വലിയ വ്യാപാര കവാടങ്ങളിലൊന്നാണ് ഇസ്ലാം ക്വാള അതിര്‍ത്തി. സർക്കാരിന് പ്രതിമാസ വരുമാനം 20 മില്യൺ ഡോളർ (14 മില്യൺ ഡോളർ) -റിന്‍റെ വരുമാനമാണ് ഈ അതിര്‍ത്തിയില്‍ നിന്നും ലഭിച്ചിരുന്നത്.
തുർക്ക്മെനിസ്ഥാനിലേക്കുള്ള രണ്ട് വ്യാപാര കവാടങ്ങളിൽ ഒന്നാണ് ടോർഗണ്ടി അതിർത്തി നഗരം. ഈ അതിര്‍ത്തകളിലും അഫ്ഗാന് അതിര്‍ത്തി ചെക്ക്പോസ്റ്റുകളുണ്ടായിരുന്നു. നഷ്ടപ്പെട്ട പ്രദേശങ്ങള്‍ പിടിക്കാന്‍ പോരാടുകയാണെന്ന് സർക്കാർ വക്താവ് പറഞ്ഞു.
അതിർത്തി യൂണിറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ അഫ്ഗാൻ സുരക്ഷാ സേനകളും ഈ പ്രദേശത്തുണ്ടെന്നും പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് താരെക് ഏരിയൻ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇസ്‌ലാം ക്വാള അതിര്‍ത്തി ഞങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് താലിബാൻ വക്താവ് അബിഹുള്ള മുജാഹിദ് പറഞ്ഞു. ഹറാത്തിലെ അഞ്ച് ജില്ലകള്‍ താലിബാൻ പോരാളികൾ ഒരു പോരാട്ടവുമില്ലാതെ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
പല പ്രദേശത്തും അഫ്ഗാന്‍ സൈന്യം ചെറുത്ത് നില്‍പ്പിന് പോലും ശ്രമിച്ചില്ലെന്നും താലിബാന്‍ സൈന്യത്തിന് നേരെ വെടി ഉതിര്‍ക്കുക പോലും ചെയ്യാതെ കീഴടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.( 2020 ജൂലൈ 9 ന് മോസ്കോയിൽ നടന്ന പത്രസമ്മേളനത്തിൽ താലിബാൻ പ്രതിനിധികളായ അബ്ദുൾ ലത്തീഫ് മൻസൂർ, ഷഹാബുദ്ദീൻ ഡെലവാർ , സുഹൈൽ ഷഹീൻ എന്നിവർ പങ്കെടുക്കുന്നു. )
താലിബാന്‍റെ യുദ്ധ നേട്ടങ്ങൾക്ക് തന്ത്രപരമായ മൂല്യമില്ലെന്ന് അഫ്ഗാൻ സർക്കാർ ആവര്‍ത്തിച്ചെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ അതിര്‍ത്തികള്‍ ശക്തമായ സാമ്പത്തീക സ്രോതസുകളാണ്.
ഇത് താലിബാനിലേക്കുള്ള സാമ്പത്തിക വരവ് ശക്തമാക്കുമെന്നും വിദഗ്ദര്‍ പറയുന്നു. മാത്രമല്ല ഈ പ്രദേശങ്ങള്‍ ഏറെ ധാതു സമ്പന്നവുമാണ്. അവ അനധികൃത പണ ഇടപാടിന് താലിബാനെ സഹായിക്കും.
ഇതിനിടെ അമേരിക്കന്‍ സൈനീകര്‍ ഉപേക്ഷിച്ച നൂറ് കണക്കിന് ട്രക്കുകളും മറ്റ് സൈനീക വാഹനങ്ങളും താലിബാനികള്‍ കൊണ്ടുപോകുന്നതിന്‍റെ വീഡിയോകളും പ്രചരിച്ചു. നിരവധി അമേരിക്കന്‍ സൈനീക വാഹനങ്ങളില്‍ താലിബന്‍ പതാകയും അറബി വാക്കുകളും എഴുതിവച്ചിരിക്കുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്.
ബഗ്രം എയര്‍ഫീല്‍ഡ് അമേരിക്ക ഉപേക്ഷിച്ചതിന് പിന്നാലെ ഇവിടെ വ്യാപക കൊള്ളനടന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി സൈനീക ഉപകരണങ്ങള്‍ അക്രമികള്‍ കവര്‍ന്നതായും അവ താലിബാന് മറിച്ച് വിറ്റിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
താലിബാനെതിരെ പോരാടാൻ സഹായിക്കുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് സംഭാവന ചെയ്തതോ വിറ്റതോ ആയ സൈനിക ഉപകരണങ്ങൾ വൻതോതിൽ താലിബാന്‍റെ കൈകളില്‍ തന്നെ എത്തിചേര്‍ന്നതായും സംശയിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സമൂഹമാധ്യത്തില്‍ പ്രസിദ്ധീകരിച്ച ചില വീഡിയോകളെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം അഫ്ഗാൻ സുരക്ഷാ സേനയിൽ നിന്ന് 700 ട്രക്കുകളും ഹംവീസുകളും ഡസൻ കണക്കിന് കവചിത വാഹനങ്ങളും പീരങ്കി സംവിധാനങ്ങളും താലിബാൻ പിടിച്ചെടുത്തെന്ന് പറയുന്നു.
ചില ജില്ലകളിലെ പ്രാദേശിക പ്രതിരോധ സേന താലിബാൻ സമ്മർദത്തെ നേരിടാന്‍ കഴിയാതെ കീഴടങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അമേരിക്കയുടെ പിന്‍ബലമില്ലാതെ അഫ്ഗാന്‍ സേനയ്ക്ക് താലിബാനെതിരെ പോരാടാന്‍ കഴിയില്ലെന്ന് അവര്‍ ചിന്തിക്കുന്നു.
ഇതിനിടെ രാജ്യത്തിന്‍റെ മധ്യ വടക്കന്‍ പ്രദേശത്ത് സ്ത്രീകള്‍ ആയുധങ്ങളുമായി തെരുവില്‍ പ്രതിഷേധം നടത്തി. താലിബാനെതിരെ പോരാടാന്‍ തങ്ങളും തയ്യാറാണെന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. താലിബാനെതിരെ പോരാടാന്‍ ഈ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഇരുപത് വര്‍ഷമായി അഫ്ഗാന്‍ സൈന്യത്തിനൊപ്പം സ്ത്രീസൈനീകരുമുണ്ട്.
അഫ്ഗാനിസ്ഥാന്‍റെ ഏതാണ്ട് 85 ശതമാനത്തോളം ഭൂമിയും കീഴടക്കിയ താലിബാന്‍ ചൈനയെ സുഹൃത്തായിട്ടാണ് കാണുന്നതെന്ന് സൌത്ത് ചൈന മോര്‍ണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈന സുഹൃത്ത് രാഷ്ട്രമാണെന്നും അഫ്ഗാന്‍റെ പുനര്‍നവീകരണത്തിന് ചൈനയെ ക്ഷണിക്കുന്നതായും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അവകാശപ്പെട്ടെന്നും സൌത്ത് ചൈന മോര്‍ണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona