തമിഴ് ഹിന്ദുക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഹിന്ദു ആരാധനാമൂര്‍ത്തിയായ മുരുകനെ സ്തുതിക്കുന്ന കൃതിയെ കളിയാക്കി കറുപ്പര്‍കൂട്ടമെന്ന പെരിയാറിസ്റ്റ് ഗ്രൂപ്പ് ഒരു സംഗീത വീഡിയോ പുറത്തിറക്കിയിരുന്നു.
ഈ വീഡിയോ ഹിന്ദുമതത്തെ നിന്ദിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മുരുകനെ സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി വെട്രിവേല്‍ യാത്ര സംഘടിപ്പിച്ചത്.
തമിഴ്നാട്ടില്‍ ഏറ്റവുമധികം വിശ്വാസികളുള്ള ഹിന്ദു ആരാധനാ മൂര്‍ത്തിയായ മുരുകന്‍റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം ഒരു മാസം നീണ്ട് നിൽക്കുന്ന സ്വീകരണ പരിപാടികളോടെയാണ് വേൽയാത്ര വിഭാവനം ചെയ്തത്.
ബാബ്റി മസ്ജിദ് തകർത്തതിന്‍റെ 28 -ാം വാർഷിക ദിനമായ ഡിസംബർ 6 ന് അവസാനിക്കുന്ന തരത്തിലാണ് വേൽ യാത്ര ക്രമീകരിച്ചിരുന്നത്. .
എന്നാല്‍ വേല്‍യാത്ര വർഗീയ വിദ്വേഷം ലക്ഷ്യമിട്ടാണ് ആരംഭിച്ചതെന്ന് ഡിഎംകെ, സിപിഎം ഉൾപ്പടെയുടെ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്‍റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചായിരുന്നു യാത്ര ആരംഭിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ യാത്രയോടൊപ്പം ചേരാനായി അടുത്ത ആഴ്ച തമിഴ്നാട്ടിലെത്തുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.
സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രജനീകാന്തിനെ വേദിയെലത്തിക്കാനും സജീവ ചർച്ചകൾ നടന്നിരുന്നു. മാറ്റത്തിന്‍റെ തുടക്കമെന്നും സമാപന സമ്മേളനം തമിഴ്നാട്ടില്‍ പുതിയ സഖ്യസമ്മേളനത്തിന്‍റെ വേദിയാകുമെന്നും ബിജെപി അവകാശപ്പെട്ടിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഡിഎംകെ സർക്കാർ വേല്‍യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. അണ്ണാഡിഎംകെയുടെ അപ്രതീക്ഷിത നീക്കത്തിൽ ബിജെപിക്കുള്ളിൽ അതൃപ്തി പുകയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന സര്‍ക്കാര്‍ യാത്ര നിഷേധിച്ചിട്ടും യാത്ര ആരംഭിച്ചത് സര്‍ക്കാറിനെ ആശയകുഴപ്പത്തിലാക്കിയിരുന്നു.തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളെ നേരിടാനുള്ള ബിജെപിയുടെ പുതിയ തന്ത്രമാണിതെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു.
യാത്രയുടെ ആരംഭിത്തില്‍ വേൽ യാത്രയെ തടയാൻ ആർക്കുമാവില്ലെന്ന് സംസ്ഥാന ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. ഇതിനേ തുടര്‍ന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്നാട്ടിൽ സർക്കാർ അനുമതിയില്ലാതെയാണ് ബിജെപിയുടെ വെട്രിവേൽ യാത്ര തുടങ്ങിയത്.
യാത്ര തുടങ്ങി അൽപ്പസമയത്തിനകം പൂനമല്ലിക്ക് സമീപത്ത് തമിഴ്നാട് പൊലീസ് യാത്രയെ തടഞ്ഞെങ്കിലും, പ്രവർത്തകരുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യാത്ര തുടരുകയായിരുന്നു.
ഒരു മാസം നീണ്ട് നില്‍ക്കുന്ന യാത്രയോടെ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായിരുന്നു ബിജെപി പദ്ധതിയിട്ടിരുന്നത്.
ഇതിനായി ദേശീയ നേതൃത്വത്തെയും കൂടുതല്‍ സിനിമാ താരങ്ങളെയും യാത്രയുടെ ഭാഗമായി രംഗത്തിറക്കാനും ബിജെപി പദ്ധതിയിട്ടിരുന്നു.
ഭാരതീയാറിന്‍റെ കവിതയും എംജിആറിന്‍റെ ചിത്രവുമായാണ് ബിജെപി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി എംജിആറിന്‍റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചാണ് വെട്രിവേൽ യാത്രയാരംഭിച്ചത്.
എംജിആറിന്‍റെ ചിത്രം യാത്രയ്ക്ക് ഉപയോഗിച്ചതില്‍ അണ്ണാഡിഎംകെയില്‍ അമർഷം പകയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വേൽയാത്രക്ക് അനുമതി നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയെ അണ്ണാ ഡിഎംകെ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സഖ്യത്തിലെ മര്യാദകൾ അണ്ണാ ഡിഎംകെ പാലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു