ഉത്തരേന്ത്യയില്‍ കനത്ത മഴ; 38 മരണം

First Published | Jul 20, 2021, 11:00 AM IST

ടക്കേ ഇന്ത്യയില്‍ തുടരുന്ന അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും 38 പേര്‍ മരിച്ചു. താനെയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു. മഹാരാഷ്ട്രാ, ഗുജറാത്ത്, ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലും കൊങ്കണ്‍ മേഖലയിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ വാപി, ഉമര്‍ഗം മേഖലയും മറ്റ് താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ടുകള്‍. മുംബൈയിലും കൊങ്കണ്‍ മേഖലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഗുഡ്ഗാവിലും ഐടിഒയിലും ഗതാഗതം സ്തംഭിച്ചു. ഒരാഴ്ച കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥനാങ്ങളിലും അടുത്ത് 24 മണിക്കൂറില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മുംബൈയിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് 38 പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്തമഴയെ തുടര്‍ന്ന് മുംബൈ നഗരത്തിന്‍റെ മിക്ക ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് പെരുമഴയെ തുടര്‍ന്ന് കനത്ത നാശമുണ്ടായത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയ്ക്കും കൊങ്കൺ മേഖലയിലെ മറ്റ് ജില്ലകൾക്കും റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച മുംബൈയില്‍ ഐ‌എം‌ഡിയുടെ സാന്‍റാക്രൂസ് നിരീക്ഷണാലയത്തിൽ 35.2 മില്ലീമീറ്റർ മഴയും അതിന്‍റെ കൊളബ കൌണ്ടർ 22.6 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. ഇതിൽ ഭൂരിഭാഗവും മഴയും ഉച്ചയ്ക്ക് മുമ്പ് തന്നെ പെയ്തിരുന്നതായും അധികൃതര്‍ പറഞ്ഞു.
ജൂലൈയിലെ ശരാശരി മഴയെ മറികടന്ന് മുംബൈയിൽ 920.1 മില്ലിമീറ്റർ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ ഇന്ന് കനത്ത മഴ ലഭിക്കുമെന്നും ഐഎംഡിയുടെ പ്രവചനമുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ തവണ ഇടിമിന്നലിനെ തുടര്‍ന്ന് നിരവധി മരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നാളെയും മറ്റന്നാളും മധ്യ മഹാരാഷ്ട്രയിലെ കൊങ്കൺ, ഗോവ, തൊട്ടടുത്തുള്ള ഘട്ട് പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
താനെ നഗരത്തിലെ കൽവ പ്രദേശത്ത് തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മാതാപിതാക്കളും അവരുടെ മൂന്നും 12 ഉം വയസ്സിനിടയിലുള്ള കുട്ടികളുമാണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ട് പെൺമക്കൾക്ക് പരിക്കേറ്റു. ഇവിടെ മൊത്തം അഞ്ച് വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു.
കാണ്ടിവാലിയുടെ താക്കൂർ സമുച്ചയത്തിലെ ഭൂഗർഭ പാർക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന 400 -ഒളം കാറുകളും നിരവധി ഓട്ടോറിക്ഷകളും സ്പോർട്സ് ബൈക്കുകളും കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിൽ മുങ്ങി.
കൽവയ്ക്ക് കിഴക്ക് ഘോലായ് നഗർ പ്രദേശത്തെ ദുർഗ ചാവലിൽ ഘോലായ് നഗർ കുന്നിന്‍റെ ഒരു ഭാഗം ഇന്നലെ രാവിലെ 11.00 ഓടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നെന്ന് താനെ റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ (ആർ‌ഡി‌എം‌സി) അറിയിച്ചു.
തിങ്കളാഴ്ച രാത്രി 8.30 വരെ 136.83 മില്ലിമീറ്റർ മഴയാണ് താനെയില്‍ രേഖപ്പെടുത്തിയത്. താനെ നഗരത്തിലെ 33 സ്ഥലങ്ങളിലും അയൽ പ്രദേശങ്ങളായ മുംബ്ര, ഭിവണ്ടി, കല്യാൺ ടൌൺ‌ഷിപ്പുകളിലും തിങ്കളാഴ്ചയും ശക്തമായ വെള്ളക്കെട്ട് ഉണ്ടായിരുന്നു. 15 മരങ്ങള്‍ കടപുഴകി. ആറോളം മണ്ണിടിച്ചിലും രേഖപ്പെടുത്തി.
മഹാരാഷ്ട്ര തീരത്ത് നിന്ന് കർണാടക തീരത്തേക്ക് അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ സമുദ്രനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ഉത്തർപ്രദേശ്, ഹരിയാന ചണ്ഡിഗണ്ട്, ദില്ലി, വടക്ക് - പടിഞ്ഞാറൻ മധ്യപ്രദേശ്, വടക്കുകിഴക്കൻ രാജസ്ഥാൻ, വടക്കൻ കൊങ്കൺ, ബീഹാർ, സബ് ഹിമാലയൻ, പശ്ചിമ ബംഗാൾ മേഘാലയ, മിസോറം, ത്രിപുര, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
രണ്ട് താഴ്ന്ന മർദ്ദ സംവിധാനങ്ങൾ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ഇരുഭാഗത്തുമായി രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒന്ന് ബംഗാൾ ഉൾക്കടലും മറ്റൊന്ന് വടക്കുകിഴക്കൻ അറേബ്യൻ കടലിലുമാണ് രൂപപ്പെട്ടത്.
എന്നിവയുടെ രൂപീകരണം മൂലം മൺസൂൺ അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ട് മാറി. എന്നാല്‍ ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനെ തുടര്‍ന്ന് മണ്‍സൂണ്‍ കിഴക്കേ അറ്റത്ത് നിന്ന് വടക്കോട്ട് സഞ്ചരിച്ച് തുടങ്ങിയതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ധാരാളം മഴലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം തലവൻ കെ സതീദേവി അറിയിച്ചു. മഹാരാഷ്ട്രയിലെയും ഗോവയിലെയും ചില തീരപ്രദേശങ്ങളിൽ 200-250 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയേക്കാം.
വള്ളക്കെട്ടില്‍ നിന്ന് തന്‍റെ്ഒട്ടോറിക്ഷയെ പുറത്ത്കടത്താന്‍ ശ്രമിക്കുന്നയാള്‍. ഒരു മുംബൈക്കാഴ്ച.
വ്യാഴാഴ്ച വരെ കനത്ത മഴയുണ്ടാകാമെന്നും ചരിവുള്ള പ്രദേശങ്ങളിൽ കനത്ത മണ്ണിടിച്ചിലും , താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് സ്കൂട്ടര്‍ തള്ളിക്കൊണ്ട് പോകുന്നവര്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!