ദില്ലിയിലേക്കുള്ള കാര്‍ഷിക മാര്‍ച്ചിനെ തടയാന്‍ അതത് സംസ്ഥാനങ്ങളിലെ പൊലീസ് വിഭാഗങ്ങളോടൊപ്പം ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ അര്‍ദ്ധ സൈനീക വിഭാഗങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കി.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് രാജ്യ തലസ്ഥാനത്തേക്കുള്ള പ്രധാനപ്പെട്ട റോഡുകളിലെല്ലാം മണ്ണും കോണ്‍ക്രീറ്റ് ബീമുകളും കൊണ്ടുവന്നിട്ട് യാത്ര തടസപ്പെടുത്തി.
ഇതിനിടെ പഞ്ചാബ്, ഹരിയാന, കർണ്ണാടക, രാജസ്ഥാൻ, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷത്തോളം കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാനായി ദില്ലിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലെത്തിയതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു.
ദില്ലിയിലെ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് രോഗനിരക്കിനെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ കര്‍ഷക മാര്‍ച്ച് തടയാന്‍ ശ്രമിക്കുന്നത്. അതിർത്തി മണ്ണിട്ട് അടച്ച് കർഷകരെ ദില്ലിയിലേക്കുള്ള പ്രധാന പാതയായ ഫരീദാബാദ് അടക്കം അഞ്ച് ദേശീയപാതകളിലുമായി തടയാനാണ് എന്‍ഡിഎ സര്‍ക്കാറിന്‍റെ തീരുമാനം.
ഇതിനായി കനത്ത സുരക്ഷയാണ് ദില്ലി, യുപി, ഹരിയാന അതിർത്തികളിലായി നിയോഗിച്ചിരിക്കുന്നത്. ബിഎസ്എഫ് ഉദ്യോഗസ്ഥരെ അടക്കം അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചു.
പ്രദേശത്തേക്ക് വലിയ ലോറികളിലായി ലോഡ് കണക്കിന് മണ്ണും കോൺക്രീറ്റ് പാളികളും പൊലീസ് എത്തിച്ചു. കർഷകർ ട്രാക്റ്ററുകളിലോ കാൽനടയായോ അതിർത്തി കടക്കാൻ ശ്രമിച്ചാൽ അതിർത്തി റോഡുകളില്‍ മണ്ണിട്ട് റോഡുകൾ പൂർണമായും അടയ്ക്കാനാണ് സര്‍ക്കാറിന്‍റെ തീരുമാനം.
ആദ്യം മണ്ണ് തള്ളിയതിന് പിന്നാലെ കോൺക്രീറ്റ് പാളികള്‍ റോഡുകളിലിറക്കി വച്ച് റോഡുകൾ പൂർണമായും അടയ്ക്കും. ഇതോടെ ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവയ്ക്കുമെന്നും ഉറപ്പായി.
പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സർവീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്. പഞ്ചാബ്, കർണാടക, ഹരിയാന, രാജസ്ഥാൻ, കേരളം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് കർഷകരാണ് പ്രതിഷേധവുമായി ദില്ലി അതിർത്തിയിലെത്തിയിരിക്കുന്നത്.
അഞ്ച് ഹൈവേകളിലൂടെയായി ഹരിയാന അതിർത്തിയിലൂടെ ദില്ലിയിലേക്ക് പ്രവേശിച്ച് വൻ റാലി നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. കർണാലിൽ വച്ച് ഇന്നലെ ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
എന്നിട്ടും കർഷകർ പിൻമാറാൻ തയ്യാറായിരുന്നില്ല. ഇന്ന് മാര്‍ച്ച് തുടങ്ങാനിരിക്കേ ജലപീരങ്കിയും കണ്ണീര്‍ വാതകവും നിരവധി തവണ ഉപയോഗിക്കപ്പെട്ടു. പഞ്ചാബ് - ഹരിയാന അതിർത്തിയിൽ വലിയ ബാരിക്കേഡുകൾ വച്ച് മാർച്ച് തടഞ്ഞത് വലിയ സംഘർഷത്തിനാണ് വഴിവച്ചത്.
ബാരിക്കേഡുകൾ ട്രാക്ടർ വച്ച് മാറ്റാൻ കർഷകർ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഹരിയാന, യുപി, ദില്ലി അതിർത്തി പ്രദേശങ്ങളിൽ സിആർപിഎഫിനെ അടക്കം നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ഹരിയാനയിലെ അംബാലയിലും കര്‍ണ്ണാലയിലും കര്‍ഷകരും പൊലീസും തമ്മില്‍ വൻതോതിൽ സംഘര്‍ഷമുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തി ചാര്‍ജ്ജും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ ഇന്നലെ വൈകീട്ടോടെ കാറുകളിലും ബൈക്കുകളിലും ട്രാക്റ്ററുകളിലുമായി ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലിയുടെ അതിര്‍ത്തികളിലെത്തി ചേര്‍ന്നതായാണ് വിവരം.
ദേശീയപാത 44-ൽ റോഡ് ഉപരോധത്തിന്‍റെ ഭാഗമായി ദില്ലി - ഹരിയാന അതിർത്തി പ്രദേശം വരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും അത് മറികടന്ന് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താനും ചണ്ഡീഗഡിൽ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി നേരത്തെ തീരുമാനിച്ചിരുന്നു.
പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ട്രാക്ടറിൽ സഞ്ചാരിച്ചാണ് കര്‍ഷകര്‍ പാര്‍ലമെന്‍റ് മാര്‍ച്ചിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. കാര്‍ഷിക നിയമം പിൻവലിക്കാനാകില്ലെന്നാണ് കര്‍ഷക സംഘടനകളുടമായി നടത്തിയ ചര്‍ച്ചകളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ കര്‍ഷക സംഘടനകളും ഉറച്ചുനിൽക്കുന്നു. നേരത്തെ കേന്ദ്ര സര്‍ക്കാരിറക്കിയ കാര്‍ഷിക ബില്ലിനെ മറികടക്കാന്‍ എല്ലാ കോണ്‍ഗ്രസ് സംസ്ഥാനങ്ങളും നിയമം കൊണ്ടുവരണമെന്ന് സോണിയാഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു.
അതനുസരിച്ച് സമരരംഗത്തുള്ള കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ കര്‍ഷക ബില്ല് സംസ്ഥാനത്ത് പാസാക്കിയിരുന്നു. പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനം ഏകകണ്ഠമായി മൂന്ന് കാര്‍ഷിക ബില്ലുകളാണ് പാസാക്കിയത്.
കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ സമരരംഗത്തുള്ള പഞ്ചാബിലെ കര്‍ഷക സംഘടനകളുമായി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.
കാര്‍ഷിക നിയമം കര്‍ഷകര്‍ക്കെതിരാണെന്ന തെറ്റിദ്ധാരണയുണ്ടായി എന്നാണ് കര്‍ഷക സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ച് കൊണ്ട് കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറി എഴുതിയ കത്തിൽ പറഞ്ഞത്.
അതേസമയം, കാര്‍ഷിക നിയമത്തെ കുറിച്ച് വ്യക്തമായി അറിയാമെന്നും അത് എന്തിന് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നതിൽ ധാരണയുണ്ടെന്നുമായിരുന്നു ഓൾ ഇന്ത്യ കിസാൻ സംഘര്‍ഷ് കോര്‍ഡിനേഷൻ കമ്മിറ്റി സെക്രട്ടറി അവിക് സാഹാ പ്രതികരിച്ചത്.
കാര്‍ഷിക ബില്ല് കൊണ്ടുവന്നതിന് പുറകെ പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ ഒപ്പ് വച്ചിരുന്നു. ഇതോടെ ബില്ല് നിയമമായി.
കര്‍ഷകരെ നിരായുധരാക്കുന്ന ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷമടക്കം നിരവധി കര്‍ഷക സംഘടനകള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും രാംനാഥ് കോവിന്ദ് ഈ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല.
ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ നേരിട്ട് കണ്ട് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍ പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ കൂടുതല്‍ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ മന്‍ കി ബാത്തിലൂടെ ആവര്‍ത്തിച്ചു. കര്‍ഷക സമരം ശക്തമായ സമയത്തെല്ലാം ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.
തടസങ്ങളില്ലാതെ കര്‍ഷകര്‍ക്ക് എവിടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും ഇടനിലക്കാരില്ലാതെ കൂടുതല്‍ ലാഭം നേടാമെന്നുമായിരുന്നു പ്രധാനമന്ത്രി തന്‍റെ മന്‍ കി ബാത്തിലൂടെ അവകാശപ്പെട്ടത്.