ഇന്ത്യയില്‍ കൊവിഡ് 19 രോഗികള്‍ രണ്ടര ലക്ഷത്തിലേക്ക് ; ലോക്ഡൗണിലും മരണം 6642

First Published | Jun 6, 2020, 1:36 PM IST

ആരാധനാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള ഇളവുകളോടെ അഞ്ചാം ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 294 മരണവും രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 2,36,657 മായി ഉയര്‍ന്നു. 6,642 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ലോക്ഡൗണ്‍ ആരംഭിച്ച് 73 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോക്ഡൗണ്‍ ആരംഭിച്ച്  രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യയുടെ രോഗാവസ്ഥയില്‍ മാറ്റമില്ലെന്ന് മാത്രമല്ല രോഗം ബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം മരണനിരക്കും ഉയരുന്നു. ഏറെ ആശങ്ക ഉയരുന്ന ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ ലക്ഷൂകരിക്കാനുള്ള ശ്രമങ്ങളിലാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ദ്ധനവുണ്ടായിട്ടും ഇപ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 
 

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ലോകത്തെ ആറാമത്തെ രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ലോകത്ത് ഇതുവരെയായി 68,51,340 രോഗികളാണ് ഉള്ളത്. മരിച്ചവരുടെ എണ്ണമാകട്ടെ 3,98,256 ആയി ഉയര്‍ന്നു. രോഗം ഭേദമായത് 33,51,323 പേര്‍ക്ക്.
ഒരാഴ്ച്ചക്കിടെ ഇന്ത്യയില്‍ 61,000 പേർക്കാണ് രോ​ഗം ബാധിച്ചത്. അതും ലോക്ഡൗണ്‍ കാലത്താണ് ഇത്രയും വര്‍ദ്ധ ഇന്ത്യയില്‍ രേഖപ്പെടുത്തിയത് എന്നത് ഏറെ ആശങ്കയോടെ കാണേണ്ടതാണെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.

ഇന്ത്യയ്ക്ക് മുന്നില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് യുഎസ്, ബ്രസീല്‍, റഷ്യ, സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരുമുള്ള രാജ്യം.
നിലവില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ 19,65,708 രോഗികളാണ് ഉള്ളത്. മരണ സംഖ്യയാകട്ടെ 1,11,390 ഉം. 52,000 പേർക്കാണ് ഇന്നലെ മാത്രം യുഎസില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാമതുള്ള ബ്രസീലില്‍ 6,46,006 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. മരണം 35,047. നിലവില്‍ ബ്രസീലില്‍ ഇപ്പോൾ വൈറസ് ബാധ കുതിച്ചുയരുകയാണ്.
ഇന്നലെയും ബ്രസീലില്‍ ആയിരത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. എന്നാല്‍, ഒരുസമയത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടായ സ്പെയിനിലും ഇറ്റലിയിലെയും കണക്കുകള്‍ ആശ്വാസം പകരുന്നതാണ്.
മൂന്നാമതുള്ള റഷ്യയിലാകട്ടെ 4,49,834 രോഗികളാണ് ഉള്ളത്. മരണ സംഖ്യയില്‍ ഇന്ത്യയേക്കാള്‍ പുറകിലാണ് റഷ്യ. 5,528 പേരാണ് റഷ്യയില്‍ കൊവിഡ്19 ബാധയേ തുടര്‍ന്ന് മരിച്ചത്.
നാലാം സ്ഥാനത്തുള്ള സ്പെയിനില്‍ 2,88,058 പേര്‍ക്ക് കൊവിഡ് രോഗം രേഖപ്പെടുത്തി. മരണ സംഖ്യ 27,134 ആണ്. ഇന്നലെ സ്പെയിനില്‍ 318 കേസുകളും ഇറ്റലിയില്‍ 518 കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
അഞ്ചാമതുള്ള ബ്രിട്ടനില്‍ 2,83,311 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയില്‍ ബ്രിട്ടന്‍ പക്ഷേ രണ്ടാം സ്ഥാനത്താണ്. 40,261 പോരുടെ ജീവനാണ് ബ്രിട്ടന് നഷ്ടമായത്.
നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഇന്ത്യ, കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങളെ താമസിക്കാതെ മറികടക്കുമെന്ന് വിദഗ്ദരും അഭിപ്രായപ്പെടുന്നു.
ഇതുവരെയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പതിനായിരം കടന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് രാജസ്ഥാനം കയറി. ഇതോടെ പതിനായിരത്തിന് മേലെ രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇതിനിടെ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം പതിനായിരം കടക്കും.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 80,229 പേരാണ് മഹാരാഷ്ട്രയില്‍ രോഗബാധിതരായുള്ളത്. 2,849 പേര്‍ മരിച്ചു. 2436 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 139 പേർ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള തമിഴ്നാട്ടില്‍ മരണനിരക്ക് വളരെ കുറവാണ്. 28,694 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മരണം 232. എന്നാല്‍ , തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1438 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ മാത്രം 12 മരണമുണ്ടായി. ചെന്നൈയിലാണ് സ്ഥിതി ഏറ്റവും ​ഗുരുതരം. ഇന്നലെ രോ​ഗം സ്ഥിരീകരിച്ചവരിൽ 1,116 പേരും ചെന്നൈയിൽ ആണ്. സംസ്ഥാനത്തുള്ള ആകെ 28694 രോഗബാധിതരിൽ 19809 പേരും ചെന്നൈയിലാണ്.
തമിഴ്നാട്ടില്‍ രോഗം വന്ന് മരിക്കുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
രോഗബാധിതരില്‍ മൂന്നാമതുള്ള ദില്ലിയില്‍ 26,334 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണം 708. ദില്ലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 1330 കൊവിഡ് കേസുകൾ. ഇന്നലെ മാത്രം 25 പേർ രോ​ഗം ബാധിച്ച് മരിച്ചു.
മൂന്നാമതുള്ള ഗുജറാത്തില്‍ 19,094 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. മരണം 1190. എന്നാല്‍ തമിഴ്നാടിലേതിനേക്കാള്‍ ഭീകരമാണ് ദില്ലിയിലെയും ഗുജറാത്തിലേയും കാര്യങ്ങളെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ദില്ലിയിലെ 80 ശതമാനം ആശുപത്രി ബെഡ്ഡുകളും നിറഞ്ഞ് കഴിഞ്ഞെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ രോഗബാധിതരായി എത്തുന്നവരുടെ എണ്ണത്തില്‍ കുറവുകളൊന്നും രേഖപ്പെടുത്തിയിരുന്നുമില്ല.
ഇതിന് പുറമേ ദില്ലിയില്‍ കൊവിഡ് മുക്തരാകുന്നവരുടെ നിരക്കിലും ഇടിവ് രേഖപ്പെടുത്തി. 40 ശതമാനത്തില്‍ താഴെയാണ് ഇപ്പോള്‍ ദില്ലിയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം.
ഇതിന് പുറമേയായിരുന്നു, ദില്ലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്കും കൈയുറകള്‍ പോലും ഇല്ലെന്നുള്ള പരാതികളും. ഗുജറാത്തിലെയും സ്ഥിതി സമാനമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി രോഗബാധ സ്ഥിതീകരിച്ച വ്യക്തിയുടെ മൃതദേഹം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് പുറമേ രോഗികളുടെ എണ്ണത്തില്‍ പതിനായിരം കടന്ന സംസ്ഥാനമായി രാജസ്ഥാന്‍. ഇന്നലെയാണ് രാജസ്ഥാനിലെ മൊത്തം രോഗികളുടെ എണ്ണം പതിനായിരം കടന്നത്. 10,084 മാണ് ഇന്ന് രാജസ്ഥാനിലെ കൊവിഡ് രോഗികള്‍. മരണം 218.
9,733 പേര്‍ക്കാണ് നിലവില്‍ ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം. രോഗബാധയേല്‍ക്കുന്നവരുടെ തോത് അനുസരിച്ചാണെങ്കില്‍ ഉത്തര്‍പ്രദേശ് ഇന്ന് തന്നെ പതിനായിരം രോഗകളിലേക്ക് എത്തുമെന്ന് വിദഗ്ദര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ മരണ സംഖ്യ 257 ആണ്.
മധ്യപ്രദേശാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്ന മറ്റൊരു സംസ്ഥാനം. ഇതുവരെയായി 8996 രോഗികളാണ് മധ്യപ്രദേശിലുള്ളത്. മരണം 384. ബംഗാളിലാകട്ടെ 7303 രോഗികളാണ് ഉള്ളത്. മരണം 366.
മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളും ആശയ്ക്ക് വകനല്‍കുന്നില്ല. ബിഹാര്‍ ( 4596 രോഗികള്‍ ), കര്‍ണ്ണാടക ( 4835 രോഗികള്‍ ), ആന്ധ്രാപ്രദേശ് (4303 രോഗികള്‍ ), ഹരിയാന (3597 രോഗികള്‍ ), ജമ്മുകശ്മീര്‍ ( 3324 രോഗികള്‍ ), തെലുങ്കാന ( 3290 രോഗികള്‍ ), എന്നീ സംസ്ഥാനങ്ങള്‍ അയ്യായിരം രോഗികളാകാന്‍ ദിവസങ്ങള്‍ മാത്രം മതിയെന്ന് രോഗവര്‍ദ്ധവനിലെ സൂചികകള്‍ കാണിക്കുന്നു.
ഇതിനിടെ രോഗബാധിതമായ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേഭാരത് ദൗത്യത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്.
എന്നാല്‍, വന്ദേഭാരതിന്‍റെ മൂന്ന് ഘട്ടം ഈ മാസത്തോടെ പൂര്‍ത്തിയാകുമ്പോഴും ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാകുന്നത് രജിസ്റ്റര്‍ ചെയ്തതില്‍ 41 ശതമാനം പ്രവാസികളെ മാത്രമാണ്.
കൊവിഡ് ഭീഷണി നേരിടുന്ന വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ദൗത്യം കഴിഞ്ഞ 7 നാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. ഇതിനോടകം പൂര്‍ത്തിയായ രണ്ട് ഘട്ടങ്ങളിലായി 1,07,123 തിരികെയത്തിച്ചതായാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ കണക്ക്.
മൂന്നാംഘട്ടത്തില്‍ 38,000 പേരെ തിരികെയെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ 1,45,123 പേര്‍ക്കാണ് മൂന്ന് ഘട്ടങ്ങളായുള്ള ദൗത്യത്തിന്‍റെ പ്രയോജനം കിട്ടിയത്. 3,48,565 പേരാണ് വന്ദേഭാരതില്‍ രജിസ്റ്റര്‍ ചെയ്തത്.
ചാര്‍ട്ടേഡ് വിമാനങ്ങളുടെ വലിയ നിരക്കും, കൂടുതല്‍ സ്വകാര്യവിമാനങ്ങളെ ദൗത്യത്തിന്‍റെ ഭാഗമാക്കാത്തതും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പലരുടെയും മടക്കത്തിന് തടസ്സമാകുന്നു. അതേസമയം പദ്ധതിയുടെ നാലാം ഘട്ടത്തെ കുറിച്ചാവട്ടെ ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ടുമില്ല.
രജിസ്റ്റര്‍ ചെയ്ത് നാളുകള്‍ കാത്തിരുന്നിട്ടും ഇനിയും നിരവധി പേര്‍ക്ക് നാടെത്താന്‍ കഴിഞ്ഞിട്ടില്ല. എംബസിയില്‍ നിന്നുള്ള വിളി ഇന്നു വരും നാളെ വരുമെന്ന പ്രതീക്ഷയില്‍ കഴിയുകാണ് ഇന്ത്യന്‍ പ്രവാസികള്‍. അടിയന്തരാവശ്യം അറിയിച്ചിട്ട് പോലും പ്രതികരണമില്ലെന്നാണ് പ്രവാസികളുടെ പരാതി.
വന്ദേഭാരതിന് സമാന്തരമായി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളുടെ നിരക്ക് സാധാരണക്കാര്‍ക്ക് വെല്ലുവിളിയാണ്. സ്വകാര്യ വിമാനക്കമ്പനികളില്‍ സ്പൈസ് ജെറ്റിന് മാത്രമാണ് ഇപ്പോള്‍ യാത്രാ അനുമതി നല്‍കിയിരിക്കുന്നത്.
ഇതോടെ പ്രവാസികളെ തിരികെ എത്തിക്കുന്നകാര്യത്തില്‍ പദ്ധതിക്ക് പേരിടുകയല്ലാതെ കേന്ദ്രസര്‍ക്കാറിന്‍റെ കൈയില്‍ കാര്യമായ പദ്ധതികളൊന്നുമില്ലെന്ന ആരോപണവും ഉയര്‍ന്നു.
ഇതിനിടെ ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് നയത്തില്‍ ലോകാരോഗ്യ സംഘടന മാറ്റം വരുത്തി.
മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍ കഴിയുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടനയുടെ അറിയിപ്പില്‍ പറയുന്നു.
അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം. നേരത്തെ അസുഖബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്. പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും ഡബ്ലുഎച്ച്ഒ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ നിയമ നടപടി സ്വീകരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നേരിട്ട് സാമ്പത്തിക സഹായമെത്തിച്ച ഒരു പഠനത്തിന്‍റെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
എന്നാല്‍, മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ രാജസ്ഥാന്‍ പൊലീസ് ഒരു യുവാവിനെ, അമേരിക്കന്‍ പൊലീസ് കഴുത്തിന് കാല്‍ മുട്ട് കുത്തി ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡ് സംഭവത്തിന് സമാനമായ രീതിയില്‍ അക്രമിച്ചത് ഏറെ വിവാദമായി.
അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം. നേരത്തെ അസുഖബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്.
അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി 12 യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രമുഖ ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ധരും ഗവേഷകരും ചേര്‍ന്നാണ് കൊറോണ വൈറസ് വെല്ലുവിളി തുടരുന്ന പശ്ചാത്തലത്തില്‍ മാസ്‌കിന്‍റെ പ്രാധാന്യത്തെ കുറിച്ച് പഠനം നടത്തിയത്.
'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇതിന്‍റെ വിശദാംശങ്ങള്‍ വന്നത്. എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നത് കൊണ്ട് കൊവിഡ് 19 വ്യാപനത്തെ വളരെ ഫലപ്രദമായി തടയാനാകുമെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. മാസ്‌ക് അത്രമാത്രം പ്രയോജപ്പെടുന്നില്ലെന്നും, രോഗം പടരുന്നത് തടയില്ലെന്നുമുള്ള പ്രചാരണങ്ങളെയെല്ലാം ഈ പഠനം അപ്പാടെ തള്ളിക്കളഞ്ഞിരുന്നു.

Latest Videos

click me!