കൊറോണ, വെട്ടുക്കിളി പുറകേ നിസര്‍ഗയും; തീരാദുരിതത്തില്‍ മുംബൈ
First Published | Jun 3, 2020, 11:22 AM IST
പ്രകൃതി എന്നര്‍ത്ഥം വരുന്ന നിസര്‍ഗ മഹാരാഷ്ട്രയേയും ഗുജറാത്തിനെയും വിറപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിയായി മാറും. ഇതോടെ മണിക്കൂറിൽ 100 കിലോമീറ്റർ മേലെ വേഗമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇന്ന് വൈകീട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് വീശുക. 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്കൻ മഹാരാഷ്ട്ര തീരവും ഇതോട് ചേർന്ന് കിടക്കുന്ന ഗുജറാത്തിന്‍റെ തെക്കൻ തീരവും അതീവ ജാഗ്രതയിലാണ്. കടൽ ഒരു കിലോമീറ്റർ വരെ കരയിലേക്ക് കയറാമെന്നും മുന്നറിയിപ്പുണ്ട്.
കൊറോണാ വൈറസ് വ്യാപനത്തില്‍ മഹാരാഷ്ട്ര ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ്. ഇന്നലെ ഒറ്റ ദിവസം മഹാരാഷ്ട്രയില്‍ മരിച്ചത് 100 പേരാണ്. നിലവില്‍ 3,85,502 രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്. 2465 പേരുടെ ജീവിനും നഷ്ടമായി. 31,333 പേര്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയവര്‍. ഗുജറാത്തില്‍ 11,894 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 1092 പേരാണ് മരിച്ചത്. 4,631 രോഗികളാണ് നിലവില്‍ ഗുജറാത്തിലുള്ളതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. എന്നാല്‍ ഇരുസംസ്ഥാനങ്ങളുടെയും അവസ്ഥ ഏറെ ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. ഇതിന് പുറകേയാണ് ആഫ്രിക്കയില്‍ നിന്ന് പറന്ന് തുടങ്ങിയ വെട്ടുകിളികള്‍. പതിനായിരക്കണക്കിന് വരുന്ന വെട്ടുക്കിളികള്‍ വരാനിരിക്കുന്ന രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിന്‍റെ മുന്നോടിയാണെന്ന് വിദഗ്ദര്‍ പറയുന്നു.