കൊവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇന്ത്യ ബ്രസീലിനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊവിഡ് 19 വൈറസ് വ്യാപനം നേരിട്ട രാജ്യമായി മാറിയത്.
വേള്‍ഡോമീറ്ററിന്‍റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇന്ത്യയിലെ രോഗവ്യാപനത്തിന്‍റെ പുതിയ കണക്കുകളുള്ളത്. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് 1,93,250 പേര്‍ മരിച്ച അമേരിക്കയില്‍ ഇതുവരെയായി 64,60,250 പേര്‍ക്കാണ് രോഗബാധയേറ്റത്.
37,25,970 പേര്‍ക്ക് രോഗം ഭേദമായി. രോഗവ്യാപനത്തില്‍ രണ്ടാമതുള്ള ഇന്ത്യയിലാകട്ടെ 71,687 പേര്‍ക്കാണ് വൈറസ് വ്യാപനത്തില്‍ ജീവന്‍ നഷ്ടമായത്. അതേ സമയം 42,02,562 പേര്‍ക്ക് രോഗം പിടിപെട്ടു. 32,47,297 പേര്‍ക്ക് രോഗം ഭേദമായി.
രോഗ വ്യാപനത്തില്‍ മൂന്നാമതുള്ള ബ്രസീലിലാണ് മരണ സംഖ്യയില്‍ രണ്ടാമതുള്ളത്. 1,26,686 പേരാണ് ബ്രസീലില്‍ ഇതുവരെയായി മരിച്ചത്. 41,37,606 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 33,17,227 പേര്‍ക്ക് രോഗം ഭേദമായി.
രോഗവ്യാപനത്തില്‍ നാലാമതുള്ള റഷ്യയിലാകട്ടെ 10,25,505 പേര്‍ക്ക് വൈറസ് ബാധയേറ്റപ്പോള്‍ 17,820 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 8,40,949 പേര്‍ക്കാണ് രോഗം ഭേദമായത്. രോഗവ്യാപനത്തില്‍ പെറുവാണ് അഞ്ചാം സ്ഥാനത്തുള്ളത്. 6,89,977 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 29,838 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,15,039 പേര്‍ക്ക് രോഗം ഭേദമായി.
ലോകത്ത് ഇതുവരെയായി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,72,96,303 പേര്‍ക്കാണ് ലോകത്തിതുവരെയായി രോഗം സ്ഥിരീകരിച്ചത്. മരണം ഒമ്പത് ലക്ഷത്തോടടുക്കുന്നു. 8,87,599 പേര്‍ക്ക് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമായി. 1,93,79,498 പേര്‍ക്ക് രോഗം ഭേദമായെന്നും വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു.
ഇന്ത്യയില്‍ സമീപ ആഴ്ചകളില്‍ കൊവിഡ് 19 വൈറസിന്‍റെ വ്യാപനം അതിശക്തമായാണ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന കണക്കുള്‍ കാണിക്കുന്നത്. തുടർച്ചയായി രണ്ടാം ദിവസവും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നു.
ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 90,802 പേർക്കാണ്. 1,016 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 71,642 ആയി. നിലവിൽ 8,82,542 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും സ്ഥിതി ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഒരു ദിവസത്തെ എറ്റവും ഉയർന്ന രോഗ വർദ്ധനയായിരുന്നു. ആന്ധ്രയില്‍ ഇന്നലെ മാത്രം 23,350 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആന്ധ്രയിൽ 10,794 പേർക്കും, തമിഴ്നാട്ടിൽ 5,783 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശില്‍ 6,777 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒഡീഷയിലും റെക്കോഡ് പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഒഡീഷയില്‍ ഇന്നലെ മാത്രം 3,810 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ മാത്രം 3082 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചു.
ബിഹാര്‍ 1797, ഝാര്‍ഖണ്ഡ് 1774, ജമ്മുകശ്മീര് 1316, ഗുജറാത്ത് 1,335, മധ്യപ്രദേശ് 1,694 എന്നിങ്ങനെയായിരുന്നു മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. ഒരിടവേളയ്ക്ക് ശേഷം ദില്ലിയിൽ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്.
ആശങ്കയേറ്റി ഒറ്റ ദിവസത്തിനിടെ ദില്ലിയില്‍ മൂവായിരത്തിന് മുകളിൽ പേർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. 3,256 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഝാർഖണ്ഡ്, ദില്ലി, പുതുച്ചേരി എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചർച്ച നടത്തിയിരുന്നു.
കളക്ടർമാർ, മുനിസിപ്പൽ കമ്മീഷണർമാർ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചാബിലേക്കും ചണ്ഡീഗഡിലേക്കും, ആരോഗ്യ മന്ത്രാലയം കേന്ദ്രസംഘത്തെ അയച്ചു.
പത്ത് ദിവസം സംഘം ഈ മേഖലയിലുണ്ടാകും. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന, കേന്ദ്രഭരണ സർക്കാരുകളെ കേന്ദ്രസംഘം സഹായിക്കും.
അടച്ച് പൂട്ടലിനെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തീകാവസ്ഥ ഏറെ പുറകിലേക്ക് പോയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തീക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.
കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ ജിഡിപി -23 ശതമാനത്തിലേക്കാണ് താഴ്ന്നത്.അടച്ചുപൂട്ടല്‍ ഉണ്ടാക്കിയ ഈ സ്ഥംഭനാവസ്ഥയെ മറികടക്കണമെങ്കില്‍ രാജ്യത്തെ ദൈനംദിന കാര്യങ്ങള്‍ കാര്യക്ഷമമായി നടക്കേണ്ടതുണ്ട്.
ഇതിനെ തുടര്‍ന്നാണ് അടച്ചൂപൂട്ടലില്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രം തയ്യാറായത്. എന്നാല്‍ അടച്ചൂപൂട്ടലില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയതോടെ രാജ്യത്ത് രോഗവ്യാപനം അതിശക്തമാകുകയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
ഇതിനിടെ കൊവിഡ് 19 വൈറസിനെതിരായ വാക്സിന്‍ പരീക്ഷണത്തിന് ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. കൊവിഡ് 19 വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സിൻ വികസനത്തിലാണ് ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച് റഷ്യ മുന്നോട്ട് വന്നത്.
മരുന്ന് വികസനം, വിതരണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മില്‍ ചർച്ചകൾ ഉണ്ടായേക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അടുത്ത ആഴ്ച നടത്തുന്ന റഷ്യ സന്ദർശനത്തിൽ ഇക്കാര്യം ചർച്ച ആകുമെന്നാണ് റിപോർട്ടുകൾ. വാക്സിൻ മുന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താനുള്ള സാധ്യതയും റഷ്യ തേടിയേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
പ്രതിരോധ മരുന്ന് കണ്ടെത്താത്തതിനാല്‍ തന്നെ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസര്‍ ഉപോഗിച്ചും മാത്രമേ ഇപ്പോള്‍ രോഗവ്യാപനം തടയാന്‍ കഴിയുകയൊള്ളൂ. ഇതിന് ജനങ്ങളുടെ പൂര്‍ണ്ണ സഹകരണമാണ് ആവശ്യം.