നിലവിൽ മഹാരാഷ്ട്രയില്‍ 49,616 പേരാണ് ചികിത്സയിലുള്ളത്. മുംബൈയിൽ പുതിയ രോഗികളുടെ തോത് കുറയുന്നത് മാത്രമാണ് ഏക പ്രതീക്ഷ.
മെയിൽ ദിവസേനയുണ്ടാകുന്ന ആകെ രോഗികളുടെ 60 ശതമാനത്തിലേറെ മുംബൈയിൽ നിന്നായിരുന്നു. ജൂണിൽ ഇത് 40 ശതമാനത്തിന് താഴെയെത്തി.
ധാരാവിയടക്കം അതിതീവ്രബാധിത നഗരമേഖലകളിലും പുതിയ രോഗികളുടെ എണ്ണവും മരണ സംഖ്യയും നിയന്ത്രണവിധേയമായിട്ടുണ്ട്.
എന്നാൽ മുംബൈയ്ക്ക് പുറത്ത് മറ്റ് ജീല്ലകളിൽ രോഗം പടരുന്നതാണ് ഇപ്പോഴത്തെ ആശങ്ക. നിലവിലെ സാഹചര്യത്തിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
മഹാരാഷ്ട്രയില്‍ ആദ്യ കൊവിഡ്19 രോഗിയെ സ്ഥിരീകരിക്കുന്നത് പൂനെയില്‍ മാര്‍ച്ച് 9നാണ്. എന്നാല്‍, മാര്‍ച്ച് 25 ന് ഇന്ത്യ ലോക്ഡൗണിലേക്ക് പോകുമ്പോഴേക്കും മൂന്ന് മരണവും 122 രോഗികളും മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നു.
ലോക്ഡൗണ്‍ ആരംഭിച്ച് ഒരു മാസത്തിന് ശേഷം എപ്രില്‍ 25 ന് 323 മരണവും 7628 രോഗികളുമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നത്.
ലോക്ഡൗണ്‍ ആരംഭിച്ച് രണ്ട് മാസം തികഞ്ഞ മെയ് 25 ന് 1,694 മരണവും 52,667 രോഗികളും മഹാരാഷ്ട്രയില്‍ മാത്രം രേഖപ്പെടുത്തി.
ലോക്ഡൗണ്‍ കൃത്യമായി നടപ്പാക്കുന്നതില്‍ സംഭവിച്ച പിഴവുകളാണ് മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായത്.
മെയ് 25 ന് ശേഷം ജൂണ്‍ 13 ആകുമ്പോഴേക്കും മഹാരാഷ്ട്രയില്‍ മാത്രം 1,01,141 രോഗികളാണ് ഉള്ളത്. മരണമാകട്ടെ 3,717. ഇതിനകം രോഗം ഭേദമായത് 47,796 പേര്‍ക്ക്.
ഇന്നലെ മാത്രം 3493 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 127 പേരുടെ മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപന തോതില്‍ ചെറിയ കുറവ് വന്നെങ്കിലും കൊവിഡ് 19 രോഗാണു രാജ്യത്തെമ്പാടും കൂടുതൽ ശക്തമാകുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടിൽ 1,982 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 18 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. ചെന്നൈയിൽ മാത്രം ഇന്നലെ 1,479 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.
ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ ആകെ എണ്ണം 40,698 ആയി ഉയർന്നു. ആകെ മരണസംഖ്യ 367 ആണ്. ഇന്ന് മരിച്ചവരിൽ 15 പേരും ചെന്നൈയിലായിരുന്നു. ചെന്നൈയിൽ കൂടുതൽ മേഖലകളിൽ പുതിയ രോഗികളെ കണ്ടെത്തിയതോടെ ഭീതി ഉയരുകയാണ്.
കർണാടകത്തിൽ ഇന്നലെ 271 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏഴ് പേർ 24 മണിക്കൂറിനിടെ മരിച്ചു. സംസ്ഥാനത്തെ അകെ കൊവിഡ് ബാധിതർ 6516 ആയി. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2995 ആണ്.
മഹാരാഷ്ട്രയിൽ രോഗബാധയേറ്റവരുടെ ആകെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരണം 3717 ആി. നിലവിൽ 49616 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ന് 1718 പേർക്ക് കൊവിഡ് രോഗം ഭേദമായി.
ദില്ലിയിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 2137 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നു.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36824 ആയി. 71 രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 1214 ആയി. 13398 പേർക്കാണ് ദില്ലിയില്‍ ഇതുവരെ രോഗം ഭേദമായത്.
കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സരോജിനി നഗർ മിനി മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചു. ഈ മാസം 15 മുതൽ 30 വരെ അടച്ചിടാനാണ് തീരുമാനിച്ചത്. ഈ മാർക്കറ്റിലെ നൂറോളം കടകളാണ് അടയ്ക്കുന്നത്.
കൊവിഡ് ഭീതി കണക്കിലെടുത്ത് മിനി മാർക്കറ്റ് അസോസിയേഷനാണ് ഈ തീരുമാനം എടുത്തത്. മാർക്കറ്റിലെ വലിയ കടകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
അതേസമയം ഗുജറാത്തിൽ ഇന്നലെ 495 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 22,562 ആയി. ഇന്നലെ മാത്രം 31 പേർ വൈറസ് ബാധയേറ്റ് മരിച്ചു. ആകെ 1,416 പേരാണ് ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.