കേന്ദ്ര സർക്കാർ കൊവിഡ് വാക്സിൻ വിതരണത്തിന്‍റെ തീയ്യതി ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കി. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ വിതരണം ചെയ്യുക. കൊവിഷീൽഡ് വാക്സിനായി 1,300 കോടിയുടെ കരാർ കേന്ദ്ര സർക്കാർ സീറം ഇൻസ്റ്റിറ്റ്യുമായി ഒപ്പുവക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
നേരത്തെയും ജനിതകമാറ്റം സംഭവിച്ച രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും അവ ഇത്രയും തീവ്രമായിരുന്നില്ല. എന്നാല്‍ ബ്രിട്ടനില്‍ കണ്ടെത്തിയ തീവ്രരോഗാണുവിന് 70 ശതമാനം വ്യാപന സാധ്യത കൂടുതലാണ്. മരണ നിരക്കിലോ രോഗതീവ്രതയോ ഈ രോഗാണു കാര്യമായ വ്യതിയാനം ഉണ്ടാക്കില്ലെങ്കിലും രോഗ വ്യാപനം കൂട്ടുമെന്നതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പുകളുടെ നിര്‍ദ്ദേശം.
ബ്രിട്ടനില്‍ പുതിയ രോഗാണുവിന്‍റെ സാന്നിധ്യത്തിന് പിന്നാലെ 50,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും 500 പേര്‍ മരിച്ചതും ഏറെ ആശങ്കയുണ്ടാക്കി. ഇതോടെ സ്കോട്ട്ലാന്‍റില്‍ ഒരു മാസത്തേക്കാണ് ലോക്ഡൌണ്‍ പ്രഖ്യാപിച്ചത്.
ജര്‍മ്മനി ഈ മാസം മുഴുവനും അടച്ചുപൂട്ടല്‍ തുടരാന്‍ തീരുമാനിച്ചു. ജപ്പാനില്‍ ടോക്കിയോയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. തായ്‍ലന്‍റില്‍ 15 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ നീട്ടി. അതിനിടെ ഓസ്ട്രേലിയയിലും ഫ്രാന്‍സിലും രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.
പുതിയ അതിതീവ്ര രോഗാണുവില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പുതിയ ജനിതക മാറ്റം വന്ന രോഗാണുവിനെയും ചികിത്സിച്ചു ഭേദമാക്കാം. പക്ഷേ, ജനങ്ങള്‍ സ്വയം ലോക്ഡൌണിന് തയ്യാറാകണമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
പ്രായമായവരും രോഗികളും റിവേഴ്സ് ക്വാറന്‍റീന്‍ പാലിക്കണം. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കണം. സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ലോക്ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇത് ആഘോഷിക്കാനുള്ള സമയമല്ലെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഒരിക്കൽ കൂടി ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. പ്രതിദിന രോഗബാധ 9,000 വരെയെത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആദ്യഘട്ടത്തില്‍ കേരളം അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിനുകളാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്കൂൾ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂട്ടും. കിടത്തി ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും. ആന്‍റിജൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിർദ്ദേശിച്ചു.
കേരളത്തില്‍ ഇതുവരെയായി 3.41 ലക്ഷം പേര്‍ കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തു. 4067 സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും 4853 സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരാണ് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന് കൊവിഡ് പ്രതിരോധ മരുന്ന് വിതരണത്തില്‍ മുന്‍ഗണന നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പിന് രാജ്യം തയ്യാറെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. പുതുവര്‍ഷത്തില്‍ ഒന്നല്ല രണ്ട് വാക്സിനുകളാണ് വികസിപ്പിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു. എന്നാല്‍ കൊവാക്സീന്‍ എന്ന ഇന്ത്യന്‍ നിര്‍മ്മിത വാക്സിനെതിരെ ചിലര്‍ രംഗത്തെത്തി.
കൊവാക്സിൻ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളിൽ വിശദീകരണവുമായി ഐസിഎംആർ രംഗത്തെത്തി. കൊവാക്സിൻ ഇതിനോടകം 23,000 ത്തോളം പേരിൽ പരീക്ഷിച്ചതാണെന്നും വാക്സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗ്ഗവ പറഞ്ഞു. അതേസമയം വാക്സിന്‍റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസിഎംആറും ഭാരത് ബയോടെക്കും പൂണെ എൻഐവിയും ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ കൊവാക്സിൻ. ആദ്യഘട്ടത്തിൽ 325 പേരിലും രണ്ടാം ഘട്ടത്തിലും 380 പേരിലും മൂന്നാം ഘട്ടത്തിൽ 22,500 പേരിലും കൊവാക്സിൻ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറയുന്നു.
70.42 ശതമാനം വിജയ സാധ്യത കൊവിഷീൽഡിനുള്ളത് പോലെ കൊവാക്സിന്‍റെ വിജയശതമാനം കൃത്യമായി പ്രവചിക്കാൻ ഈ ഘട്ടത്തിൽ സാധിക്കില്ലെന്നും എന്നാൽ വാക്സിൻ വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു. കൊവിഡ് വാക്സിൻ വിതരണത്തിന്‍റെ ആദ്യഘട്ടത്തിൽ ഒരു കോടിയോളം ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകേണ്ടത്.
ഇവർക്കെല്ലാം കൊവിഷീൽഡ് വാക്സിൻ നൽകാനാണ് നിലവിലെ ധാരണ. ഇതിനായി ഒരു കോടി ഡോസ് കൊവിഷീൽഡ് വിതരണം ചെയ്യണമെന്ന് കേന്ദ്രം പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കൊവിഷിൽഡ് വാക്സിന് ക്ഷാമം നേരിട്ടാൽ മാത്രമേ കൊവാക്സിന്‍റെ സഹായം തേടൂവെന്ന് ദില്ലി എയിംസ് മേധാവി വ്യക്തമാക്കി.
ഇതിനിടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെ പ്രതിരോധ കുത്തിവെപ്പ് മരുന്ന് കണ്ടുപിടിച്ച രണ്ട് കമ്പനികള്‍ തമ്മില്‍ അങ്കം മുറുകി. കൊവിഷിൽഡ് വാക്സിന്‍റെ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓഫ് ഇന്ത്യയും കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും തമ്മിലാണ് ഏറ്റുമുട്ടല്‍.
വാക്സിന്‍റെ വിജയസാധ്യത കൃത്യമായി പ്രസിദ്ധീകരിക്കും മുൻപ് കൊവാക്സിന് അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും രംഗത്തു വന്ന സാഹചര്യത്തിലാണ് ഇരുകമ്പനികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായത്.
കേന്ദ്രസർക്കാർ സ്ഥാപനമായ ഐസിഎംആറും പൂണെ ആസ്ഥനമായ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ടും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കും ചേർന്നാണ് കൊവാക്സിൻ നിർമ്മിച്ചത്. വാക്സിന്‍റെ കാര്യക്ഷമതയ്ക്ക് നേരെ ആരോപണം ഉയർന്നതോടെ വിമർശകർക്ക് ശക്തമായ മറുപടിയുമായി ഭാരത് ബയോടെക്ക് എംഡി കൃഷ്ണ ഇല നേരിട്ട് രംഗത്ത് വന്നിരുന്നു.
മൂന്നാം വട്ട പരീക്ഷണമായ ഫെയ്സ് ത്രീ പരീക്ഷണം നടത്താതെയാണ് കൊവാക്സീന്‍ ജനങ്ങളില്‍ പരീക്ഷിക്കുന്നതെന്നാണ് പ്രധാന ആരോപണം. സമയം പോലും നോക്കാതെ അധ്വാനിക്കുന്ന ഗവേഷകര്‍ അവഹേളനം അര്‍ഹിക്കുന്നില്ലെന്ന് ഭാരത് ബയോടെക് ചെയര്‍മാനായ ഡോ.കൃഷ്ണ എല്ല പറഞ്ഞു.
യുഎസിന് പോലും ഇല്ലാത്ത ബയോസേഫ്റ്റി ലബോറട്ടറി -3 ഉള്ള ഏക സ്ഥാപനമാണ് ഭാരത് ബയോടെക്. കൊവാക്സീന്‍റെ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് അവ പരിശോധിക്കാണെന്നും ശശി തരൂരിന്‍റെ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് 12 രാജ്യങ്ങളില്‍ ഭാരത് ബയോടെക് ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെ ഗവേഷണ ചരിത്രത്തില്‍ കൊവാക്സീന്‍ നാഴിക കല്ലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഏറ്റവും ആദ്യം കൊവിഡ് വാക്സിൻ വികസിപ്പിച്ച് ഉപയോഗ അനുമതി നേടിയ അമേരിക്കൻ കമ്പനിയായ ഫൈസറിനോളം മികവുള്ള കമ്പനിയാണ് ഭാരത് ബയോടെക്കെന്നും ആഗോളനിലവാരത്തിൽ 15ഓളം വാക്സിനുകളും അസംഖ്യം മരുന്നുകളും തങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൃഷ്ണ എല്ല അവകാശപ്പെട്ടിരുന്നു. അതൊടൊപ്പം കൊവിഡ് ഷിൽഡ് നിർമ്മാതാക്കളായ അസ്ട്രാസെനെക്ക - ഓക്സ്ഫർഡ് - സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്കെതിരെയും രൂക്ഷവിമർശനവും കൃഷ്ണ എല്ല ഉയര്‍ത്തി.
അസ്ട്രസെനെക്കയെ പോലെയാണ് കൊവിഡ് വാക്സിൻ പരീക്ഷിച്ചിരുന്നതെങ്കിൽ ഇന്ത്യൻ നിയമം അനുസരിച്ച് തങ്ങളുടെ കമ്പനി ഇതിനോടകം പൂട്ടിപ്പോയേനെയെന്നായിരുന്നു കൃഷ്ണ എല്ലയുടെ പരിഹാസം. വാക്സിൻ പരീക്ഷണത്തിന് വന്ന വളണ്ടിയർമാർക്ക് ആദ്യം പാരസെറ്റാമോൾ ഗുളിക കൊടുത്ത ശേഷമാണ് കൊവിഷിൽഡ് വാക്സിൻ നൽകിയതെന്നും കൃഷ്ണ എല്ല പരിഹസിച്ചിരുന്നു.
ഫൈസർ, മൊഡേണ, കൊവിഷിൽഡ് എന്നിവ മാത്രമാണ് നിലവിൽ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച സുരക്ഷിതമായ വാക്സിനുകളെന്നും മറ്റുള്ളവയെല്ലാം വെറും വെള്ളം മാത്രമാണെന്നും നേരത്തെ സെറം ഇൻസിറ്റ്യൂട്ട് മേധാവി അദർ പൂനാവല ഒരു ടെലിവിഷൻ പരിപാടിയിൽ പരിഹസിച്ചിരുന്നു.
രാജ്യത്ത് അനുമതി നല്‍കിയ കൊവിഡ് വാക്സിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം എടുക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മയാണ് ഈ അഭിപ്രായവുമായി രംഗത്തെത്തിയത്. പുതിയ വാക്സിന്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കാന്‍ മോദി, പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് ആത്യവശ്യമാണെന്ന് അജിത്ത് ശര്‍മ്മ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
നമ്മുക്ക് പുതുവത്സരത്തില്‍ തന്നെ രണ്ട് വാക്സിന്‍ ലഭ്യമായത് നല്ല കാര്യമാണ്. അതിനൊപ്പം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയവും ഉണ്ട്. ഈ സംശയങ്ങള്‍ മാറ്റാന്‍, റഷ്യയിലേയും, അമേരിക്കയിലേയും രാഷ്ട്ര തലവന്മാര്‍ ചെയ്തപോലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം തന്നെ വാക്സിന്‍ എടുക്കണം. ഇത് ജനത്തിന് വാക്സിനിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കും- അജിത്ത് ശര്‍മ്മ പറയുന്നു.
ഇപ്പോള്‍ വാക്സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റ്യൂട്ട് എന്നിവ സ്ഥാപിക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് അതിനാല്‍ വാക്സിന്‍റെ ക്രഡിറ്റ് കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്. എന്നാല്‍ രണ്ട് വാക്സിനും തങ്ങളുടെ നേട്ടം എന്ന രീതിയില്‍ അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അജിത്ത് ശര്‍മ്മ കുറ്റപ്പെടുത്തി.
നേരത്തെ കോവാക്സിന് അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്ത് എത്തിയിരുന്നു. കോവാക്സിന് അനുമതി നല്‍കിയത് അപക്വവും അപകടകരവുമാണ് എന്നാണ് തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.