ഇന്ത്യ : കൊവിഡ് രോഗികള്‍ 2 ലക്ഷം , മരണം 5,815
First Published | Jun 3, 2020, 3:54 PM ISTകേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യയില്‍ കൊവിഡ് 19 വൈറസിന് സമൂഹവ്യാപനം സാധ്യമായിട്ടില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും കഴിഞ്ഞ ഒറ്റ ദിവസത്തില്‍ ഇന്ത്യയില്‍ പുതുതായി രേഖപ്പെടുത്തിയത് 8909 രോഗികളും 217 മരണവും. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,615 പേർക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവുമൊടുവിലത്തെ കണക്ക് അനുസരിച്ച് ഇത് വരെ രോഗം ബാധിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി ഉയർന്നു. ഒരു ലക്ഷത്തോളം പേർക്ക്, കൃത്യമായി പറഞ്ഞാൽ, 1,00,303 പേർക്ക് രോഗമുക്തിയുണ്ടായി എന്നത് മാത്രമാണ് ഈ കണക്കുകളിൽ ആശ്വാസം നൽകുന്ന ഏക കാര്യം. പക്ഷേ, ദിവസം തോറും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്, രാജ്യം പോകുന്നതെങ്ങോട്ട് എന്നതിലെ കൃത്യമായ ചൂണ്ടുപലകയാണ്. ലോകത്ത് രോഗവ്യാപനക്കണക്കുകളിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തിയെന്നതും ആശങ്ക കൂട്ടുകയാണ്. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ കൊറോണാ വൈറസിന് സമൂഹ വ്യാപനം സാധ്യമായിട്ടില്ലെന്ന് വീണ്ടും അവകാശപ്പെട്ടു.