ഇന്ത്യന്‍ ലോക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് ; രാജ്യത്ത് 1,50,000 രോഗികള്‍; മരണം 5000 ലേക്ക്
First Published | May 28, 2020, 2:34 PM ISTനഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവെന്ന് പറഞ്ഞത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. ഈ കോറോണാ കാലത്ത് ഏറ്റവും പ്രസക്തമായ വാക്കുകളാണിത്. കാരണം, കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ലോക്ഡൗണ്‍ കാലം അനുഭവിക്കേണ്ടി വന്ന ജനതകളില്‍ ഒന്നാണ് നാം. 65 ദിവസമായിരിക്കുന്നു ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയിട്ട്. ലോക്ഡൗണിന്‍റെ തുടക്കത്തില്‍ 500 രോഗികള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 65 ദിവസങ്ങള്‍ക്കിപ്പുറത്ത് ആ സംഖ്യ ഒന്നര ലക്ഷത്തിലേക്ക് കയറിയിരിക്കന്നു. മരണമാകട്ടെ അയ്യായിരത്തിലേക്ക് കുതിക്കുന്നു.
നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപനവും ഇതിനിടെ ഉണ്ടായി. നഗരങ്ങളിലെ വൈറസ് ബാധയെ നേരിടാനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരും മറ്റ് സൗകര്യങ്ങളും ഉണ്ടെങ്കില്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലെ അവസ്ഥ നേരെ തിരിച്ചാണ്. ഇന്നും വൈദ്യുതിയും വെള്ളവും ലഭ്യമല്ലാത്ത ഗ്രാമങ്ങളാണ് ഇന്ത്യയില്‍ ഏറെയും. ഇവിടേക്കാണ് ശ്രമിക് ട്രെയിനുകളില്‍ കയറിയ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്ക് കൃത്യമായ പരിശോധനയോ വൈദ്യസഹായമോ ലഭ്യമാക്കാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല. ഇതിനിടെയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതും കൊവിഡ് ബാധിച്ചുള്ള മരണക്കേസുകള്‍ പലതും രേഖപ്പെടുത്തുന്നില്ലെന്ന പരാതിയും ഉയരുന്നത്.