കടല്‍ കീഴടക്കാന്‍ ഐഎന്‍എസ് വിക്രാന്ത്; കടലിലെ പരിശീലനം ആരംഭിച്ചു

First Published | Aug 4, 2021, 2:58 PM IST

താണ്ട് പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കി. അവസാനവട്ട പരീക്ഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇന്ന് കപ്പല്‍ നീറ്റിലിറക്കിയത്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (Directorate of Naval Design) രൂപകൽപ്പന ചെയ്ത് , ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ (MoS) കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ്  (സി‌എസ്‌എൽ) ഐഎന്‍എസ് വിക്രാന്തിന്‍റെ  76 ശതമാനത്തിലധികം ജോലികളും ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന പ്രഥമ വിമാനവാഹിനി കപ്പൽ ആണ് "വിക്രാന്ത്" (Indigenous Aircraft Carrier).

ഈ വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവും ഉണ്ട്. 

സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്‍റുകളുമാണ് ഐഎന്‍എസ് വിക്രാന്തിനുള്ളത്.


1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്ത കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളുമുണ്ട്. 

യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം (Habitability) എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐഎന്‍എസ് വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്ന ‘വിക്രാന്ത്’ന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയുമുണ്ട്.

നവംബർ 20 ന് ബേസിൻ ട്രയൽ‌സിന്‍റെ ഭാഗമായി കപ്പലിന്‍റെ പ്രൊപ്പൽ‌ഷൻ‌, പവർ‌ ജനറേഷൻ‌ ഉപകരണങ്ങൾ‌ / സിസ്റ്റങ്ങൾ‌ എന്നിവയുടെ കാര്യക്ഷമത പരീക്ഷിച്ചിരുന്നു. 

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 25 ജൂൺ 21 ന്‌ കപ്പൽശാലയിലെത്തി കപ്പലിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. 

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കടൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടു. എങ്കിലും തൊഴിലാളികൾ, OEM- കൾ (Original Equipment Manufacturer), എഞ്ചിനീയർമാർ, മേൽനോട്ടക്കാർ, ഇൻസ്പെക്ടർമാർ, ഡിസൈനർമാർ, കപ്പൽ ജീവനക്കാർ എന്നിവരുടെ കൂട്ടായ ശ്രമത്തിനെ തുടര്‍ന്ന് കടൽ പരീക്ഷണങ്ങൾക്കായി പെട്ടെന്ന് തന്നെ കപ്പലിനെ സജ്ജമാക്കാന്‍ കഴിഞ്ഞു.

കന്നി പരീക്ഷണ യാത്രയ്ക്കിടെ, കപ്പലിന്‍റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽ‌ഷൻ, പി‌ജിഡി (Power Generation and Distribution), സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി പരിഷോധിക്കപ്പെടും. 

ഐ‌.എ.സി യുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യ, തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും. 

"ആത്മ നിർഭർ ഭരത്" , "മേക്ക് ഇൻ ഇന്ത്യ " എന്നീ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ സാക്ഷത്കാരമായിരിക്കും ഐഎന്‍എസ് വിക്രാന്ത്. 

ഈ നിർമാണത്തിലൂടെ 2000 സി.എസ്.എൽ ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിൽ ഉള്ള 12,000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ നല്‍കാന്‍ കഴിഞ്ഞു.

76 ശതമാനത്തിന് മുകളിൽ തദ്ദേശീയമായി ഉപകരണങ്ങൾ വാങ്ങുന്നതിന് പുറമേ സിഎസ്എൽന്‍റെയും മറ്റ് ഉപ-കരാറുകാരുടെയും പ്രവർത്തനങ്ങൾ നേരിട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തിരികെ നിക്ഷേപിക്കാൻ സാധിച്ചു.

100 എം.എസ്.എം.ഇ (Micro, Small and Medium Enterprise) അടക്കം സി എസ് എൽ രജിസ്റ്റർ ചെയ്ത ഏകദേശം 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളാണ് വിമാനവാഹിനിക്കപ്പൽ നിർമ്മിതിയിൽ കാഴ്ചവച്ചിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!