ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള പാക് സൈന്യത്തിന്‍റെ ഏത് കുത്സിത നീക്കത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ഇന്ന് രാപ്പകലില്ലാതെ സജ്ജമാണ്. മയക്കുമരുന്നും ആയുധവും അതിര്‍ത്തി കടത്തി ഇന്ത്യന്‍ മണ്ണിലെത്തിക്കാനുള്ള പാക് ശ്രമങ്ങളെ സൈന്യം നിരവധി തവണ തകര്‍ത്തിട്ടുണ്ട്.
അയ്യായിരത്തിലധികം ജനസംഖ്യയുള്ള പന്ത്രണ്ട് ഗ്രാമങ്ങളാണ് പാക് അധിനിവേശ കശ്മീരുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥയും ഈ പ്രദേശങ്ങളെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ ഏറെ പ്രയാസമുള്ളതാക്കുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം അവിടുത്ത വിദ്യാര്‍ത്ഥികകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും സൈന്യം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ഇന്ന് പൊതുവേ ശാന്തമാണ്. എന്നാല്‍, പാക് അതിര്‍ത്തിയില്‍ നിന്നും നിരന്തരമുണ്ടായ ഷെല്ലാക്രമണത്തിന്‍റ ഭീകര ദൃശ്യങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇന്നും കാണാം.
ബസൂണി എന്ന ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ 12 വീടുകളുണ്ട്, ഗ്രാമത്തിൽ ആകെ 100 ആളുകൾ താമസിക്കുന്നു. ഷെല്ലാക്രമണത്തെ തുടര്‍ന്ന് തുള വീഴാത്ത ഒറ്റ കെട്ടിടവും അതിര്‍ത്തി ഗ്രാമത്തിലില്ല. ചുമരുകളിലും ജനാലകളിലും മതിലുകളിലും പാക് ഷെല്ലുകള്‍ പതിച്ചതിന്‍റെ ദ്വാരങ്ങള്‍ കാണാം. ഈ വർഷം ഫെബ്രുവരിക്ക് മുമ്പുണ്ടായ മോർട്ടാർ ഷെല്ലാക്രമണത്തില്‍ ഗ്രാമത്തില്‍ ഏറെ നാശം സംഭവിച്ചതായി ഗ്രാമവാസികള്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ നാലഞ്ച് മാസമായി വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ശാന്തമാണ്. കൊവിഡ് രോഗാണുവിന്‍റെ വ്യാപനം കൂടിയതോടെ ഈ പ്രദേശങ്ങളും ലോക്ഡൌണിലേക്ക് നീങ്ങി. ലോക്ഡൌണില്‍ അയവ് വന്നതോടെ അതിര്‍ത്തി ഗ്രാമത്തിലെ കുട്ടികള്‍ക്കായി കമ്മ്യൂണിറ്റി സ്കൂള്‍ തുറന്നിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഈ കമ്മ്യൂണിറ്റി സ്കൂളിലേക്ക് പഠനത്തിനായ സമീപ ഗ്രാമങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികളെത്തുന്നു.
“ഇപ്പോൾ സ്ഥിതി സമാധാനപരമാണ്. ഷെല്ലിംഗ് കാരണം, ഞങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു. ഞങ്ങൾക്ക് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല, വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചു, പക്ഷേ ഇപ്പോൾ എല്ലാം ശരിയാണ്. അതിർത്തി പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് പ്രശ്‌നമുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഇന്‍റർനെറ്റ് സൗകര്യമുണ്ട്, പക്ഷേ ഇവിടെ ഇല്ല. അതിനാൽ കമ്മ്യൂണിറ്റി ക്ലാസുകൾ എന്ന ആശയം സൈന്യം കൊണ്ടുവന്നു. " കമ്മ്യൂണിറ്റി സ്കൂൾ അദ്ധ്യാപകൻ ആലിയാസ് ഖാൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ റോസിയ ജമീൽ ഡോക്ടറാകണമെന്ന് ആഗ്രഹം പറഞ്ഞു എന്തുകൊണ്ട് ഡോക്ടറാകാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, “എന്‍റെ രാജ്യത്തെയും സമൂഹത്തെയും സേവിക്കാൻ ആഗ്രഹിക്കുന്നു”വെന്നായിരുന്നു അവളുടെ ഉത്തരം.
ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സൈന്യങ്ങൾ തമ്മിലുള്ള വെടിനിർത്തൽ ധാരണ നിയന്ത്രണ രേഖയിൽ സമാധാനം സ്ഥാപിക്കുക മാത്രമല്ല, സ്വാതന്ത്ര്യത്തിന് ശേഷവും വൈദ്യുതിയും റോഡുകളും എത്താത്ത പ്രദേശങ്ങളിൽ വികസനത്തിനും അത് വഴിയൊരുക്കി.
വെടിനിർത്തൽ ധാരണകൾ ആവർത്തിക്കുന്നത് അതിർത്തി ഗ്രാമങ്ങളിൽ പ്രതീക്ഷകൾ നൽകുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനാൽ ഗ്രാമവാസികളും സന്തുഷ്ടരായിരുന്നു. “വെടിനിർത്തൽ ലംഘനമാണ് ഞങ്ങൾക്ക് കൊറോനോവൈറസിനേക്കാൾ വലിയ ഭീഷണി. ഏറ്റുമുട്ടല്‍ സമയത്ത്, ഞങ്ങൾക്ക് പുറത്തുപോകാൻ കഴിഞ്ഞില്ല, സ്കൂളുകൾ അടയ്ക്കും. കൃഷിചെയ്യാനും കഴിയില്ല. കഴിഞ്ഞ 4-5 മാസത്തിനുശേഷം, അത്തരം സംഭവങ്ങളില്ലാത്തതിനാല്‍ ഞങ്ങൾ സന്തുഷ്ടരാണ്. ” പ്രാദേശവാസിയായ മുഹമ്മദ് യൂനുസ് ഖാൻ പറഞ്ഞു.
കരസേന നടത്തുന്ന പൈൻ വുഡ് സ്കൂളിലെ അദ്ധ്യാപിക റാഫിയ കൌസർ പറഞ്ഞു, “വെടിവയ്പ്പ് കാരണം സ്കൂളുകൾ മാസങ്ങളോളം അടച്ചിട്ടു. വെടിവയ്പിനെ ഭയന്ന് കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ മാതാപിതാക്കൾ മടിക്കുന്നു." അതിര്‍ത്തി ഗ്രാമങ്ങളില്‍ കൊവിഡ് വാക്സിനേഷനും സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്.
പാക്കിസ്ഥാൻ വീണ്ടും മാനദണ്ഡങ്ങൾ ലംഘിച്ചേക്കുമെന്ന് ചില ഗ്രാമവാസികള്‍ക്ക് ഭയമുണ്ട്. ഒരു സർപഞ്ച് പറഞ്ഞുത് ഇങ്ങനെ: “ആവശ്യത്തിന് ബങ്കറുകൾ ഉണ്ടായിരിക്കണം. അതിര്‍ത്തി ഗ്രാമത്തില്‍ 200 ലധികം ബങ്കറുകളാണ് സർക്കാർ അനുവദിച്ചത്. എന്നാല്‍ 50-60 എണ്ണം മാത്രമാണ് നിർമിക്കപ്പെട്ടത്. ഇത് ഞങ്ങളുടെ ജീവിതത്തിന്‍റെ സുരക്ഷയുടെ കാര്യമാണ്. ” എന്നായിരുന്നു.
പാക്കിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിൽ നിന്ന് ഏതാനും മീറ്റർ അകലെയുള്ള സീറോ പോയിന്‍റിലാണ് ഈ ഗ്രാമവാസികൾ താമസിക്കുന്നത്. ഈ പ്രദേശത്ത് മുമ്പ് നിരവധി നുഴഞ്ഞുകയറ്റ കേസുകൾ ഉണ്ടായിട്ടുണ്ട്. സർക്കാർ അനുവദിച്ച ബങ്കറുകളുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, ബങ്കര്‍ നിര്‍മ്മാണത്തിന് സർക്കാരിൽ നിന്ന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “എല്ലാ വീടുകൾക്കും ഒരു ബങ്കർ വച്ച് സർക്കാർ അനുവദിച്ചതിനാൽ ഇത് അവസരങ്ങളുടെ ഒരു ജാലകമാണ്, അവ അതിവേഗം നിർമ്മിക്കാനുള്ള ശ്രമത്തിലാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
അതിര്‍ത്തിയിലെ അവസാന ഗ്രാമമായ ഡാറ്റോട്ടിലേക്കും ഞങ്ങളെത്തി. ചാപ്പർ ധാരയെ ഡാറ്റോട്ടുമായി ബന്ധിപ്പിക്കുന്നത് 11 കിലോമീറ്റർ നീളമുള്ള റോഡാണ്. കങ്ക വഴി നിയന്ത്രണരേഖയിലെ അവസാന ഗ്രാമത്തിലേക്കുള്ള റോഡ് നിര്‍മ്മാണം വേഗത്തിലാണ് നടക്കുന്നത്.
എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ റോഡ് ഒരു ചെളി പാതയായിരുന്നു, പ്രദേശവാസികൾക്ക് അനുസരിച്ച് പ്രത്യേകിച്ചും മഴക്കാലത്ത് അവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ ഇതിനാല്‍ നേരിടേണ്ടിവരുന്നു. റോഡ് നിര്‍മ്മാണത്തിനായി ഒരു ജെസിബി അക്ഷീണം പ്രവര്‍ത്തിക്കുകയാണ്.
വെടിനിര്‍ത്തല്‍ കരാര്‍ വന്നില്ലായിരുന്നെങ്കില്‍ ഈ ജെസിബി ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. റോഡിന്‍റെ രണ്ട് കിലോമീറ്റർ പാച്ച് ഇന്ത്യൻ സൈന്യം നിർമ്മിക്കുന്നു. നിർമ്മാണ ആവശ്യങ്ങൾക്കായി ജെസിബി, ഡോസർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ളവ പ്രദേശത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ അതിർത്തി പ്രദേശ വികസന പദ്ധതിയുടെയും പ്രധാന്‍മന്ത്രി ഗ്രാമിൻ സദക് യോജനയുടെയും കീഴിലാണ് പ്രധാനമായും റോഡ് നിര്‍മ്മാണം നടക്കുന്നത്. ഡാറ്റോട്ട് ഗ്രാമം വൈദ്യുതീകരണത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും പാക് വെടിവെപ്പ് തുടര്‍ന്നിരുന്നതിനാല്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. വെടിനിര്‍ത്തല്‍ കരാര്‍ വന്നതോടെ ഡാറ്റോട്ട് ഗ്രാമത്തില്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുന്നു.
പാക്കിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിൽ നിന്ന് ഇന്ത്യയെ വേർതിരിക്കുന്ന അതിർത്തിയില്‍ ഇന്ന് ഇരട്ടത്തല നുഴഞ്ഞുകയറ്റ വിരുദ്ധ (എ.ഐ.ഒ.എസ്) ഫെൻസിംഗ് സംവിധാനമാണ് നിലവിലുള്ളത്. അതിര്‍ത്തി കടന്നെത്തുന്ന മയക്ക് മരുന്ന് പിടികൂടാന്‍ ലാബ്രഡോർ ഇനത്തിലെ 2 വയസ്സുള്ള 'ഡോട്ടി' പൂഞ്ച് ജില്ലയിലെ ഹാമിർപൂർ പ്രദേശത്തെ ചെക്ക് പോയന്‍റിൽ കാവല്‍ നില്‍ക്കുന്നു.
നായയ്ക്ക് മനുഷ്യനേക്കാൾ 2,000 മടങ്ങ് ശക്തവും 50 മടങ്ങ് കൂടുതൽ സെൻസിറ്റീവുമായി മണം പിടിക്കാന്‍ കഴിയുന്നു. നിരവധി സുരക്ഷാ പ്രവർത്തനങ്ങൾക്കായി സ്നിഫർ നായയെ ഉപയോഗിക്കുന്നതിനുള്ള കാരണം ഇതാണ്. ” മയക്കുമരുന്ന് കടത്തുകാരെ ചെക്ക്‌പോസ്റ്റുകൾ കടന്നുപോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ 'ഡോട്ടി'യുടെ ഒരു നോട്ടം മതി", അവളുടെ സംരക്ഷകന്‍ പറഞ്ഞു.
കൂടാതെ, നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാനായി നിരീക്ഷണ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഇന്ത്യന്‍ സൈന്യം ഒരുക്കിയിട്ടുണ്ട്. പൂഞ്ച് ജില്ലയിലെ ബിംബർ ഗാലി സെക്ടറിലെ നുഴഞ്ഞുകയറ്റ വിരുദ്ധ സംവിധാനത്തിനും (എ.ഐ.ഒ.എസ്) നിയന്ത്രണ രേഖയ്ക്കും ഇടയില്‍ മൊത്തം 12 ഗ്രാമങ്ങളാണ് ഉള്ളത്.
12 ഗ്രാമങ്ങളിലായി മൊത്തം അയ്യായിരത്തോളം ജനങ്ങള്‍ ജീവിക്കുന്നു. ഇത്രയേറെ ജനസംഖ്യയുള്ളതിനാല്‍ നുഴഞ്ഞുകയറ്റം ഫലപ്രദമായി തടയുന്നതിനായി സാങ്കേതികവിദ്യയും മാനവ വിഭവശേഷിയും സമന്വയിപ്പിക്കുന്ന തന്ത്രമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. ശക്തമായ ഈ നിരീക്ഷണ സംവിധാനം കടന്ന് നുഴഞ്ഞ് കയറ്റക്കാര്‍ക്ക് കടന്ന് വരാന്‍ കഴിയില്ലെന്ന് സൈന്യം തറപ്പിച്ച് പറയുന്നു.
കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് ഹിമാലയന്‍ താഴ്വരയായ കാശ്മീരില്‍ സൈനിക നടപടികള്‍ക്കുള്ള ഏറ്റവും വലിയ വിഘാതം. ശൈത്യ കാലത്ത് മഞ്ഞ് മൂടുന്നതോടെ ഇവിടെ നിന്ന് സൈന്യങ്ങള്‍ പിന്‍വാങ്ങുകയാണ് ഉഭയകക്ഷി ധാരണ. എന്നാല്‍ പാകിസ്ഥാന്‍ 1999 ല്‍ ആ ധാരണ ലംഘിച്ചു.
ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ആയുധവും മയക്കുമരുന്നും കടത്തുന്നതില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറിയിട്ടില്ല. അടുത്തകാലത്ത് ഇതിനായി പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. എന്നാല്‍, പാകിസ്ഥാനില്‍ നിന്നുള്ള ഏത് ഗൂഢനീക്കത്തെയും തകര്‍ക്കുന്നതില്‍ ജാഗരൂകരാണ് ഇന്ത്യന്‍ സൈന്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona