34 കാരനായ ഫായിസിന്‍റെ രണ്ടാമത്തെ ദീര്‍ഘദൂര യാത്രയാണിത്. ആദ്യത്തേത് 2019 ഓഗസ്റ്റ് ഏഴിനായിരുന്നു. ആ യാത്ര അവസാനിച്ചത് 104 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 15 ന് സിംഗപ്പൂരില്‍. മൊത്തം 8,000 കിലോമീറ്റര്‍ ഇതിനിടയില്‍ ഫായിസ് ചവിട്ടിത്തീര്‍ത്തിരുന്നു. ഇതിനിടെ പത്തോളം ഇന്ത്യന്‍ സംസ്ഥാനങ്ങളും നാല് രാജ്യങ്ങളും ഫായിസ് തന്‍റെ സൈക്കിളില്‍ മറികടന്നു. ഇന്ത്യയുടെ കിഴക്കന്‍ രാജ്യങ്ങളിലേക്കാണ് ആദ്യ യാത്രയെങ്കില്‍ ഇത്തവണ ഇന്ത്യയില്‍ നിന്ന് പടിഞ്ഞാറേക്കാണ്.
377 ദിവസങ്ങള്‍ കൊണ്ട് തിരുവന്തപുരത്ത് നിന്നും ലണ്ടനിലെത്താമെന്ന തരത്തിലായിരുന്നു ആദ്യം യാത്രയ്ക്കുള്ള പദ്ധതിയിട്ടിരുന്നത്. പാകിസ്ഥാൻ, ചൈന എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര.
പുതുക്കിയ റൂട്ട് മാപ്പ് പ്രകാരം തിരുവന്തപുരം കോഴിക്കോട്, മൈസൂരു, ഗോവ വഴി മുംബൈയിൽ എത്തും. അവിടെ നിന്ന് ഒമാനിലേക്ക് ഫ്ലൈറ്റിലാണ് യാത്ര. പിന്നീട് ഗൾഫ് സഹകരണ കൗൺസിലിലെ എല്ലാ രാജ്യങ്ങളിലൂടെയും ഫായിസിന്‍റെ ഏകാന്ത സൈക്കിള്‍ കടന്ന് പോകും. ശേഷം കുവൈറ്റിൽ നിന്ന് ഇറാഖ് അതിര്‍ത്തി കടക്കും.
തിരുവനന്തപുരത്ത് നിന്നും മുബൈ വരെ സൈക്കിളിൽ സഞ്ചരിച്ച് വിമാന മാർഗ്ഗം ഒമാനിലെത്തി, അവിടെ നിന്നും സൈക്കിളിൽ യുഎഇ, സൗദ്യഅറേബ്യ, ഖത്തർ, ബഹ്റെൻ, കുവൈറ്റ്, ഇറഖ്, ഇറാൻ, ജോർജിയ, തുർക്കി.പിന്നീട് അവിടെ നിന്ന് യുറോപ്യൻ രാജ്യമായ ബൾഗേറിയ, റുമേനിയ, മാൾഡോവ, യുക്രൈൻ, പോളണ്ട്, ചെകോസ്ലാവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റലർലാൻഡ്, ജർമനി, നെതർലന്‍റ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, എന്നീ രാജ്യങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തി ചേരുക.
പുതുക്കിയ യാത്ര പദ്ധതിയനുസരിച്ച് 35 രാജ്യങ്ങള്‍ കടന്ന് 2024 മാർച്ചിൽ ലണ്ടനിലെത്തുമെന്ന പ്രതീക്ഷയിലാണ് ഫായിസ്. ലോകമെമ്പാടുമുള്ള യുദ്ധ ബാധിതരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, പോഷകാഹാരം, ഹൃദയ സംരക്ഷണം, സമാധാനം എന്നിവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുകയും യാത്രയുടെ ലക്ഷ്യമാണ്.
അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലാണ് ഫായിസിന്‍റെ ലോക സഞ്ചാരം. യുഎഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ലഗേജ് ആക്സസറീസ് കമ്പനിയാണ് സൈക്കിൾ സ്പോൺസർ ചെയ്തിരിക്കുന്നത്. യാത്രാ വഴിയിലുള്ള സ്കൂളുകള്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവാദത്തിന് ശ്രമിക്കും. വിദ്യാര്‍ത്ഥികളോട് സംവദിക്കുക വഴി യാത്രോദ്ദേശത്തിന്‍റെ പ്രചാരണവും ഫായിസ് ലക്ഷ്യമിടുന്നു.
യാത്രാ വഴിയിലെ കമ്മ്യൂണിറ്റി സെന്‍ററുകൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക-സാംസ്കാരിക, യുവജന ഗ്രൂപ്പുകൾ എന്നിവരുമായി ബന്ധപ്പെടാൻ ശ്രമിക്കുമെന്നും ഫായിസ് പറയുന്നു. ടൂറിസം വകുപ്പ്, നോർക്ക റൂട്ട്സ്, സംസ്ഥാന സർക്കാരിന്‍റെ മലയാളം മിഷൻ എന്നിവയും ഫായിസിന്‍റെ യാത്രയെ പിന്തുണയ്ക്കുന്നു.
റോട്ടറി ഇന്‍റർനാഷലിന്‍റെ പിന്തുണയും ഫായിസിന്‍റെ യാത്രയ്ക്കുണ്ട്. അതോടൊപ്പം ടീം എക്കോ വീലേഴ്സാണ് ഫായിസിന്‍റെ യാത്രയ്ക്ക് നേതൃത്വം വഹിക്കുന്നത്. വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വെച്ചാണ് സൈക്കിളിൽ ലോകം ചുറ്റാൻ ഇറങ്ങിയത്. ഫായിസിന്‍റെ ഏകാന്ത സൈക്കിള്‍ യാത്ര വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി കനകകുന്ന് വച്ച് ഇന്നലെ വൈകീട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഫായിസിന്‍റെ ആദ്യ സൈക്കിള്‍ യാത്രയുടെ വിവരണം വായിക്കാന്‍ ക്ലിക്ക് ചെയ്യുക.