കൊവിഡ് 19 സമ്പര്‍ക്ക ഭീതിയില്ലാതെ സാധനങ്ങള്‍ വാങ്ങാം; മാതൃകയായി മിസോറാമിലെ 'കച്ചവടക്കാരില്ലാത്ത കടകള്‍'

First Published | Jun 20, 2020, 11:15 AM IST

കൊവിഡ് 19 വ്യാപിക്കുന്നതിനിടെ സാമൂഹ്യ അകലം പാലിക്കാന്‍ മിസോറാമിലെ ചെറുകിട കച്ചവടക്കാര്‍ സ്വീകരിച്ച മാര്‍ഗം ചര്‍ച്ചയാവുന്നു. പഴം, പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ അവശ്യക്കാരിലെത്തിക്കുകയും അതേസമയം കൊവിഡ് 19 സമ്പര്‍ക്ക ഭീതി ഒഴിവാക്കുകയും ചെയ്യുന്നുണ്ട് ഈ  'കച്ചവടക്കാരില്ലാത്ത കടകള്‍'

കൊവിഡ് 19 വ്യാപിക്കുന്നതിനിടെ സാമൂഹ്യ അകലം പാലിക്കാന്‍ മിസോറാമിലെ ചെറുകിട കച്ചവടക്കാര്‍ സ്വീകരിച്ച മാര്‍ഗം ചര്‍ച്ചയാവുന്നു. വിശ്വാസം കച്ചവടത്തിന്‍റെ അടിസ്ഥാനമായി മാറുന്ന കാഴ്ചയേക്കുറിച്ചാണ് മിസോറാം മുഖ്യമന്ത്രി സോറംതംഗയടക്കം സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കുന്നത്.
പരമ്പരാഗത രീതിയായ കച്ചവടക്കാരില്ലാത്ത കടകള്‍ എന്നരീതിയിലേക്കാണ് മിസോറാമിലെ ചെറുകിട കച്ചവടം മാറിയിട്ടുള്ളതെന്ന് സോറംതംഗ വിശദമാക്കുന്നു.

സാമൂഹ്യ അകലം പാലിക്കാന്‍ ഈ രീതി അനുയോജ്യമാണെന്നാണ് സോറംതംഗ വിശദമാക്കുന്നത്. മിസോറാമിലെ റോഡരുകുകളിലുള്ള കടകളില്‍ കച്ചവടം ചെയ്യാന്‍ ആളുകളില്ല, പക്ഷേ സാധനം വാങ്ങാനെത്തുന്നവര്‍ക്ക് അത് കിട്ടുകയും ചെയ്യും. വില്‍പനയ്ക്കുള്ള സാധനങ്ങള്‍ നിരത്തി വച്ചിട്ടുണ്ടാകും സമീപത്ത് വിലവിവരം അടങ്ങിയ പട്ടികയും. ആവശ്യമായ സാധനങ്ങള്‍ എടുത്ത ശേഷം അതിന്‍റെ വില പണപ്പെട്ടിയില്‍ നിക്ഷേപിക്കാം.
ചില്ലറ തിരികെ കിട്ടാനുണ്ടെങ്കില്‍ പണപ്പെട്ടിയില്‍ നിന്ന് എടുക്കുകയും ചെയ്യാം. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ സത്യസന്ധതയില്‍ വിശ്വസിച്ചാണ് ഈ കടകളിലെ കച്ചവടം. പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് ഇത്തരത്തില്‍ വില്‍പന നടക്കുന്നത്.
കൊവിഡ് വ്യാപനത്തിന് പിന്നാലെ വഴിയോരകച്ചവടക്കാരില്‍ നിന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നത് കുറഞ്ഞതോടെയാണ് മിസോറാമുകാര്‍ പരമ്പരാഗത രീതിയിലേക്ക് തിരിച്ച പോയത്. സാധനം വാങ്ങാനെത്തുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ ലഭിക്കുകയും ഒപ്പം സാമൂഹ്യ അകലം പാലിക്കാനും സാധിക്കും എന്നതാണ് ഈ രീതിയുടെ പ്രത്യേകതയായി വിലയിരുത്തുന്നത്. കാര്യമായ കച്ചവടം നടക്കുന്നില്ലെങ്കില്‍ കൂടിയും സാധനം വാങ്ങാനെത്തുന്നവരുടെ സത്യസന്ധത മനസിലാക്കാന്‍ കഴിയുന്നത് മികച്ച കാര്യമായാണ് കച്ചവടക്കാരില്‍ പലരും പ്രതികരിക്കുന്നത്.
വിശ്വാസ്യതയും ആതിഥ്യമര്യാദയും ഒന്നിച്ച് പോകുന്നതാണ് 2020ന്‍റെ പ്രത്യേകതയെന്നും മിസോറാം മുഖ്യമന്ത്രി സോറംതംഗ പറയുന്നു. സമൂഹത്തിലുള്ളവരോട് വിശ്വാസമുണ്ടെന്ന് ഉറപ്പിക്കാന്‍ ഉതകുന്നതാണ് ഈ രീതിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഈ രീതിയോടുള്ള പ്രതികരണം.
മിസോറാമിലൂടെ കടന്നുപോകുന്ന യാത്രക്കാരാണ് ഈ കടകളുടേയെല്ലാം പ്രധാന ഉപഭോക്താക്കള്‍. വിലപേശലോ ധനവിനിമയത്തിനോ ആളുകളുമായി ഇടപെടുന്ന അവസരത്തിനോ സാധ്യതയില്ലാത്തത് കൊവിഡ് 19 സമ്പര്‍ക്ക ഭീതിയില്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതാണ് ഇത്തരം രീതികള്‍ എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.

Latest Videos

click me!