രാഷ്ട്രപതി തെരഞ്ഞെടുപ്പ്; 99 ശതമാനം പോളിങ്ങ്, രണ്ട് ബിജെപി എംപിമാരടക്കം എട്ട് പേര്‍ വോട്ട് ചെയ്തില്ല

First Published | Jul 19, 2022, 12:03 PM IST

ന്ത്യയുടെ പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ (Presidential Election 2022) 99 ശതമാനം വോട്ട് ചെയ്തപ്പോള്‍ രണ്ട് ബിജെപി എംപി അടക്കം ഏട്ട് പേര്‍ വോട്ട് രേഖപ്പെടുത്തിയില്ല. 4,809 വോട്ടർമാരിൽ 99 ശതമാനത്തിലധികം പേർ പാർലമെന്‍റ് ഹൗസിലും സംസ്ഥാന നിയമസഭകളിലും വോട്ട് രേഖപ്പെടുത്തി. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും 100 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മു വിജയത്തോട് കൂടുതല്‍ അടുത്തു. അതേ സമയം ബിജെപി എംപിമാരായ സണ്ണി ഡിയോൾ, സഞ്ജയ് ധോത്രേ എന്നിവരും സയ്യിദ് ഇംതിയാസ് ജലീൽ (എഐഎംഐഎം),  ഗജാനൻ കീർത്തികർ (ശിവസേന),  മുഹമ്മദ് സാദിഖ് (കോൺഗ്രസ്), ടി ആർ പാരിവേന്ദർ (ഡിഎംകെ),  ഹാജി ഫസ്ലുർ റഹ്മാൻ, അതുൽ കുമാർ സിങ് (ബിഎസ്പി) എന്നിവരും ഇന്നലെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തിയില്ല. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി. 

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഇന്ത്യയുടെ പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. പാര്‍ലമെന്‍റിലെ 63-ാം നമ്പര്‍ മുറിയാണ് പോളിങ്ങ് ബൂത്തായി ഉപയോഗിച്ചത്. സംസ്ഥാനങ്ങളില്‍ അതാത് നിയമസഭകളിലാണ വോട്ടെടുപ്പ് നടന്നത്. 

എം പിമാരും എം എല്‍ എമാരുമടക്കം 4,809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കി. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.


എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികളും മുർമുവിന് പിന്തുണ അറിയിച്ചതാണ്  വലിയ നേട്ടമായത്. 

വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി, അവസാന നിമിഷം പിന്തുണ അറിയിച്ചത് മാത്രമാണ് ആശ്വാസമായത്. വോട്ടെണ്ണൽ ജൂലൈ 21 നും അടുത്ത രാഷ്ട്രപതി ജൂലൈ 25 നും സത്യപ്രതിജ്ഞ ചെയ്യും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചിത്രവും ഇതിനിടെ വ്യക്തമായി. സ്ഥാനാര്‍ത്ഥിയായി ജഗ്ദീപ് ധാൻകറിനെ എൻ ഡി എ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്ത സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ചു. ശരദ്പവാറിന്‍റെ വസതിയില്‍ ഇന്നലെ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചത്. 

വനിത, ന്യൂനപക്ഷ സമുദായാംഗം , രാഷ്ട്രീയ പരിചയം, ദക്ഷിണേന്ത്യന്‍ പ്രാതിനിത്ഥ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് മാര്‍ഗരറ്റ് അല്‍വയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഉത്തരാഖണ്ട്, ഗോവ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണ്ണറും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു മാർഗരറ്റ് ആൽവ. 

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പാര്‍ലമെന്‍റിലെത്തിയപ്പോല്‍

യോഗത്തില്‍ പതിനേഴ് പ്രതിപക്ഷ  പാര്‍ട്ടികളാണ് പങ്കെടുത്തതെങ്കിലും 19 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന്  നേതാക്കള്‍ അവകാശപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ചൊവ്വാഴ്ച മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Latest Videos

click me!