രാഷ്ട്രപതി ഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും കോണ്‍ഗ്രസ് നയിച്ച പ്രതിഷേധമാര്‍ച്ചിനിടെ എംപിമാരും ദില്ലി പൊലീസും തമ്മില്‍ ഏതാണ്ട് ഒരു മണിക്കൂറോളം ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെയും എംപിമാരെയും റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
രാഹുല്‍ ഗാന്ധിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത് നീക്കിയപ്പോള്‍ പ്രിയങ്കയെ കസ്റ്റഡിയിലെടുത്തു. രമ്യാഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെയുംവലിച്ചിഴച്ചാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സഭ ആരംഭിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.
അതിന് ശേഷം എംപിമാര്‍ പ്ലേക്കാര്‍ഡുമായി പാര്‍ലമെന്‍റിന്‍റെ ഒന്നാം ഗെയിറ്റിലൂടെ പുറത്തേക്കിറങ്ങി. ഒന്നാം നമ്പര്‍ ഗേറ്റില്‍ കറുത്തവസ്ത്രങ്ങളിഞ്ഞെത്തിയ കോണ്‍ഗ്രസ് എംപിമാര്‍ കൈകളില്‍ പച്ചകറികളും കരുതിയിരുന്നു. രാജ്യത്ത് ജനാധിപത്യത്തിന്‍റെ അന്ത്യം നടന്നു കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രാവിലെ തന്നെ രംഗത്തിയിരുന്നു. രാവിലെ എ ഐ സിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍, ഇന്ത്യയിലെ ഏകാധിപത്യത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് മാധ്യമങ്ങളോട് ചോദിച്ചു. ജനാധിപത്യത്തിന്‍റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു. ജനശബ്ദം ഉയരാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കേസുകളിൽ കുടുക്കി ജയിലിലിടുന്നു. അന്വേഷണ ഏജൻസികളിലൂടെ സമ്മർദ്ദത്തിലാക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ആർഎസ്എസ് നിയന്ത്രണത്തിലാണ്. എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു. സ്റ്റാർട്ട്അപ്പ് ഇന്ത്യ എവിടെയാണെന്നും രാഹുല്‍ ചോദിച്ചു. സത്യങ്ങൾ എത്ര പറയുന്നുവോ, അത്രയും ആക്രമണം തനിക്കെതിരെ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം അങ്ങനെ പല വിഷയങ്ങൾ താൻ പറയുന്ന കാര്യങ്ങളിൽ സർക്കാർ പ്രകോപിതരാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കായികമായി നേരിട്ടാലും സമരവുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളെ പൊതുജനമധ്യത്തില്‍ ഉയര്‍ത്തിക്കാട്ടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ട് മാര്‍ച്ചുകള്‍ക്കാണ് കോണ്‍ഗ്രസ് ഇന്ന് നേതൃത്വം കൊടുത്തത്. ഒന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള മാര്‍ച്ചും മറ്റേത് രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചുമായിരുന്നു. നേരത്തെ ദില്ലി പൊലീസിനെ മാര്‍ച്ചിനെ കുറിച്ച് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ച ദില്ലി പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിരോധനാജ്ഞ ലംഘിച്ചാണ് കോണ്‍ഗ്രസ് എംപിമാരും പ്രവര്‍ത്തകരും മാര്‍ച്ചുമായി മുന്നോട്ട് പോയത്. ഗ്യാസ് വിലവര്‍ദ്ധനവ്, ജിഎസ്ടി നിരക്ക് ഉയര്‍ത്തല്‍, മറ്റ് അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവ്, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി നടത്തുന്ന വേട്ടയാടലിനെതിരെയുമായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതിഷേധം.
ഗ്യാസ് കുറ്റിയുമായിട്ടായിരുന്നു പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. ബാരിക്കേഡുകൾ മറിച്ചിട്ടും മുന്നോട്ട് പോകാൻ ശ്രമിച്ച എംപിമാരും പൊലീസും തമ്മിൽ ഉന്തും തളളുമുണ്ടായി. പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുമ്പ്, പ്രതിഷേധിച്ചാൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ദില്ലി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
യങ് ഇന്ത്യ ഓഫീസ് പൂട്ടിയ ഇഡി നടപടിക്കെതിരെയും കൂടിയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇ ഡി സംഘം മുദ്രവെച്ചതിനെതിരെ പാർലമെന്‍റില്‍ ഇന്നലെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ എം പിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയക്കുന്നില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നുമായിരുന്നു ഈ പ്രതിഷേധങ്ങൾക്ക് ശേഷം പാർലമെന്റിന് പുറത്ത് രാഹുല്‍ഗാന്ധിയുടെ പ്രതികരണം. ഇതിനിടെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെയെ സമൻസ് അയച്ച് എൻഫോഴ്സ്മെന്‍റ് സംഘം വിളിച്ച് വരുത്തിയത് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ രാജ്യസഭയിൽ വാക്പോരിന് കാരണമായി.
സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വിയില്ലാത്ത നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ അന്വേഷണ ഏജൻസികളുടെ നടപടിയില്‍ സർക്കാര്‍ ഇടപെടാറില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ന്യായീകരിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടരുതെന്നും നിയമം അനുസരിക്കണമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടു. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാർജ്ജുൻ ഖാർഗെയക്ക് ഇ ഡി നോട്ടീസ് നല്‍കിയത്.
ഉച്ചക്ക് ആരംഭിച്ച റെയ്ഡും ഖാര്‍ഗെയുടെ ചോദ്യം ചെയ്യലും ഏഴ് മണിക്കൂറോളം നീണ്ട് നിന്നു. രാഷ്ട്രീയ പകപ്പോക്കലെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കോണ്‍ഗ്രസിന്‍റെ വിലക്കയറ്റ സമരത്തിന് മുന്നോടിയായുള്ള സർക്കാരിന്‍റെ നാടകമാണിതെന്നും കുറ്റപ്പെടുത്തി.