ലഖിംപൂർ ഖേരി; കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ വീട്ടില്‍ സിദ്ദു നിരാഹാര സമരത്തില്‍

First Published | Oct 9, 2021, 2:33 PM IST

സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്ര  കര്‍ഷകര്‍ക്ക് നേരെ വാഹനമോടിച്ച് കയറ്റി നാല് കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ആശിഷ് മിശ്രയെ (Asish Mishra) ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. അതിനിടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു , അതെ സംഭവത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ വീട്ടില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. സംഭവത്തില്‍ അഞ്ച് പേരെ ഇതുവരെയായി യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശിശ് മിശ്രയേയും കസ്റ്റഡിയില്‍ എടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കൊലപാതകമടക്കമുള്ള വകുപ്പുകളാണ് കേന്ദ്രആഭ്യന്തര സഹമന്ത്രിയുടെ മകനെതിരെ ചുമത്തിയിരിക്കുന്നത്. കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്നും ഇന്നലെ കേന്ദ്രമന്ത്രി അജയ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വസിം സെയ്ദി. 

ലഖിംപൂർ ഖേരി (Lakhimpur Kheri ) സംഘര്‍ഷം സംബന്ധിച്ച് സുപ്രീംകോടതി ആരെയങ്കിലും അറസ്റ്റ് ചെയ്തോ എന്ന് അറിയിക്കണമെന്ന് യുപി  പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ പിന്നാലെയാണ് നാല് പേരുടെ കസ്റ്റഡി രേഖപ്പെടുത്താന്‍ യുപി പൊലീസ് തയ്യാറായത്. 

അതേസമയം, ലഖിംപുരിലേക്ക് പോകാൻ ശ്രമിച്ച പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിനെയും മൂന്ന് പഞ്ചാബ് മന്ത്രിമാരെയും സഹറൻപുരിൽ വച്ച് യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതേ തുടര്‍ന്ന് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്‍റെ വിട്ടീല്‍ സിദ്ദുവും പഞ്ചാബില്‍ നിന്നുള്ള മന്ത്രിമാരും അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു.


രാജ്യത്തിന് മുഴുവനും അറിയാം കര്‍ഷകര്‍ വേദനയിലാണെന്ന്. കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത് എട്ട് കര്‍ഷകരെ കൊലപ്പെടുത്തിയ മന്ത്രി പുത്രന്‍ ഇപ്പോഴും പുറത്താണെന്നും അയാളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരവും തുടരുമെന്നും സിദ്ദുവിനൊപ്പം നിരാഹാരമിരിക്കുന്ന എഐസിസി വക്താവും പഞ്ചാബിലെ പിഡബ്യുഡി മന്ത്രിയുമായ വിജയേന്ദ്രര്‍ സിംഗ്ല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രണ്ട് ദിവസം മുമ്പ് ലഖിംപൂർ ഖേരിയിലേക്ക് സിദ്ദു പുറപ്പെട്ടിരുന്നെങ്കിലും പ്രദേശത്തേക്ക് കടത്തിവിട്ടില്ല. പിന്നീട് ആറ് മണിക്കൂറോളം നേരം സിദ്ദുവിനെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞ് വച്ചെന്നും അതിന് ശേഷമാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ വീട്ടിലേക്കെത്താന്‍ സിദ്ദുവിനെ സംഘത്തിനും കഴിഞ്ഞത്. നിരാഹാരത്തോടൊപ്പം സിദ്ദു മൌനവ്രതത്തിലുമാണ്. 

മരിച്ച ലവ്പ്രീത് സിംഗിന്‍റെ അമ്മയ്ക്ക് ചികിത്സ നൽകണമെന്നും കോടതി  യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലഖിംപുർ ഖേരി സംഘർഷത്തിൽ സ്വമേധയാ സുപ്രീംകോടതി കേസെടുത്തു എന്നാണ് ഇന്നലെ നൽകിയ അറിയിപ്പ്. എന്നാൽ രണ്ട് അഭിഭാഷകർ നൽകിയ കത്ത് പൊതുതാല്പര്യ ഹർജിയാക്കാനാണ് തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ഇന്ന് വിശദീകരിച്ചു. കേസെടുത്ത സാഹചര്യത്തിൽ ഇതിന്‍റെ വിശദാംശം അറിയണമെന്ന് ചീഫ് ജസ്റ്റിസ് യുപി പൊലീസിന് നിർദ്ദേശം നൽകി. 

ആർക്കൊക്കെ എതിരെയാണ് കേസ്, സംഭവത്തില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തോ തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്ന് യുപി സർക്കാരിന് കോടതി നിർദ്ദേശം നൽകി. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും കോടതി ഇടപെടലിന് പിന്നാലെയാണ് യുപി പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായത്. ഇതിൽ രണ്ട്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പങ്കിനെക്കുറിച്ച് ഇവർ മൊഴി നൽകിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മരിച്ച കർഷകരിൽ ഒരാളായ ലവ്പ്രീത് സിംഗിന്‍റെ അമ്മ തളർന്നു വീണ ശേഷം സ്ഥിതി ഗുരുതരമാണെന്ന് സുപ്രീംകോടതിയെ ചിലർ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അടിയന്തരമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി യുപി സർക്കാരിന് കോടതി നിർദ്ദേശം നൽകിയത്. 

ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് യുപി പൊലീസ് മന്ത്രിയുടെ വീടിന് മുന്നില്‍ നോട്ടീസ് പതിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചുവെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. സുപ്രീംകോടതി കേസെടുത്ത പശ്ചാത്തലത്തിൽ ഇന്നലെ രാത്രി തന്നെ അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയെ കമ്മീഷനായി നിയോഗിച്ചിരുന്നു. 

കേസ് നാളെ പരിഗണിക്കുന്നതിന് മുമ്പ് റിപ്പോർട്ട് നല്‍കാനാണ് കോടതിയുടെ നിർദ്ദേശം. സംഭവം നടന്ന് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജ്യാന്തരതലത്തില്‍ ശ്രദ്ധയമായ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത യുപി പൊലീസ് , സുപ്രീംകോടതിയുടെ വിമര്‍ശനം കാരണമാണ് ഇന്ന് നടപടികളിലേക്ക് നീങ്ങിയത്. 

ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മകന് ശാന്തികിട്ടുകയൊള്ളൂവെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാമണ്‍ കശ്യപിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ മന്ത്രി പുത്രനെ ചോദ്യം ചെല്ലുന്നതിന്‍റെ ഭാഗമായി യുപി സര്‍ക്കാര്‍ ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് ണക്ഷൻ വിഛേദിച്ചു. മന്ത്രി പുത്രനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 18 ന് രാജ്യവ്യാപക റെയിൽ ഉപരോധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. 
 

Latest Videos

click me!