കൊവിഡ് 19; മരണസംഖ്യയില്‍ മെക്സിക്കോയെ പിന്തള്ളി ഇന്ത്യ മൂന്നാമത്
First Published | Aug 31, 2020, 11:54 AM IST
കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മെക്സിക്കോയെ പിന്തള്ളി മൂന്നാമതെത്തിയെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍. ലോകത്ത് പ്രതിദിന രോഗവ്യാപനത്തിലും ഇന്ന് ഇന്ത്യയാണ് മുന്നില്‍. ലോകത്ത് ഇതുവരെയായി ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് അമേരിക്കയിലാണ്. 1,87,224 പേരാണ് ഇതുവരെയായി യുഎസ്സില്‍ മരിച്ചത്. 61,73,236 പേര്‍ക്ക് യുഎസ്സില്‍ രോഗബാധ സ്ഥിരീകരിച്ചു. 38,62,311 പേര്‍ക്ക് രോഗബാധയേറ്റ ബ്രസീലാണ് മരണസംഖ്യയിലും രണ്ടാമതുള്ളത്. 1,20,896 പേര്‍ ബ്രസീലില്‍ കൊറോണാ വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചു. 36,19,169 പേര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റപ്പോള്‍ 64,617 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നാലാമതുള്ള റഷ്യയില്‍ 9,90,326 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ മരണനിരക്ക് വളരെ കുറവാണ്. 17,093 പേരാണ് റഷ്യയില്‍ ഇതുവരെയായി വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചത്. മരണസംഖ്യയില്‍ നാലാമതുള്ള മെക്സിക്കോയില്‍ 64,158 പേര്‍ മരിച്ചപ്പോള്‍ 5,95,841 പേര്‍ക്ക് രോഗബാധയേറ്റു.