പശ്ചിമ മഹാരാഷ്ട്രയിലെ സത്താര ജില്ലയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. നിരവധി പേർ വെള്ളപ്പൊക്കത്തിപ്പെട്ടെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സത്താരയിൽ മാത്രം മരിച്ചവരുടെ എണ്ണം 27 ആയി. മരിച്ചവര്‍ കിഴക്കൻ ജില്ലകളായ ഗോണ്ടിയ, ചന്ദ്രപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന മഴ നദികള്‍ കരകവിയുന്നതിന് കാരണമായി. ശക്തമായ മഴയെ തുടര്‍ന്ന് കൂടുതല്‍ ജലം ഒഴികിയെത്തിയതോടെ പല ഡാമുകളുടെയും ഷട്ടര്‍ ഉയര്‍ത്തി.
ഇത് നദികളിലെ ജല നിരപ്പുയര്‍ത്തുകയും നദീ തീര ഗ്രാമങ്ങളെയും നഗരങ്ങളെയും വെള്ളത്തിലാഴ്ത്തുകയും ചെയ്തു.
പശ്ചിമ മഹാരാഷ്ട്രയിലെ പൂനെ ഡിവിഷനിലെ കോലാപ്പൂർ ജില്ലയിലെ 40,000 ത്തിലധികം പേർ ഉൾപ്പെടെ 84,452 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
2019 ലുണ്ടായ വെള്ളപ്പൊക്കത്തേക്കാള്‍ ഉയരെ ഇത്തവണ വെള്ളമുയര്‍ന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പഞ്ച്ഗംഗ നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കോലാപ്പൂരിൽ 54 ഗ്രാമങ്ങള്‍ പൂർണമായും മുങ്ങിയപ്പോള്‍ 821 ഗ്രാമങ്ങളെ ഭാഗീകമായും വെള്ളപ്പൊക്കം ബാധിച്ചു.
നേപ്പാളില്‍ നിന്നും ജോലിക്കായെത്തിയ എട്ട് തൊഴിലാളികളടക്കം പതിനൊന്ന് പേർ സഞ്ചരിച്ച ബസ് ശക്തമായ കുത്തൊഴിക്കില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.
റായ്ഗഡ് ജില്ലയ്ക്ക് പുറമെ സതാരയിലെ അംബേഗർ, മിർഗാവ് ഗ്രാമങ്ങളിലും വ്യാഴാഴ്ച രാത്രി അതിശക്തമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോർട്ട് ചെയ്തു.
കദ്ര അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് കൈഗ ആണവനിയത്തിന് സമീപത്തേക്കും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, മറ്റ് ഏജൻസികൾ എന്നിവരുടെ സേവനങ്ങള്‍ ഏകോപിപ്പുക്കുന്നുണ്ട്.
ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും ആറ് ടീമുകൾ ഇന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കു ചേരുമെന്ന് അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പരിക്കേറ്റവരെ സർക്കാർ ചെലവിൽ ആശുപത്രികളിൽ ചികിത്സിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തെ കനത്ത മഴയിൽ റെയ്ഗഡ്, രത്‌നഗിരി, പൽഘർ, താനെ, സിന്ധുദുർഗ്, കോലാപ്പൂർ, സാംഗ്ലി, സതാര ജില്ലകളിൽ വൻ വെള്ളപ്പൊക്കമുണ്ടായി.
മഴ ബാധിച്ച ആറ് ജില്ലകൾക്കായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. തുടര്‍ന്നും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ട് എട്ട് കൊവിഡ് രോഗികള്‍ മരിച്ചു. പലയിടത്തും മണ്ണിടിച്ചില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
നാല്‍പ്പത് വര്‍ഷത്തിനിടെ മഹാരാഷ്ട്രയിലുണ്ടായ ഏറ്റവും കനത്ത മഴയിൽ കൊങ്കന്‍ മേഖല ഏതാണ്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.
റായ്ഗഡിലുണ്ടായ മണ്ണിടിച്ചില്‍ കുടുങ്ങിയ 63 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 70 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. കുടുങ്ങികിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തെലങ്കാനയുടെ വടക്കന്‍ ജില്ലകള്‍, ഉത്തര കന്നഡ, ശിവമോഗ, ഉഡുപ്പി എന്നിവടങ്ങളില്‍ പ്രളയസമാനമായ സാഹചര്യമാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ഒഴുക്കില്‍പ്പെട്ട് 23 പേരെ കാണാതായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona