പ്രധാനമന്ത്രിക്ക് രണ്ട് പരിപാടികളാണ് പഞ്ചാബില്‍ ഉണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയും. പ്രധാനമന്ത്രി ഭട്ടിൻഡയിലാണ് വിമാനമിറങ്ങിയത്. എന്നാൽ, സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല.
കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്റ്റര്‍ ഉപേക്ഷിച്ച് റോഡ് മാർഗം പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം പോകാന്‍ സാധിക്കുമോയെന്ന് എസ്പിജി സംസ്ഥാന ഡിജിപിയോട് അന്വേഷിച്ചു. പോകാമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡ് മാര്‍ഗ്ഗം തെരഞ്ഞെടുത്തത്. എന്നാല്‍, ഇതിനിടെ പ്രതിഷേധക്കാര്‍ രംഗത്തെത്തുകയും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയുകയുമായിരുന്നു.
പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുമെന്ന് അറിയിച്ചപ്പോള്‍ തന്നെ, കര്‍ഷക സംഘടനകള്‍ നരേന്ദ്രമോദിയെ തടയുമെന്ന് അറിയിച്ചിരുന്നു. ഫിറോസ് പൂരിലെ പ്രധാനമന്ത്രിയുടെ റാലിയിലേക്ക് വന്നിരുന്ന ബിജെപി പ്രവർത്തകരുടെ ബസ്സുകൾ പലയിടത്തായി തടഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വാഹന വ്യൂഹം പെരുവഴിയിലായതോടെ യാത്ര റദ്ദാക്കി പ്രധാനമന്ത്രിയും സംഘവും ഭട്ടിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
യാത്ര റദ്ദാക്കി പ്രധാനമന്ത്രി തിരികെ ഭട്ടിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഭവം ഗൗരവമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നുവെന്നും സംസ്ഥാനസർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കാനും കേന്ദ്രം നിർദേശം നൽകി. ഹരിയാനയിലെ കർഷകരും പ്രതിഷേധത്തിനെത്തിയിരുന്നു. സംയുക്ത കിസാൻ മോർച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം പത്ത് സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. എന്നാൽ കർഷകര്‍ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് ബിജെപി ആരോപിച്ചു.