കര്‍ഷക പ്രക്ഷോഭം; ഹരിയാന രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസും കര്‍ഷകരും ഏറ്റുമുട്ടി

First Published | Jun 26, 2021, 3:08 PM IST


വിവാദമായ കാര്‍ഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് മാസങ്ങള്‍ പിന്നിട്ടു. സമരത്തിനിടയിൽ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകര്‍ മരിച്ചു. എന്നാല്‍ വിവാദമായ നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 'ദില്ലി ചലോ' എന്ന് പേരിട്ട് ദില്ലി സംസ്ഥാനത്തിന്‍റെ അതിര്‍ത്തിയിലേക്ക്  കര്‍ഷകരെത്തിയത്. കര്‌‍ഷകരെ ദില്ലി അതിര്‍ത്തികളിൽ പൊലീസ് തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ദില്ലി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്ക് നീങ്ങുകയായിരുന്നു. ഇതോടെ ദില്ലി അതിര്‍ത്തികള്‍ കര്‍ഷക പ്രക്ഷോഭ കേന്ദ്രമായി.  കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലെ ദേശീയ പാതകളിൽ താമസമാക്കി. ആദ്യം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കിലും സമരം ശക്തമായതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. എന്നാല്‍, എല്ലാ ചര്‍ച്ചകളിലും കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍മാറണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതോടെ കര്‍ഷകരും കേന്ദ്രസര്‍ക്കാരും നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ഏഴ് മാസമായി കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നു. കര്‍ഷക സമരത്തിന്‍റെ ഭാഗമായി ഇന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും രാജ്ഭവനുകള്‍ ഉപരോധിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. 

രാജ്യത്തൊട്ടാകെയുള്ള ഗവർണർമാർക്ക് (പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിന്) മെമ്മോറാണ്ടം സമർപ്പിക്കും. അതേസമയം സമരം സമാധാനപരമായി തുടരും. ഏഴ് മാസത്തെ പ്രക്ഷോഭം പൂർത്തിയായതിന്‍റെ ഭാഗമായി ദില്ലിയിലെ സിങ്കു, തിക്രി, ഗാസിപൂർ അതിർത്തികളിൽ തമ്പടിച്ചിരിക്കുന്ന കർഷകർ ഇന്ന് "കൃഷി സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക" എന്ന് പ്രതിജ്ഞയെടുക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) യുവജന വിഭാഗം പ്രസിഡന്‍റ് ഗൌരവ് ടിക്കായത്ത് പറഞ്ഞു.
ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020; കർഷക ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്, കാർഷിക സേവന നിയമം 2020, അവശ്യവസ്തുക്കളുടെ (ഭേദഗതി) നിയമം, 2020 എന്നീ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

കര്‍ഷകരുടെ സമരം രാജ്യാന്തര തലത്തിൽവരെ ചര്‍ച്ചയായി. ജനുവരി 26 ലെ ചെങ്കോട്ട സംഘര്‍ഷം പക്ഷെ സമരത്തിന്‍റെ മാറ്റ് ഇടിച്ചു. യു.എ.പിഎ, ഇ.ഡി കേസുകൾ കൊണ്ട് സര്‍ക്കാര്‍ കര്‍ഷകരെ നേരിട്ടെങ്കിലും കര്‍ഷകര്‍ പിടിച്ചു നിന്നു. കൊവിഡ് രണ്ടാംതംരംഗം ഭീഷണി ഉയര്‍ത്തിയപ്പോഴും കര്‍ഷകര്‍ സമരഭൂമിയിൽ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.
മഞ്ഞും തണുപ്പും കാറ്റും മഴയും പൊള്ളുന്ന ചൂടും കടന്ന് ഏഴ് മാസം അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരഭൂമിയില്‍ തന്നെ ഉറച്ച് നിന്നു. ഇതിനിടെ സമരഭൂമിയിൽ 502 കര്‍ഷകര്‍ മരിച്ചു വീണു. എന്നാല്‍ നിയമങ്ങള്‍ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. സമരത്തിൽ പങ്കെടുക്കുന്ന കര്‍ഷകരിൽ ഭൂരിഭാഗവും പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവാണ്.
യു.പിയിലും പഞ്ചാബിലും അടുത്ത വര്‍ഷം തെര‍ഞ്ഞെടുപ്പ് നടക്കുമ്പോൾ സമരം എങ്ങനെയും അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സര്‍ക്കാര്‍ ഇനി നടത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ നിന്ന് കര്‍ഷകരും പിന്നോട്ടില്ല.
കാര്‍ഷിക പ്രതിഷേധത്തിന്‍റെ ഭാഗമായി ചണ്ഡീഗഡിൽ രാജ് ഭവനിലേക്ക് ഇന്ന് കര്‍ഷകര്‍ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെയാണ് സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.
പഞ്ച്കുല - ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തു. ചണ്ഡിഗഡിലേക്ക് പഞ്ച്കുലയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ മാർച്ച് നടത്തിയാണ് കർഷകർ രാജ്ഭവനിലേക്ക് എത്തിയത്.
സംയുക്ത കിസാൻ മോർച്ചയുടെ പ്രധാന നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകിയത്. കാര്‍ഷക മാര്‍ച്ചിനെ നേരിടാന്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. കർഷക സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്.
കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും ഹരിയാനയിലെ സമരത്തിനിടെ കര്‍ഷകരും പൊലീസും ഏറ്റുമുട്ടുകയായിരുന്നു.
അതേ സമയം ദില്ലി - യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്‍റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടക്കുന്നുണ്ട്. കർഷകരുടെ ഇന്നത്തെ പ്രതിഷേധത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള ഐഎസ് ഗ്രൂപ്പിന്‍റെ അട്ടിമറി സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ദില്ലി പൊലീസ്, സി ഐ എസ് എഫ് ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച് ജാഗ്രത നിർദ്ദേശം നൽകിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
സമരത്തിന്‍റെ ഭാഗമായി വിശ്വവിദ്യാലയം, സിവിൽ ലൈൻസ്, വിധൻ സഭ എന്നീ മൂന്ന് മെട്രോ സ്റ്റേഷനുകൾ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അടച്ചിടുമെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചിരുന്നു.
കര്‍ഷക സമരം ഏഴ് മാസം പിന്നിടുമ്പോഴും കാർഷിക പരിഷ്കാരങ്ങൾ കര്‍ഷകരുടെ ജീവിതത്തെ മികച്ചതാക്കുമെന്നും സർക്കാരിനെതിരായ പ്രക്ഷോഭം പിൻവലിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കാര്‍ഷിക സംഘടനകളോട് ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!