Eurasian Blackcap | വിരുന്ന് വന്നത് ഇന്ത്യയില്‍, കൂട്ടൂകൂട്ടിയത് മൂന്നാറില്‍, ഇത് യൂറേഷ്യന്‍ ബ്ലാക്ക് ക്യാപ്

First Published | Nov 10, 2021, 3:50 PM IST

യൂറേഷ്യന്‍ ബ്ലാക്ക് ക്യാപിനെ ( Eurasian blackcap - ശാസ്ത്രീയ നാമം Sylvia atricapilla)കുറിച്ച് കേട്ടിട്ടുണ്ടോ ?  മലയാളികള്‍ യൂറേഷ്യന്‍ ബ്ലാക്ക് ക്യാപിനെ കുറിച്ച് കേള്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം 
യൂറേഷ്യന്‍ ബ്ലാക്ക് ക്യാപ് എന്ന ഈ കുഞ്ഞന്‍ കിളി അങ്ങ് യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളില്‍ മാത്രം സാധാരണയായി കാണുന്ന ഒരു പക്ഷിയാണെന്നത് തന്നെ. കേരളത്തില്‍ ഇവയെ ഇതുവരെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മലയാളികളടങ്ങിയ സാമൂഹ്യമാധ്യമ കൂട്ടായ്മകളില്‍ ഈ പക്ഷിയുടെ ചിത്രങ്ങള്‍ പ്രചരിച്ചു. കേരളത്തില്‍ കണ്ടതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത പക്ഷിയായതിനാല്‍ തന്നെ വളരെ പെട്ടെന്ന് ഇത്തരം കൂട്ടായ്മകളില്‍ ചിത്രം പ്രചരിപ്പിക്കപ്പെട്ടു. തുടര്‍ന്നാണ് ഈ പക്ഷിയെ പലരും തിരിച്ചറിഞ്ഞത്. ആ കഥയിങ്ങനെ. ( തയ്യാറാക്കിയത് കെ.ജി.ബാലു )

Eurasian blackcap, Photo: Ajay Kumar

കോട്ടയം ബാറിലെ അഭിഭാഷകനായ അജയ് കുമാറും പുതുപ്പള്ളിയില്‍ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ബാജി കുരുവിളയും പക്ഷിനിരീക്ഷകരായ രണ്ട് സുഹൃത്തുക്കളാണ്. കൊവിഡ് വ്യാപനം മൂലം കാര്യമായ പക്ഷി നിരീക്ഷണമൊന്നും നടത്താന്‍ പറ്റാത്തതിനെ തുടര്‍ന്ന് ഇരുവരും എഴുമന്തരുത്തിലേക്ക് പക്ഷി നിരീക്ഷണത്തിന് ഇറങ്ങാന്‍ പദ്ധതിയിട്ടെങ്കിലും അത് പാളി. തുടര്‍ന്ന് ഇരുവരും മൂന്നാറിലേക്ക് വച്ച് പിടിച്ചു. അതിരാവിലെ മൂന്ന് മണിയ്ക്ക് കോട്ടയത്ത് നിന്നും ഇറങ്ങി, ഏതാണ്ട് ആറ് മണിയോട് കൂടി മൂന്നാറ് എത്തി. അതിരാവിലെ മൂന്നാറിലെ കുളിരില്‍ ഒരു ചായ കുടിക്കാന്‍ കഴിയാത്തതിലുള്ള വിഷമം മാറ്റാന്‍ മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് ലക്ഷ്യം വച്ചായി പിന്നീടുള്ള യാത്ര. 

Eurasian blackcap, Photo: Ajay Kumar

അതിനിടെയാണ് അതിമനോഹരമായ ഒരു കിളി നാദം കേട്ടത്. " അതത്രമാത്രം മനോഹരമായ ശബ്ദമായിരുന്നു. ആ ശബ്ദം കേട്ട് നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. അത്രയ്ക്ക് മധുരമായ ഒരു കിളി ശബ്ദം." അഡ്വ. അജയ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മനോഹരമായ സ്ഥലമായിരുന്നു അത്. വഴിയുടെ ഒരു വശം ചെറിയ അരുവി, മറുവശം തേയില തോട്ടം. കൂടാതെ വിവിധ തരത്തിലുള്ള ധാരാളം പക്ഷികൾ. Oriental white eye, sunbirds, Black and orange അങ്ങനെ ഒരുപാട് ഒരുപാട് പക്ഷികള്‍. ശബ്ദത്തിന്‍റെ ഉടമയെ തേടി, വണ്ടി റോഡരികില്‍ നിര്‍ത്തി. ഞങ്ങളിരുവരും ക്യാമറയുമായി ഇറങ്ങി. രണ്ട് പേരും ശബ്ദം കേട്ട സ്ഥലം നോക്കി നടന്നു. ഒടുവില്‍ കാട്ടു ചെടികള്‍ക്കിടയില്‍ ശബ്ദത്തിന്‍റെ ഉടമയെ കണ്ടെത്തി. 


Eurasian blackcap, Photo: Ajay Kumar

ആദ്യമായിട്ടായിരുന്നു ഇതുപോലൊരു പക്ഷിയെ കണുന്നതെന്ന് അജയ് പറയുന്നു. ഇതുവരെ കേരളത്തിലെവിടെയും കണ്ടിട്ടില്ലാത്ത തരത്തിലൊരു പക്ഷിയായിരുന്നു അത്. ' കണ്ടപ്പോള്‍ തന്നെ മൂന്നാല് പടമെടുത്തു. തുടര്‍ന്ന് ബാജി ചേട്ടനെ വിളിച്ച് കാണിച്ചു. അദ്ദേഹവും ആദ്യമായിട്ടായിരുന്നു ഈ പക്ഷിയെ കാണുന്നത്.  ആദ്യമായി കാണുന്ന ഞങ്ങളുടെ ആവേശം കണ്ടപ്പോള്‍ ആള് പെട്ടെന്ന് മരങ്ങള്‍ക്കിടയില്‍ മറഞ്ഞു.' അജയ് കൂട്ടിച്ചേര്‍ത്തു. പിന്നെ ഈ കുഞ്ഞന്‍ പക്ഷിയാരെന്ന് അറിയാനുള്ള അന്വേഷണമായി. പക്ഷി നിരീക്ഷകരുടെ സമൂഹമാധ്യമ കൂട്ടായ്മകളില്‍ പക്ഷിയുടെ ചിത്രം പങ്കുവച്ചു. 

Eurasian blackcap, Photo: Ajay Kumar

അപ്പോള്‍ തന്നെ പലരും ഇത് കേരളത്തില്‍ അത്യപൂര്‍വ്വമായ പക്ഷിയാണെന്ന കാര്യം ഉറപ്പിച്ചു.  എന്നാല്‍ പലര്‍ക്കും പക്ഷിയേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ റിട്ടേ.പ്രഫസര്‍ ജോര്‍ജ് സാറാണ് പക്ഷി യൂറേഷ്യന്‍ ബ്ലാക്ക് ക്യാപ്പാണെന്ന് തിരിച്ചറിയുന്നത്.  കേരളത്തില്‍ ആദ്യമായിട്ടാണ് ഈ പക്ഷിയെ കണ്ടെത്തിയതെന്ന് കൂടി അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം തോന്നിയെന്നും അജയ് പറയുന്നു. 

Eurasian blackcap, Photo : Baji Kuruvilla

തുടര്‍ന്ന് ഇ-ബേര്‍ഡ് എന്ന പക്ഷികളെ കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ വെബ്സൈറ്റില്‍ ചിത്രം അപ്പ് ചെയ്തപ്പോഴാണ് സുന്ദരനായ ഈ കുഞ്ഞന്‍ പക്ഷിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതെന്നും അജയ് കൂട്ടിച്ചേര്‍ത്തു. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് നിരവധി പക്ഷികളുടെ വിഹാരകേന്ദ്രമാണ്. നിരവധി തവണ അത് വഴി പക്ഷി നിരീക്ഷണത്തിന് പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്തരമൊരു അപൂര്‍വ്വ പക്ഷിയെ കാണുന്നതെന്ന് ബാജി കുരുവിള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

Eurasian blackcap, Photo : Baji Kuruvilla

മനോഹരമായ ശബ്ദം കേട്ട് വണ്ടി നിര്‍ത്തി ഞങ്ങളിരുവരും പക്ഷികളെ ശ്രദ്ധിച്ച് നില്‍ക്കുകയായിരുന്നു. നിരവധി വെള്ള കണ്ണി (White-eye) പക്ഷികള്‍ ആ പ്രദേശത്തുണ്ടായിരുന്നു. അതിനിടെയിലാണ് യൂറേഷ്യന്‍ ബ്ലാക്ക് ക്യാപ് ഇരുന്നത്. പെട്ടെന്നൊന്നും കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ ഇലകള്‍ക്കിടിയില്‍ മറഞ്ഞിരുന്ന അവനെ കണ്ടെത്തിയപ്പോള്‍ വളരെ സന്തോഷം തോന്നി. കേരളത്തില്‍ ഇതുവരെ കണാത്ത പക്ഷിയെ ആദ്യമായി കണ്ടത് ഞങ്ങളിരുവരുമായിരുന്നല്ലോയെന്നത് സന്തോഷം ഇരട്ടിയാക്കുന്നുവെന്നും ബാജി കൂട്ടിച്ചേര്‍ത്തു. ഇവയില്‍ ആണിനും പെണ്ണിനും കൃത്യമായ വ്യത്യാസങ്ങളുണ്ട്. മൂന്നാറില്‍ കണ്ടെത്തിയത് യൂറേഷ്യന്‍ ബ്ലാക്ക് ക്യാപിന്‍റെ പെണ്‍ പക്ഷിയെയാണ്. 

White-eye bird , Photo : Baji Kuruvilla

ആവേശം കാരണം എനിക്ക് അത്ര നല്ല പടങ്ങള്‍ കിട്ടിയില്ല. എന്നാല്‍ അജയ്ക്ക് യൂറേഷ്യന്‍ ബ്ലാക്ക് ക്യാപിന്‍റെ നല്ല പടങ്ങള്‍ എടുക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും ബാജി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ തന്നെ ഈ പക്ഷിയെ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജിലെ പ്രിന്‍സിപ്പലായിരുന്ന പ്രഫ.ജോര്‍ജ് ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. ദക്ഷിണേന്ത്യയിലേക്ക് വരുന്ന വാര്‍ബ്ലര്‍ പോലുള്ള ദേശാടനപക്ഷികളുടെ കൂടെ പോലും വരാത്ത പക്ഷിയാണ് യൂറേഷ്യന്‍ ബ്ലാക്ക് ക്യാപ്. അതുകൊണ്ട് തന്നെ നമ്മുക്കിതിനെ ദേശാടനപക്ഷിയെന്ന് വിളിക്കാന്‍ കഴിയില്ല. എന്നാല്‍ ഇവ അവയുടെ വാസസ്ഥലത്ത് അവ ദേശാടനപക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Adv. Ajay Kumar And Baji Kuruvilla

ഈ പക്ഷിയെങ്ങനെ കേരളത്തിലെത്തിയെന്ന് ചോദിച്ചാല്‍ അതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും ചിലപ്പോള്‍ പക്ഷികളെ പിടിച്ച് വളര്‍ത്തി വില്‍ക്കുന്നവരുടെ കൈയില്‍ നിന്നോ അല്ലെങ്കില്‍, വളര്‍ത്താന്‍ വാങ്ങിയ ആരുടെയെങ്കിലും കൈയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയതാണോ ഇതെന്നും സംശയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 17 ഗ്രാം മാത്രമാണ് ഈ പക്ഷിയുടെ ഭാരം. അത്രയ്ക്ക് കുഞ്ഞനാണ് ആള്‍. യൂറേഷ്യന്‍ ബ്ലാക്ക് ക്യാപിന്‍റെ അതിമനോഹരമായ ശബ്ദം കാരണം 'മോക്ക് നൈറ്റിംഗേല്‍' (mock nightingale)എന്നൊരു വിളിപേര് കൂടി നല്‍കി. മെസ്സിയന്‍റെ (Messiaen) ഓപ്പറയായ സെന്‍റ് ഫ്രാങ്കോയിസ് ഡി അസീസിൽ (Saint François d'Assise opera), ബ്ലാക്ക്‌കാപ്പിന്‍റെ ഗാനത്തെ അടിസ്ഥാനമാക്കിയുള്ള തീമുകളാലാണ് വിശുദ്ധനെ പ്രതിനിധീകരിക്കുന്നത് എന്ന് കൂടി അറിയുക. കുഞ്ഞനാണെങ്കിലും ആളത്ര കുഞ്ഞനല്ലെന്ന് സാരം. കാര്യങ്ങളെന്തായാലും കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പക്ഷിയായ യൂറേഷ്യന്‍ ബ്ലാക്ക് ക്യാപിനെ കണ്ടെത്തിയതില്‍ പക്ഷി നിരീക്ഷകരെല്ലാം അതീവ സന്തോഷത്തിലാണ്.

Latest Videos

click me!