നേരത്തെ ഇഡിയുടെ അതിദീര്‍ഘമായ ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധിയെത്തിയെങ്കിലും സോണിയാ ഗാന്ധി കൊവിഡ് പോസറ്റീവ് ആയതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ഇഡി അറിയിച്ചത്. എന്നാല്‍ ഇഡിയുടെ ഈ ആവശ്യം നിരസിച്ച സോണിയാ ഗാന്ധി ഇന്ന് രാവിലെ ഇഡിക്ക് മുന്നില്‍ ഹാജരായി.
നേരത്തെ അഞ്ച് ദിവസവും അമ്പത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി വിധേയനായപ്പോള്‍ ദില്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതില്‍ പ്രതിഷേധം നടത്തിയിരുന്നു. നേതാക്കളടക്കമുള്ളവര്‍ അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം നടത്തിയിരുന്നു. അതിനിടെ എഐസിസി ആസ്ഥാനത്ത് കയറിയ ദില്ലി പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി ഏറെ വിവാദമായിരുന്നു.
എഐസിസി ആസ്ഥാനത്തിന് മുന്നിലൂടെ ഇഡി ഓഫീസിലേക്ക് സോണിയാഗാന്ധി കടന്നുപോയപ്പോള്‍ അഭിവാദ്യങ്ങളുമായി നേതാക്കളും പ്രവര്‍ത്തകരുമെത്തി. ഇതോടെ പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അസിസ്റ്റന്‍റ് ഡയറക്ടര്‍ മോണിക്കാ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യല്‍ നടപടിക്ക് നേതൃത്വം നല്‍കുന്നത്.
അമ്പത് മണിക്കൂറിലേറെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിട്ടും സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വ്യക്തമായ ഒരു തെളിവും ഇഡിക്ക് ലഭിച്ചിരുന്നില്ല. ഇതിന് പുറകെയാണ് സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടത്. ഇതിനിടെ സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട് രംഗത്തെത്തി. പാർട്ടി ആസ്ഥാനത്ത് പൊലീസിനെ കയറ്റി ഭയപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് ഗേലോട്ട് ആരോപിച്ചു.
കേന്ദ്ര നീക്കത്തെ കോണ്‍ഗ്രസ് ഗാന്ധിയൻ രീതിയിൽ ചെറുക്കുമെന്നും അദ്ദേഹം ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗാന്ധി കുടുംബത്തെ പോലെ രാജ്യത്തിനായി ത്യാഗം ചെയ്ത ആരുണ്ട് ഇന്നത്തെ രാഷ്ട്രീയത്തിലെന്നും ഗേലോട്ട് ചോദിച്ചു. കുടുംബാധിപത്യം എന്ന് ആരോപിച്ച് സോണിയ ഗാന്ധിയെയും ഗാന്ധി കുടുംബത്തേയും അപമാനിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ അന്വേഷണ ഏജൻസികളിലുള്ള വിശ്വാസം എല്ലാവര്‍ക്കും നഷ്ടപ്പെട്ടെന്നും നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണെന്നും അശോക് ഗേലോട്ട് പറഞ്ഞു. ഇ ഡി - യുടെ ചോദ്യം ചെയ്യലിനെ നേരിടാൻ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദയ്പൂർ ചിന്തൻ ശിബിരം മോദിയേയും അമിത് ഷായെയും പരിഭ്രാന്തരാക്കിയിരിക്കുകയാണ്. അതിലുള്ള പകയാണ് ഇപ്പോള്‍ കാണുന്നത്. രാഷ്ട്രീയ വൈരം തീർക്കാൻ മോദി സർക്കാർ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അശോക് ഗേലോട്ട് ആരോപിച്ചു.
ഇതിനിടെ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. കേരളത്തില്‍ ട്രെയിന്‍ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. തിരുവനന്തപുരത്ത് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രധാനമന്ത്രിയാകാൻ അവസരം നൽകിയിട്ടും അത് വേണ്ടെന്നുവച്ച മഹതിയായ സോണിയ ഗാന്ധിയെയാണ് കേന്ദ്രസർക്കാർ ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡീ.സതീശൻ പറഞ്ഞു. കോൺഗ്രസ് കീഴടങ്ങില്ലെന്നും രാജ്യം ഭരിക്കുന്നവർക്ക് ഭയം ആണെന്നും സതീശൻ കുറ്റപ്പെടുത്തി. ഹിറ്റ്‍ലർക്കും മുസ്സോളിനിക്കും ഉണ്ടായിരുന്നു ഈ ഭയം. അതേ ഭയമാണ് നരേന്ദ്ര മോദിക്കുമെന്നും ചുറ്റിനുമുള്ള എല്ലാത്തിനോടും ഉള്ള ഈ ഭയമാണ് ഇത്തരം കേസുകൾക്ക് പിന്നിലെന്നും വി.ഡി.സതീശൻ ആരോപിച്ചു.
രണ്ട് തവണ പ്രധാനമന്ത്രി പദം കിട്ടിയിട്ടും സ്വീകരിക്കാതെ മാറി നിന്ന നേതാവാണ് സോണിയ. സ്വാർത്ഥരഹിതയായ നേതാവാണ്. നാഷണൽ ഹെറാൾഡ് കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് എന്ന് എല്ലാവർക്കും അറിയാം. സോണിയക്കോ രാഹുലിനോ ഇക്കാര്യത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ല. പുകമറയുണ്ടാക്കി അപമാനിക്കാനാണ് ഇഡിയുടെ നീക്കം. അപകീർത്തിപ്പെടുത്താം. ബുദ്ധിമുട്ടിക്കാം. അതിലപ്പുറം ഈ നീക്കത്തിൽ ഒന്നുമില്ല. രാജ്യത്ത് നിരവധി കേസുകൾ ഇഡി എടുക്കുന്നുണ്ട്. അതിൽ വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് കോടതിയിൽ എത്തുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.
ഒരു രൂപയുടെ പോലും പണ ഇടപാട് നടക്കാത്ത കേസില്‍, ഒരു എഫ്ഐആര്‍ പോലും ഇട്ടിട്ടില്ലാത്ത കേസില്‍ രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി അമ്പത്തിനാല് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും അപമാനിക്കാനല്ലാതെ നിയമപരമായ ഒരു നടപടിയിലേക്കും കടക്കാന്‍ കഴിയാത്ത കേസിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതെന്നും ഷാഫി പറമ്പില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.