അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദില്ലി പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് പൊലീസിന്‍റെ നിരീക്ഷണം. കലാപം, കൊലപാതക ശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അക്രമത്തില്‍ ഒരു പൊലീസുകാരന് വെടിയേറ്റതുള്‍പ്പടെ എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. അതേ സമയം അക്രമത്തില്‍ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. പിടിയിലായവരിൽ നിന്ന് മൂന്ന് നാടൻ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
സംഘര്‍ഷത്തിനിടെ ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് കല്ലേറ് നടന്നതായും നിരവധി വാഹനങ്ങൾ തകർത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രസർക്കാരിനാണ് ദില്ലിയുടെ സുരക്ഷണ ചുമതല. എല്ലാവരും സമാധാനം പാലിക്കണമെന്നും ക്രമസമാധാന പാലനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഘോഷയാത്ര നടന്നത്. ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷം രൂക്ഷമായ കല്ലേറിന് വഴിമാറുകയായിരുന്നു. ദില്ലി പോലീസ് സബ് ഇൻസ്‌പെക്ടർ മെദലാൽ മീണയ്ക്ക് നേരെ വെടിയുതിർത്തയാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അവകാശപ്പെട്ടു. ഇയാളുടെ പക്കൽ നിന്ന് ഒരു നാടൻ പിസ്റ്റൾ കണ്ടെടുത്തു.
നാലോ അഞ്ചോ പേര്‍ക്കൊപ്പം നിന്ന് ഘോഷയാത്രക്കാരുമായി തർക്കം ആരംഭിച്ചയാളും പൊലീസ് പിടിയിലായി. ഈ തർക്കത്തെ തുടര്‍ന്നാണ് ഇരുവശത്തുനിന്നും കല്ലേറ് ആരംഭിച്ചതെന്നും ഇതാണ് പിന്നീട് കലാപമായി വളര്‍ന്നതെന്നും പൊലീസ് പറയുന്നു. എന്നാൽ ശോഭായാത്രക്കായി പുറത്ത് നിന്ന് എത്തിയ ചിലരാണ് സംഘർഷമുണ്ടാക്കിയെന്നാണ് മറുവിഭാഗത്തിന്‍റെ ആരോപണം.
സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ദില്ലിയിലെ മറ്റ് ഇടങ്ങളിൽ നടത്താനിരുന്ന ശോഭായാത്രകൾക്ക് പൊലീസ് അനുമതി നിഷേധിച്ചു. ദില്ലിക്ക് പുറമേ യുപിയിലും ഹരിയാനയിലും പൊലീസ് കനത്ത ജാഗ്രത തുടരുകയാണ്.
ഇതിനിടെ ദില്ലി സംഘർഷത്തിൽ ബിജെപി (BJP) എഎപി (AAP) പോര് ശക്തമായി. സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശികളും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമാണെന്നും ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് എഎപിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. എന്നാല്‍ സംഘർഷം ഉണ്ടാക്കിയത് ബിജെപിയാണെന്ന് എഎപി തിരിച്ചടിച്ചു. ബിജെപി നടത്തുന്ന ശോഭായാത്രകളിൽ മാത്രമാണ് സംഘർഷമെന്നും എഎപി ചൂണ്ടിക്കാട്ടി.
അറസ്റ്റിലായ 23 പേരില്‍ പന്ത്രണ്ട് പേരെ ജുഡിഷ്യൽ കസ്റ്റഡിയിലും രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലും വിട്ടു. കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്ന അൻസറിനെയും മറ്റൊരു പ്രതി അമനെയുമാണ് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ രാജ്യത്ത് വർഗീയ കലാപം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആശ്ചര്യപ്പെട്ടു. 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം. കലാപങ്ങൾക്ക് സർക്കാരിന്‍റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ മൗനമെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, സിപിഎം, ആർജെഡി അടക്കമുള്ള പാർട്ടികളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. അതേസമയം ആം ആദ്മി പാർട്ടി, ബിഎസ്പി, എസ്പി എന്നീ പാർട്ടികൾ പ്രസ്താവനയിൽ ഒപ്പു വെച്ചില്ല. ഇതിനിടെ മധ്യപ്രദേശിലെ ഭോപ്പാലില്‍ (Bhopal) നിന്നുമുള്ള മറ്റൊരു വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ തരംഗമായി. ഹനുമാന്‍ ജയന്തി ശോഭയാത്രയെ എതിരേല്‍ക്കാന്‍ പൂക്കള്‍ വര്‍ഷിക്കുന്ന മുസ്ലീങ്ങളുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ കാണുന്നത്. ഉത്തരേന്ത്യയിലെ പലയിടത്തും ഹനുമാന്‍ ജയന്തി ആഘോഷത്തില്‍ ഇതൊരു സാധാരണ കാഴ്ചയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.