കൊവിഡ് 19 ; ഇന്ത്യയില്‍ മരണം 50,000 കടന്നു

First Published | Aug 16, 2020, 10:13 AM IST

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരവും കടന്നെന്ന് വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍. വേള്‍ഡോ മീറ്ററിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 50,084 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധ മൂലം മരണമടഞ്ഞത്. ലോകത്ത് പ്രതിദിന രോഗവർധന ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. ലോകത്ത് വൈറസ് ബാധ മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യങ്ങളില്‍ ഇന്ത്യ ഇതോടെ നാലാമതാണ്. സ്വാതന്ത്രദിനത്തില്‍ ഇന്ത്യയുടെ കൊവിഡ് 19 ആന്‍റി വാക്സിന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടക്കുകയാണ്. 
 

മരണ സംഖ്യയില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ളത് മെക്സിക്കോ (56,543), ബ്രസീല്‍ (1,07,297), യുഎസുമാണ്. (1,72,606). ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് യുഎസില്‍. അരക്കോടിയിലേറെ ജനങ്ങള്‍ക്ക് യുഎസില്‍ ഇതിനകം വൈറസ് ബാധയേറ്റെന്നാണ് വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ പറയുന്നത്.
55,29,789 പേരാണ് യുഎസിലെ വൈറസ് ബാധിതര്‍. ബ്രസീലില്‍ 33,17,832 പേര്‍ക്കാണ് രോഗബാധയുണ്ടായത്. വൈറസിനെതിരെ വാക്സിനുകള്‍ കണ്ടെത്തിയെന്ന് റഷ്യ കഴിഞ്ഞ ദിവസമാണ് അവകാശവാദമുന്നയിച്ചത്.

ഇന്ത്യയ്ക്ക് തൊട്ടുപുറകില്‍ 9,17,884 രോഗികളാണ് റഷ്യയില്‍ നിലവിലുളളതെന്ന് വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 15,617 മരണങ്ങളും റഷ്യയില്‍ വൈറസ് ബാധമൂലമുണ്ടായി.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പതിനഞ്ച് ലക്ഷം കടന്നു. നിലവില്‍ 2,16,04,192 പേര്‍ക്കാണ് ലോകത്ത് ഇതുവരെയായി കൊവിഡ് 19 വൈറസ് ബാധയേറ്റത്. 7,68,739 പേര്‍ക്ക് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമായി. അതോടൊപ്പം 1,43,23,180 പേര്‍ രോഗമുക്തരായി.
65,12,272 പേര്‍ ലോകത്ത് വൈറസ് ബാധയേതുടര്‍ന്നുള്ള ചികിത്സയിലുണ്ട്. ഇതില്‍ ഒരു ശതമാനം രോഗികള്‍ (64,454) ഗുരുതരമായ അവസ്ഥയിലാണെന്നും വേള്‍ഡോ മീറ്ററിന്‍റെ കണക്കുകകള്‍ കാണിക്കുന്നു.
യുഎസില്‍ പ്രതിദിനം അരലക്ഷം പേർക്കാണ് ഇപ്പോൾ രോഗം ബാധിക്കുന്നത്. ബ്രസീലിൽ ദിവസവും മുപ്പത്തെട്ടായിരം പേർ രോഗികളാകുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ അറുപതിനായിരത്തിനും മേലെയാണ് ഓരോ ദിവസത്തെയും കൊവിഡ് ബാധിതരുടെ എണ്ണം.
സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന ഇന്നും അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേര് രോഗ ബാധിതരായി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8,736 ഉം തമിഴ്നാട്ടില്‍ 5,860 പേരും ഇന്നലെ രോഗ ബാധിതരായി.
ഉത്തർ പ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നതും രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്. പശ്ചിമ ബംഗാളിൽ 3,074 പേരാണ് ആണ് 24 മണിക്കൂറിനുള്ളില്‍ രോഗ ബാധിതരായത്.
രാജ്യത്ത് എട്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന സാംപിള്‍ പരിശോധനയെന്ന് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. എഴുപത്തിയൊന്ന് ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഇതിനിടെ കൊവിഡ് 19 മഹാമാരിക്കെതിരായ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊകുമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ പറഞ്ഞു.
ഗവേഷകര്‍ വാക്സിന്‍ കണ്ടെത്താനായി ഏറെ പരിശ്രമിക്കുന്നുണ്ടെന്നും ഇന്നലെ ദില്ലി റെഡ് ഫോര്‍ട്ടിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കിക്കവേ മന്ത്രി പറഞ്ഞു.
മൂന്ന് വാക്സിനുകള്‍ ടെസ്റ്റിംഗിന്‍റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. വാക്സിന്‍ പരീക്ഷണം വിജയിച്ചാല്‍ കൊവിഡ് പോരാളികള്‍ക്കാവും വാക്സിന്‍ ആദ്യം ലഭിക്കുകയെന്നും അശ്വനി കുമാര്‍ ചൌബേ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി ഒന്നിച്ച് നിൽക്കുമെന്നും ഇന്നലത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇതിനിടെ കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. ഇതുവരെയായി 146 പേര്‍ കേരളത്തില്‍ രോഗബാധയേറ്റ് മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയ ശേഷമുള്ള കണക്കുകളാണിതെന്നും കേരളത്തിലെ വൈറസ് ബാധയേറ്റുള്ള മരണ സംഖ്യ ഇതിലും ഏറെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതുവരെയായി കേരളത്തില്‍ കൊവിഡ് 19 ബാധിച്ചത് 42,885 പേര്‍ക്കാണ്. ഇതില്‍ 14,891 പേര്‍ ചികിത്സയിലുണ്ട്. 27,795 പേര്‍ രോഗമുക്തി നേടി.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 3,563 രോഗികളാണ് തിരുവനന്തപുരത്ത് മാത്രം ചികിത്സയിലുള്ളത്. ഏറ്റവും കുറവ് രോഗികള്‍ ചികിത്സയിലുള്ളത് ഇടുക്കിയിലും (312).
ഏറ്റവും കൂടുതല്‍ പേര്‍ ക്വാറന്‍റീനിലുള്ളത് മലപ്പുറം ജില്ലയിലാണ്. 34,481 പേരാണ് മലപ്പുറത്ത് മാത്രം നിരീക്ഷണത്തിലുള്ളത്.
തിരുവനന്തപുരത്ത് 22,620 പേര്‍ നിരീക്ഷണത്തിലാണ്. ഏറ്റവും കുറവ് രോഗികള്‍ നിരീക്ഷണത്തിലുള്ളത് വയനാട് (2,776) ജില്ലിയിലാണ്.

Latest Videos

click me!