രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെയായി രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 36,87,939 മായെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തി.
കഴിഞ്ഞ മൂന്നാല് ദിവസങ്ങളിലായി 75,000 കടന്ന പ്രതിദിന രോഗവ്യാപനത്തിന് ഇന്നലെ അല്‍പം ശമനമുണ്ടായിരുന്നു. ഇന്നലെ മാത്രം 68,770 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യമായി.
ഇന്നലെ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യം ഇന്ത്യയാണ്. 819 പേര്‍ക്കാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം ജീവന്‍ നഷ്ടമായത്.
ഇന്നലെ മാത്രം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രണ്ടാമത്തെ രാജ്യം ബ്രസീലാണ്. 619 പേര്‍ ബ്രസീലില്‍ മരിച്ചപ്പോള്‍ യുഎസില്‍ 512 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
നിലവില്‍ കൊവിഡ് 19 രോഗബാധമൂലം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത് യുഎസിലാണ്. 1,87,736 പേര്‍ക്ക് യുഎസില്‍ ജീവന്‍ നഷ്ടമായപ്പോള്‍ ബ്രസീലില്‍ 1,21,515 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്തയില്‍ ഇതുവരെയായി 65,435 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
രോഗവ്യാപനത്തിലും ഇന്ത്യ തന്നെയാണ് ഇന്ന് മുന്നിലുള്ളത്. ഇന്നലെ ഒറ്റ ദിവസം ഇന്ത്യയില്‍ 68,770 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍. ബ്രസീലില്‍ 48,590 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുഎസ്സില്‍ 38,560 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ലോകത്തില്‍ ഇതുവരെയായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് യുഎസിലാണ്. 62,11,796 പേര്‍ക്ക് യുഎസില്‍ രോഗബാധയേറ്റപ്പോള്‍ ബ്രസീലില്‍ 39,10,901 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യയിലാകട്ടെ 36,87,939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിലെ പ്രതിദിന വര്‍ദ്ധന തുടരുകയാണെങ്കില്‍ താമസിക്കാതെ രോഗം സ്ഥിരീകരിച്ചിരിക്കുന്നവരുടെ എണ്ണത്തില്‍ ബ്രസീലിനെ ഇന്ത്യ മറികടക്കുമെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു.
ഏഴ് മാസത്തെ അടച്ചൂപൂട്ടലിന് ശേഷവും രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന കൊവിഡ് 19 വൈറസിന്‍റെ രോഗവ്യാപനം രാജ്യത്ത് അടച്ചൂപൂട്ടല്‍ പ്രയോഗികമായിരുന്നില്ലെന്നതിന്‍റെ പ്രത്യക്ഷ തെളിവാണ്.
നിലവില്‍ 1.77 ശതമാനമാണ് രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലമുള്ള മരണനിരക്ക്. നിലവിൽ 7,85,127 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 28,37,377 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 76.94 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അൺലോക്ക് നാലാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ : സെപ്ംതബർ ഏഴ് മുതൽ രാജ്യത്ത് മെട്രോ റെയിൽ സർവ്വീസിന് അനുമതി. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം. സർവ്വീസുകൾ നടത്താൻ.
സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോഗങ്ങൾക്കും കൂട്ടായ്മകൾക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പരമാവധി നൂറ് പേർക്ക് വരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
പരിപാടിക്ക് പങ്കെടുക്കുന്നവർക്ക് തെർമൽ പരിശോധന നിർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കണം. സെപ്തംബർ 21 മുതൽ ഓപ്പൺ തീയേറ്ററുകൾക്ക് അനുമതി. എന്നാല്‍ സിനിമാ തീയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും അടഞ്ഞു കിടക്കും. സ്കൂളുകളും കോളേജുകളും അടച്ചിട നടപടി സെപ്തംബർ മുപ്പത് വരെ നീട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ലാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്ത് പോകാം.
ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി.
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പിജി-ഗവേഷക വിദ്യാത്ഥികൾക്ക് ലാബുകളിലും പരിശീലന കേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിന് അനുമതി നൽകാൻ.
സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകൾക്കായി പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവർക്കുമുള്ള യാത്രാവിലക്ക് തുടരും.
തുറന്ന് കൊടുക്കലില്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്ത് വിടുമ്പോഴും മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം പതിനാറായിരം കടന്നു.
341 പൊലീസുകാർ കൂടി രോഗബാധിതരായി. 15,294 പൊലീസുകാർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. ഗ്രാമങ്ങളിലേക്കും രോഗം പടരുകയാണ്.
രോഗവ്യാപനം അതിരൂക്ഷമായതിനെ തുടർന്ന്, ചന്ദ്രാപുരിൽ മൂന്നാം തീയതിമുതൽ ഒരാഴ്ചത്തെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, അഞ്ച് ജില്ലകളിൽ രോഗവ്യാപന നിരക്ക് 400 ശതമാനമാണ്. സംസ്ഥാനത്ത് രോഗബാധിതർ 7,67,958 ആയി.
അതേസമയം, മരണനിരക്കിൽ നേരിയ കുറവുണ്ട്. ഒരാഴ്ചക്കിടെ ആദ്യമായി മരണസംഖ്യ മുന്നൂറിൽ താഴെയായി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യുപി, ജാർഖണ്ഡ്, ചത്തീസ്ഗഢ്, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ രോഗ നിയന്ത്രണത്തിനുള്ള അടിയന്തര നടപടികൾ സംഘം വിലയിരുത്തും.
കര്‍ണാടകത്തിൽ 6,495 പേർക്കും, തമിഴ്നാട്ടിൽ 5,956 പേർക്കും, തെലങ്കാനയിൽ 1,873 പേർക്കും ഇന്നലെ മാത്രം കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം ഇന്നലെ കുറവാണ്.
അതേസമയം കേരളത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കുറയാത്തതല്‍ ആശങ്കയേറുകയാണ്. ഇന്നലെ മാത്രം 1,530 പേര്‍ക്ക് ആണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 1,367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയില്‍ 221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 208 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ.
കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 3 വീതവും, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതെല്ലാം സമ്പര്‍ക്കത്തിലൂടെയാണെന്നത് ആശങ്ക കൂട്ടുന്നു.