National Herald case: ദില്ലിയില്‍ ഇന്നും സംഘര്‍ഷം; നാളെ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്

First Published | Jun 15, 2022, 5:27 PM IST


നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായി കോണ്‍ഗ്രസ് ദില്ലിയിൽ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. എഐസിസി ആസ്ഥാനത്ത് കയറിയ പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പൊലീസ് കയറിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഛത്തീസ്ഘട്ട് മുഖ്യമന്ത്രിയടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, എഐസിസി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സെപ്ഷ്യൽ കമ്മീഷണർ ഡോ. സാഗർ പ്രീത് ഹൂഢാ വിശദീകരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ദില്ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് അനന്ദുപ്രഭ. 

ഇന്ന് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ എഐസിസി ആസ്ഥാനത്തെത്തില്ലെന്ന വാര്‍ത്ത പരന്നിരുന്നു. ഇതിനിടെ പൊലീസ് എഐസിസി ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. 

ഇതേ തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസിനെ തള്ളി പുറത്തേക്ക് മാറ്റി. സംഭവത്തെ കുറിച്ച് മാധ്യമങ്ങോട് സംസാരിക്കവേ പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. 


പ്രതിഷേധം കടുത്തതോടെ ജെബി മേത്തർ അടക്കമുള്ള മഹിളാ കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ബസിനുള്ളില്‍ വെച്ച് പൊലീസ് മര്‍ദ്ദിച്ചെന്ന് ബെജി മേത്തര്‍ പിന്നീട് ആരോപിച്ചു. ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. 

മുഖ്യമന്ത്രിമാരെയടക്കം കസ്റ്റഡിയിലെടുത്ത് നീക്കിയാണ് ദില്ലി പൊലീസ് രാഹുല്‍ ഗാന്ധിയെ ഇന്നലെ ഇഡിക്ക് മുന്‍പില്‍ എത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂര്‍ വരെയാണ് രാഹുലിന്‍റെ ചോദ്യം ചെയ്യൽ നീണ്ടത്. 

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇഡി, രാഹുലിനെ കാണിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്ന് എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇതിനിടെ അവകാശപ്പെട്ടു.

നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്ക് ആയില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്നും ഇഡി വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ഇഡിയുടെ ആരോപണം. ഇതിനിടെ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡി നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. 

നാഷണൽ ഹെറാള്‍ഡ് കോൺഗ്രസിന്‍റേത് മാത്രമാണ്. നെഹ്റുവിന്റെ സ്മരണ പോലും ബിജെപിയെ വിറളി പിടിപ്പിക്കുന്നു. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ പാപ്പരത്തമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപിയുടെ തനി നിറം തുറന്ന് കാണിക്കുന്ന സമരങ്ങൾ കോൺഗ്രസ് സംഘടിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഇതിന്‍റെ ഭാഗമായാണ് നാളെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനുള്ള എഐസിസി തീരുമാനമെന്നും കെ സുധാകരന്‍ പറ‌ഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് തെരുവുകളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 

മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കണ്ണൂര്‍ തിരുവനന്തപുരം ഇന്‍റിഗോ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തും പ്രതിപക്ഷ നേതാവിന്‍റെ ഔദ്ധ്യോഗിക വസതിയായ കന്‍റോവ്മെന്‍റ് ഹൗസിലും  ഡിവൈഎഫ്ഐക്കാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് സംഘര്‍ഷങ്ങളിലാണ് കലാശിച്ചത്.  

Latest Videos

click me!