ഇങ്ങനെയൊക്കെയാണ് ഈ കുന്നിൻചരുവിലെ കുട്ടിക്കാലത്തിന് നിറങ്ങൾ ഇല്ലാതെയാവുന്നത്. അതിർത്തികൾ വരച്ചുണ്ടാക്കിയത് ആരാണെന്ന് അവർക്കറിയില്ല. എങ്കിലും അതിര്‍ത്തികളിലെ സംഘര്‍ഷത്തില്‍ അവരുടെ ജീവിതം തന്നെ ഇല്ലാതാകുന്നു.
ആ ഭൂമി പകുക്കലില്‍ പകുത്ത് വയ്ക്കപ്പെട്ടത് ഈ കുരുന്നുകളുടെ കുട്ടിക്കാലമാണ്. നിറങ്ങളും അക്ഷരങ്ങളും ചിരികളും സ്വപ്നങ്ങളുമൊക്കെ ആ പകുക്കലിനപ്പുറത്താകുമ്പോള്‍ പേടിച്ച് , മരവിച്ച് പോയൊരു കാലമാണവര്‍ക്ക് ജീവിതത്തില്‍.
അതിര്‍ത്തി കാവലിന് , നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി സദാ സമയം റോന്തു ചുറ്റുന്ന ആയുധമേന്തിയ പട്ടാളക്കാർ ഉണ്ടെന്ന് പറയുമ്പോഴും, ഈ റെജ്‌മെന്‍റൽ ചിട്ടകൾക്കും ജീവിതചര്യക്കുമിടയിൽ ജീവിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ മാനസിക നിലയെ പറ്റി നമ്മള്‍ ആലോചിച്ചിട്ടുണ്ടോ ? അതും മതത്തിന്‍റെ പേരില്‍ പകുക്കപ്പെട്ട സ്വതന്ത്ര്യം നേടിയ ഒരു ജനതയാണ് നമ്മളെന്ന ഓര്‍മ്മകളോടൊപ്പം.
ജമ്മുവിലെ പൂഞ്ച് ജില്ലയിലെ 'ലൈൻ ഓഫ് കണ്ട്രോൾ' മേഖലയിലേക്ക് പോകുമ്പോൾ നിരവധിയിടങ്ങളിൽ 'Shelling Zone' എന്ന സൂചനാ ബോർഡുകൾ കാണാം. അതിർത്തി കടന്ന് വരുന്ന ഷെല്ലുകൾ വന്ന് പതിക്കുന്ന മേഖലകൾ ആണിവ.
ഈ മേഖലകളിൽ പോലും ആടുമേയ്ക്കാനും പുല്ലരിയാനുമായി കുട്ടികളുൾപ്പെടെ ചുറ്റിത്തിരിയുന്നത് സാധാരണ കാഴ്ചയാണ്. ഭയം പുതച്ച് വീട്ടിലിരുന്നാല്‍ അടുപ്പിരിയില്ലെന്ന് കാലം ആ കുരുന്നുകളെയും പഠിപ്പിച്ചിരിക്കുന്നു.
ഷെല്ലുകൾ തറച്ച ഒരു ക്ലാസ് മുറിയുടെ ഇരുമ്പ് ജനലാണിത്. ഷെല്ലുകളിലിൽ നിന്നും തെറിച്ച് വരുന്ന സ്പ്ലിന്‍ററുകൾ എന്നറിയപ്പെടുന്ന ചീളുകൾ ഇരുമ്പ് ജനലുകളില്‍ വരെ തുളച്ച് കയറുന്നു.
കോവിഡിനും മുമ്പ് പോലും ഇവിടെ മാസങ്ങളോളം സ്‌കൂളുകൾ അടഞ്ഞു കിടക്കാറുണ്ട്. ഷെല്‍വര്‍ഷത്തില്‍ സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ കുട്ടികൾ മറ്റ് ജോലികളിലേക്ക് തിരിയുന്നു.
അടിസ്ഥാന വിദ്യാഭ്യാസം മൌലീകാവകാശമായ ഒരു രാജ്യമാണ് നമ്മുടേത്. എങ്കിലും , ആണ്‍ കുട്ടികളില്‍ കൂടുതൽ പേരും കന്നുകാലി മേയ്ക്കലും കച്ചവടങ്ങളിലേക്കും തിരിയും. പെണ്‍കുട്ടികളില്‍ വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ തന്നെയാകും.
പ്രത്യേകിച്ച് സ്കൂളുകള്‍ ഇങ്ങനെ അനിശ്ചിതമായി അടയ്ക്കുമ്പോള്‍. ഒരാള്‍ പുറത്തിറങ്ങിയാല്‍ അത്രയും വരുമാനമെങ്കിലും കിട്ടുമെന്ന് ഇപ്പോഴും ആ കുടുംബങ്ങള്‍ കണക്കുകൂട്ടുന്നു.
കാടുകളിൽ നിന്ന് ശേഖരിക്കുന്ന പഴവർഗങ്ങൾ വഴിയോരങ്ങളിൽ വിൽക്കുന്ന കുട്ടികളെയും താഴവരയിലേക്കുള്ള യാത്രയിലുടനീളം കാണാൻ സാധിക്കും.
എവിടെയായാലും എപ്പോഴും ഇവർ സായുധ സേനയുടെ നിരീക്ഷണത്തിലാകും. അതെങ്ങനെ അവരുടെ മാനസിക നിലയെ സ്വാധീനിക്കുന്നുവെന്ന് ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും പലപ്പോഴും പുറത്ത് നിന്നുള്ളവരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറാന്‍ അവരെ ആരോ നിര്‍ബന്ധിക്കുന്നതായി തോന്നി.
ഭയമാണ്... സംശയത്തോടെയല്ലാതെ ആരെയും അവർ നോക്കിക്കാണാറില്ല. പതിറ്റാണ്ടുകള്‍ അങ്ങനെയാണ് അവരെ ശീലിപ്പിച്ചിരിക്കുന്നതും.
ഇരുണ്ട ദിവസങ്ങളിൽ നിന്നും പുതിയ തലമുറയെയെങ്കിലും വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തുവാൻ കശ്മീരി ജനത ശ്രമിക്കാറുണ്ട്. അതെത്രത്തോളം വിജയിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍... പെട്ടെന്നൊരുത്തരം കിട്ടില്ല. അല്ലെങ്കിലും പതിറ്റാണ്ടുകളോളം ഷെല്‍വര്‍ഷത്തില്‍ കഴിഞ്ഞ ഒരു ദേശമെങ്ങനെ , പെട്ടെന്ന് ഭയം വിട്ടുണരും ?
തങ്ങളുടെ ബാല്യവും കൗമാരവും നഷ്ടപ്പെട്ടുന്നതെങ്ങനെയെന്ന് അവര്‍ക്ക് പോലും മനസിലാകാതെ പോവുന്നതോ ? അതോ അവരെ അതിന് പ്രപ്തരാക്കാതെ ഇതുപോലെ ജനിച്ച് ജീവിച്ച് മരിച്ചുവീഴുന്ന ഒരു ജനതയായി നിലനിര്‍ത്തുന്നതോ ? രാഷ്ട്രതതന്ത്രങ്ങളില്‍ ഒരു ജനത നിശബ്ദമാക്കപ്പെടുകയും തുടച്ച് നീക്കപ്പെടുകയും ചെയ്യുകയാണോ ?
രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം വെടി പൊട്ടിക്കുകയും പിന്നെ വെടി നിർത്തല്‍ പ്രഖ്യാപനങ്ങളും തുടര്‍ലംഘനങ്ങളും. അതിര്‍ത്തികളില്‍ ജീവിതം നിശ്ചലമാക്കപ്പെടുന്നു.
ഇത്രയും കാലത്തിനിടെ എന്ത് നേടിയെന്ന് ഈ കുരുന്നുകള്‍ നാളെ നിവര്‍ന്ന് നിന്ന് ചോദിച്ചാല്‍ തെണ്ടക്കുഴിയില്‍ ഉത്തരം മുട്ടി നിശബ്ദരാകാതെ നമ്മളെങ്ങനെ നിവര്‍ന്ന് നില്‍ക്കും ?
കുരുന്നുകളുടെ വിദ്യാഭ്യാസവും തൊഴിലും ജീവിതവും എന്തിന് സന്തോഷം പോലും അതിര്‍ത്തികള്‍ കവർന്നെടുക്കുന്നു. സ്വപ്നം കാണാൻ പോലുമാവാതെ മറഞ്ഞു പോകേണ്ടിവരുന്ന ഈ കുരുന്നുകളെ നമ്മളല്ലാതെ പിന്നെ മറ്റാരാണ് കേൾക്കുക. ?
അതിർത്തികള്‍ ഇനിയും വരച്ചിട്ടില്ലാത്ത ഭൂപടങ്ങളിൽ, നിറങ്ങൾ പകുത്തു വച്ചിട്ടില്ലാത്ത മേടുകളിൽ , ഒരു വിദൂര സ്വപ്ന സുന്ദര ഭാവികാലം നമ്മള്‍ അവര്‍ക്കായി വരച്ചു വയ്ക്കുക. അതിർത്തിയിലെ മുള്ളുവേലികളിൽ കുഞ്ഞുടുപ്പുകൾ കോർത്തെടുക്കാത്ത, നിറങ്ങളേറെയുള്ളൊരു കാശ്മീരിന്‍റെ കുഞ്ഞു ചിത്രം. ഇന്ത്യയുടെ ഭാവി അവരുടേത് കൂടിയല്ലേ...
നമ്മള്‍ തോറ്റുപോയ യുദ്ധങ്ങളെ കുറിച്ചോ വിജയിച്ച യുദ്ധങ്ങളെ കുറിച്ചോ അല്ല ചിന്തിക്കേണ്ടത്. മറിച്ച് എല്ലാ യുദ്ധവും വളരുന്ന തലമുറയ്ക്കെതിരാണെന്നാണ്. അങ്ങനെയല്ലെങ്കില്‍ ജയിച്ചിട്ടും തോറ്റുപോകുന്ന യുദ്ധങ്ങളാകും അവ. കാരണം അവരാണ് നാളെ ഈ നാട് കാക്കേണ്ടതും...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona