Agnipath Protest: അഗ്നിപഥ് പ്രതിഷേധം; ഭാരത് ബന്ദിന് ആഹ്വാനം, പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍

First Published | Jun 20, 2022, 10:30 AM IST


ജൂണ്‍ 14 നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് പദ്ധതി  (Agnipath Scheme) പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡിനെ തുടര്‍ന്ന് നിയമനങ്ങള്‍ ഏതാണ്ട് സ്തംഭനാവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പുറകെ പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു പുതിയ സൈനിക റിക്രൂട്ട്മെന്‍റ് പ്രഖ്യാപിച്ചത്. എന്നാല്‍, പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ ബിഹാറില്‍ യുവാക്കാള്‍ തെരുവിലിറങ്ങുകയും ടയറുകള്‍ കത്തിച്ച് പദ്ധതിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പിന്നീടുകള്ള ദിവസങ്ങളില്‍ ഇന്ത്യയിലെ ഏതാണ്ട് പത്തോളം സംസ്ഥാനങ്ങളില്‍ കലാപ സമാനമായ പ്രതിഷേധങ്ങള്‍ക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ നേതൃത്വം കൊടുത്തത്. കേന്ദ്രസര്‍ക്കാരും സൈനിക വിഭാഗങ്ങളും പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യപിക്കുന്ന കാഴ്ചയായിരുന്നു. ഏറ്റവും ഒടുവില്‍ ഒരു രാഷ്ട്രീയ സംഘടനയുടെയും പിന്‍ബലമില്ലാതെ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഇതോടെ ശക്തമായ പ്രതിരോധ നടപടികളുമായി കേന്ദ്രം രംഗത്തെത്തി. അഗ്നിപഥ് പ്രതിഷേധങ്ങളെ തുടര്‍ന്ന് ബിഹാറിലെ ധനാപൂര്‍ റെയില്‍വേസ്റ്റേഷനില്‍ കഴിഞ്ഞ 17-ാം തിയതി നടന്ന അക്രമസംഭവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍.

അഗ്നിപഥ് പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കാന്‍ കേന്ദ്ര സർക്കാർ ശ്രമങ്ങളാരംഭിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. 

പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടി. രാജ്യത്തേറ്റവും കൂടുതൽ പേർ അഗ്നിപഥ് പ്രതിഷേധത്തിന്‍റെ പേരിൽ അറസ്റ്റിലായത് ബിഹാറിലാണ്. 


രാജ്യത്താകെ 1,313 പേരാണ് അറസ്റ്റിലായത്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണെന്ന് കണക്കുകള്‍ പറയുന്നു. ബിഹാറിലെ മുസോഡിയിലെ റെയിൽവേ സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ 16 പേരാണ് കസ്റ്റഡിയിലുള്ളത്. 

ഇവരിൽ ഭൂരിഭാഗവും പ്രായ പൂർത്തിയാകത്തവരാണ്. മുസോഡിയിലെ സംഘർഷത്തിന് പിന്നിൽ രണ്ട് കോച്ചിങ്ങ് സെന്‍ററുകളെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സെക്കന്ദരാബാദില്‍ പൊലീസ് വെടിവപ്പില്‍ മരിച്ച രാഗേഷിനും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അഗ്നിപഥിലേക്കുള്ള റിക്രൂട്ട്മെന്‍റ് പ്രായം 17.5 വയസാണെന്നതും ശ്രദ്ധേയം. ഇതിനിടെ ഇന്നലെയും മുസോഡി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധത്തില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധിച്ചു. 

പൊലീസ് വീടുകളില്‍ അതിക്രമിച്ച് കയറി കുട്ടികളെ പിടിച്ചു കൊണ്ടുപോയെന്ന് മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രം പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുമ്പോഴും അഗ്നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാർത്ഥികളുടെ വിവിധ കൂട്ടായ്മകള്‍ സാമൂഹിക മാധ്യമങ്ങൾ വഴി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.

പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന യുപി, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വേ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. 

റെയില്‍വെ സ്റ്റേഷനുകള്‍ക്ക് പൊലീസ് സുരക്ഷ കൂട്ടി. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്നാണ് പൊലീസ് നിലപാട്. ജാര്‍ഖണ്ഡില്‍ പ്രതിഷേധം കണക്കിലെടുത്ത് സ്കൂളുകള്‍ അടച്ചിടും. 

ഇത്രയേറെ പ്രതിഷേധങ്ങള്‍ക്കിടയിലും കരസേനയിലേക്കുള്ള അഗ്നിപഥ് കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കുമെന്ന് അറിയിച്ച് കഴിഞ്ഞു. 

കരസേനയിലെ റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചിട്ടുണ്ട്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

അതേസമയം വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ അഗ്നിപഥിനെതിരെ  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം വീണ്ടും കൂടുതൽ ശക്തമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ്  അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. 

ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചു.  യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള 'ഭാരത് ബന്ദ്' കേരളത്തിലും ശക്തമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽകാന്ത് നിര്‍ദേശം നൽകി.

അക്രമങ്ങളിൽ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. കോടതികള്‍, വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍, കെ എസ് ആര്‍ ടി സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും നിര്‍ദ്ദേശമുണ്ട്. 

സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. അർദ്ധ രാത്രി മുതൽ പ്രധാന സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഏകോപ്പിക്കുമെന്നും ഡിജിപി അനില്‍കാന്ത് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.  

Latest Videos

click me!