12 ലക്ഷമാണ് ഇന്ത്യന്‍ സായുധസേനയുടെ കരുത്ത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയായിരുന്നു സൈനിക സേവനം. രാജ്യമെമ്പാടും നടത്തുന്ന റിക്രൂട്ട്മെന്‍റ് റാലികളിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യുവാക്കളാണ് സൈനിക സേവനത്തിനായി എത്തിയിരുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്യമായ സൈനിക റിക്രൂട്ട്മെന്‍റ് റാലികളൊന്നും നടന്നിരുന്നില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ റിക്രൂട്ട്മെന്‍റ് റാലികള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് യുവാക്കളാണ് സൈനിക പരീക്ഷകള്‍ പാസാകാനായി വിവിധ കോഴ്സുകള്‍ പഠിക്കുന്നത്.
ഇതിനിടെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുതിയ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായാണ് സൈനിക റിക്രൂട്ട്മെന്‍റ് റാലിയുടെ രീതി തന്നെ മാറുന്നത്. കൊവിഡില്‍ നിന്നും കരകേറുന്നതിനിടെ സൈന്യത്തിലെ സ്ഥര ജോലിയും അവസാനിക്കുകയാണെന്നും ഇനി കരാര്‍ ജോലിയാണ് ഉണ്ടാകുകയെന്നുള്ള തെറ്റിദ്ധാരണയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായതെന്ന് കരുതുന്നു.
അഗ്നിപഥ് പദ്ധതിയില്‍ നാല് വര്‍ഷത്തെ സേവനം അനുഷ്ഠിച്ച ശേഷം കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ മാത്രമേ സ്ഥിരപ്പെടുത്തുവെന്നായിരുന്നു സൈനിക കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ഇതോടെ ദീര്‍ഘകാലമായി റിക്രൂട്ട്മെന്‍റ് റാലികള്‍ക്കായി കാത്തിരുന്ന മത്സരാര്‍ത്ഥികള്‍ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയായിരുന്നു.
ബിഹാറിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത്. മുസാഫിര്‍പൂരില്‍ കടകള്‍ തകര്‍ത്തു. ബക്സറില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. #justiceforarmystudents എന്ന പേരില്‍ ഹാഷ്ടാഗ് ക്യാമ്പൈനും പ്രതിഷേധക്കാര്‍ തുടക്കം കുറിച്ചു. ഇനി അഗ്നിപഥ് റിക്രൂട്ട്മെന്‍റുകള്‍ മാത്രമേ സൈന്യത്തിന് ഉണ്ടാകൂവെന്നും സൈനികവക്താക്കള്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ കായിക ക്ഷമതയും മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞ ശേഷം എഴുത്ത് പരീക്ഷയ്ക്ക് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തിലും ആശങ്കയേറി. അഗ്നിപഥ് പദ്ധതിയിലെ ഉയര്‍ന്ന പ്രായപരിധി 21 വയസ്സാണ്. 21 വയസ് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികളുടെ അവസരം ഇതോടെ ഇല്ലാതായി.
പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങളും പുതിയ അഗ്നിപഥ് പദ്ധതിയില്‍ ഇല്ല എന്നതും ശ്രദ്ധേയം. സ്ഥിരമായ സൈനിക ജോലി എന്ന സാധ്യതയും കുറഞ്ഞു. എന്നിവയാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ഇന്നലെ ബിഹാറില്‍ മാത്രമായിരുന്നു പ്രതിഷേധമെങ്കില്‍ ഇന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.
ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നല്കിയതിന് പിന്നാലെയാണ് സേനകൾ പുതിയ റിക്രൂട്ട്മെന്‍റ് പദ്ധതി പ്രഖ്യാപിച്ചത്.
സ്വതന്ത്ര ഇന്ത്യയില്‍ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും മികച്ച സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയും ആനുകൂല്യങ്ങളുമാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട അഗ്നിവീര്‍ (Agniveer) പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. പിന്നാലെ ഉത്തരാഖണ്ഡും യുപിയും അഗ്നിവീര്‍ പദ്ധതിയുടെ റിക്രൂട്ട്മെന്‍റ് ഡേറ്റ് പ്രഖ്യാപിച്ചു. ഒരു മാസത്തിനുള്ളില്‍ തന്നെ മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിക്കാനാണ് സൈന്യത്തിന്‍റെ തീരുമാനം.
അഗ്നിവീര്‍ സൈനികരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇഗ്നോയുമായി ചേര്‍ന്ന് മൂന്ന് വര്‍ഷത്തെ പ്രത്യേക ബിരുദ കോഴ്സ് ആരംഭിക്കും. ആറ് മാസത്തിനുള്ളില്‍ 25,000 പേരുടെ നിയമനം. നാവിക സേന -3000, കരസേന -40,000, വ്യോമസേന -3500 എന്നിങ്ങനെയാകും നിയമനം.
നാല് വര്‍ഷത്തെ സൈനിക സേവനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഏഴ് അര്‍ദ്ധ സൈനിക പൊലീസ് വിഭാഗങ്ങളിലേക്ക് മുന്‍ഗണനയുണ്ടായിരിക്കും. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്എഫ്, ഐടിബിപി, എന്നവയിലടക്കം മുന്‍ഗണനയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
ബിഹാറില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് കരസേനാ ഉപമേധാവി ലഫ്റ്റ്നന്റ് ജനറൽ ബി.എസ്.രാജു രംഗത്തെത്തി. അഗ്നിവീർന്മാരെ നിയമിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു. അടുത്ത 6 മാസം കൊണ്ട് കാൽലക്ഷം അഗ്നിവീർ സൈനികരെ നിയമിക്കുമെന്നും കരസേനാ ഉപമേധാവി വ്യക്തമാക്കി.
തൊട്ടടുത്ത വർഷം 15,000 പേരെ നിയമിക്കും. അടുത്ത 10 വർഷത്തിനുള്ളിൽ സേനയുടെ 25 ശതമാനവും അഗ്നിവീർ സൈനികർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ ശരാശരി പ്രായം 26 ആക്കി കുറയ്ക്കാൻ അഗ്നിപഥ് പദ്ധതി സഹായിക്കുമെന്നും ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പദ്ധതിയെ അനുകൂലിച്ച് കരസേനാ ഉപമേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാര്‍ ഇന്ന് ദില്ലിയിലെ നംഗ്ലോയ് റെയിൽവേ സ്റ്റേഷനില്‍ ട്രയിന്‍ തടഞ്ഞു. ഇന്ത്യ ഇരുവശങ്ങളിൽ നിന്നും ഭീഷണി നേരിടുമ്പോൾ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സേനയുടെ അച്ചടക്കവും ഊർജവും വിട്ടുവീഴ്ച ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ബിജെപി സർക്കാർ പരീക്ഷണ ശാലയാക്കി മാറ്റുകയാണെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. വർഷങ്ങളായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ, സര്‍ക്കാറിന് ഒരു ഭാരമായി തോന്നുന്നുണ്ടോയെന്നും പ്രിയങ്ക തന്‍റെ ട്വിറ്റില്‍ ചോദിച്ചു.
സായുധസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പോലെ നിര്‍ണായകമായ ഒരു വിഷയത്തിൽ ഒരു ചർച്ചയും ഗൗരവമായ പരിഗണനയും ഉണ്ടായില്ല. എന്തിനാണ് സര്‍ക്കാറിന് ഇത്ര പിടിവാശിയെന്നും പ്രിയങ്ക ചോദിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.
ഓരോ വര്‍ഷം 45,000 യുവാക്കളെ ഹ്രസ്വകാലത്തേക്കായി സൈന്യത്തിലെടുക്കാനുള്ള പദ്ധതിയാണ് അഗ്നിപഥ്. പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം ഈ പദ്ധതിയിലൂടെ സൈന്യത്തിന്‍റെ ഭാഗമാകാന്‍ കഴിയുക. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ സൈനിക സേവനത്തിന് ആളെയെടുക്കുന്നതിലൂടെ സേനയുടെ യുവത്വം നിലനിര്‍ത്താന്‍ സാധിക്കുന്നു.
നാല് ആഴ്ച്ച മുതൽ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വർഷത്തെ സേവനത്തിന് ശേഷവും ഇവർക്ക് സൈന്യത്തിൽ സ്ഥിര സേവനത്തിനായി അപേക്ഷിക്കാൻ കഴിയും. തുടക്കത്തിൽ പുരുഷന്മാർക്കാവും നിയമനമെങ്കിലും ഭാവിയിൽ യുവതികൾക്കും അവസരം പ്രതീക്ഷിക്കാം.
ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനം നടത്തണമെന്ന് മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു സേനയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയം. വിവിധ മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും മാനവശേഷി അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയുടെ നിർണായകമായ നിർദേശം.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 8.72 ലക്ഷം ഒഴിവുകളുള്ളതായി കേന്ദ്രം ഈ വർഷമാദ്യം പാർലമെന്‍റിൽ അറിയിച്ചിരുന്നു. രണ്ട് വർഷത്തിനപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തൊഴിലവസരങ്ങൾ കൂട്ടാനുള്ള കേന്ദ്രത്തിന്‍റെ നിർണായക നീക്കം. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പല തവണ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.