നികുതി അടയ്ക്കുന്ന 90 കെട്ടിടങ്ങള്‍ അനധിക‍ൃതമെന്ന് അധികാരികള്‍; പൊളിക്കാന്‍ പൊലീസ്, സംഘര്‍ഷം

First Published | Jul 4, 2022, 2:42 PM IST

ബീഹാറിലെ പട്‌നയിലെ രാജീവ് നഗറിന് സമീപത്തെ നേപ്പാളി നഗർ പ്രദേശത്ത് ഇന്നലെ (4.7.2022) അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ ഏറെ നേരം സംഘര്‍ഷമുണ്ടായി. സംഘർഷത്തിൽ പട്‌ന സിറ്റി പോലീസ് സൂപ്രണ്ട് (സെൻട്രൽ) ഉൾപ്പെടെ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ പകര്‍ത്തിയ  പിടിഐയുടെ ഒരു ചിത്രം ഏറെ ഉള്ളുലയ്ക്കുന്ന ഒന്നായിരുന്നു. സംഘര്‍ഷം നടക്കുന്നതിനിടെ പൊലീസിന് നേരെ നോക്കി കൈകൂപ്പുന്ന ഒരാളും അദ്ദേഹത്തിന്‍റെ പുറകിലായി കൈകുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ചിത്രമാണ് ഏറെ വേദനാജനകമായത്. 

കഴിഞ്ഞ മാസമാണ് നേപ്പാളി നഗർ പ്രദേശത്തെ 90 കെട്ടിടങ്ങള്‍ പൊളിച്ച് കളയാന്‍ പ്രാദേശിക ഭരണകൂടം നോട്ടീസ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഇന്നലെ  രാവിലെ രാജീവ് നഗർ പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള  രാജീവ് നഗർ, നേപ്പാളി നഗർ പ്രദേശങ്ങളിലെ 90 കെട്ടിടങ്ങള്‍ പൊളിക്കാനായി  14 ബുൾഡോസറുകളുമായി അതിരാവിലെ 5.30 നാണ് പൊലീസ് എത്തിയത്. എന്നാല്‍, പുലര്‍ച്ചെ തന്നെ പൊലീസ് എത്തിയെങ്കിലും പ്രദേശവാസികള്‍ പ്രതിരോധം തീര്‍ത്തതോടെ ഏറെ നേരം സംഘര്‍ഷാവസ്ഥയിലായിരുന്ന പ്രദേശം.

തങ്ങൾ ഭൂമിയുടെ നിയമപരമായ ഉടമകളാണെന്നും പ്രദേശത്തെ കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെങ്കിൽ, ഇത്രയും കാലം  മുനിസിപ്പൽ നികുതി പിരിച്ചതും വൈദ്യുതി കണക്ഷൻ നല്‍കിയതും ഏങ്ങനെയെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു. പൊലീസ് എത്തിയതിന് പിന്നാലെ നാട്ടുകാര്‍ പൊലീസിന് നേരെ രൂക്ഷമായ കല്ലേറാണ് നടത്തിയത്. കല്ലേറില്‍ പട്‌ന സെൻട്രൽ സിറ്റി പൊലീസ് സൂപ്രണ്ട് അംബ്രീഷ് രാഹുലിന് പരിക്കേറ്റു. അദ്ദേഹത്തിന്‍റെ മുഖത്താണ് കല്ല് കൊണ്ട് പരിക്കേറ്റത്.


എന്നാൽ സ്വന്തം തെറ്റ് കൊണ്ടാണ് തനിക്ക് പരിക്കേറ്റതെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. തുടര്‍ന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് എം.എസ്. ധില്ലൻ, ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് എന്നിവർ സ്ഥലത്തെത്തി കനത്ത പൊലീസ് സാന്നിധ്യത്തിലാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. ഒന്നര മാസം മുമ്പ് പ്രദേശത്തെ തൊണ്ണൂറോളം അനധികൃത നിർമാണങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും നോട്ടീസ് ലഭിച്ചിട്ടും ആളുകൾ സ്ഥലം ഒഴിയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടിയുമായി മുന്നോട്ട് പോയതെന്ന് പൊലീസ് പറഞ്ഞു. 

കയ്യേറ്റ വിരുദ്ധ നീക്കത്തിനായി  40 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍, രാവിലെ പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഒരു സംഘം സ്ഥലത്തെത്തിയപ്പോൾ, നാട്ടുകാർ കല്ലെറിയാൻ തുടങ്ങി. ഇതേ തുടര്‍ന്ന് സിറ്റി എസ്പി ഉൾപ്പെടെ ചില പൊലീസുകാർക്ക് പരിക്കേറ്റു. സർക്കാർ ഭൂമി കയ്യേറ്റരഹിതമാക്കുന്നത് വരെ കയ്യേറ്റ വിരുദ്ധ നീക്കം തുടരുമെന്നും സംഭവത്തില്‍ ഒരു ഡസനിലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 

"തലസ്ഥാനത്തിന്‍റെ ഈ പ്രധാന പ്രദേശത്ത് ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിൽ പ്രദേശത്തെ ഭൂമാഫിയകൾക്കും പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രദേശത്തത് നിരവധി രാഷ്ട്രീയക്കാര്‍ക്കും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറില്‍ സ്വാധീനമുള്ള മറ്റ് ചിലര്‍ക്കും വീടുകളുണ്ടെന്നും ഇവരെല്ലാം തന്നെ ഇവിടുത്തെ അന്തേവാസികളാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. 

ഭൂമിക്കും വൈദ്യുതിക്കും എന്തിന് മാലിന്യ ശേഖരണത്തിന് പോലും മുനിസിപ്പാലിറ്റി ഈ പ്രദേശത്ത് നിന്നും നികുതി ഈടാക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കെട്ടിടങ്ങള്‍ അനധിക‍ൃതമാണെങ്കില്‍ മുനിസിപ്പാലിറ്റി ഇതുവരെ നികുതി പിരിച്ചതെന്നും നാട്ടുകാര്‍ ചോദിക്കുന്നു. 

“പെട്ടെന്ന് അവർ ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ഞങ്ങളുടെ വീടുകൾ പൊളിക്കാൻ ബുൾഡോസറുകൾ നിരത്തികയും ചെയ്തു.” പ്രദേശവാസികള്‍ ആരോപിച്ചു. 2000 പൊലീസുകാരും 14 ബുള്‍ഡോസറുകളുമാണ് പ്രദേശത്തെത്തിയതെന്നും സ്വന്തും വീടുകള്‍ സംരക്ഷിക്കാനായി സമരം ചെയ്ത 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്നും നാട്ടുകാര്‍ പറയുന്നു. 

രാജീവ് നഗറും നേപ്പാളി നഗറും ഭൂമാഫിയകൾ അനധികൃതമായി വികസിപ്പിച്ചതാണ്. ഇവിടെയുള്ള രജിസ്‌ട്രികൾ പൂർണമായും നിരോധിച്ചു. എന്നിട്ടും, അവരിൽ ഭൂരിഭാഗവും മറ്റ് സ്ഥലങ്ങളിൽ രജിസ്ട്രി നടത്തുകയോ ബീഹാർ രാജ്യ ആവാസ് ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പവർ ഓഫ് അറ്റോർണി ഏറ്റെടുക്കുകയോ ആയിരുന്നു. കൂടാതെ ഇതിന് ഇടനിന്ന പ്രാദേശിക ഭൂമാഫിയകൾ ഈ ഭൂമി നിരപരാധികൾക്ക് അനധികൃതമായി വില്‍ക്കുകയായിരുന്നെന്നും ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് പറഞ്ഞു. 

പ്രദേശവാസികൾ ഭൂമിയുടെ നിയമപരമായ ഉടമകളാണെന്നും 20 വർഷത്തിലേറെയായി മുനിസിപ്പൽ നികുതി, വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നുണ്ടെന്നും പ്രദേശവാസികളും പറയുന്നു. ഭൂമി ബീഹാർ രാജ്യ ആവാസ് ബോർഡിന്‍റെതാണെങ്കിൽ, വൈദ്യുതി വിതരണം, വീട്ടുനികുതി തുടങ്ങിയ സർക്കാർ സൗകര്യങ്ങൾ എങ്ങനെ ലഭിക്കുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. 

ലാൻഡ് റെക്കോർഡ്, രജിസ്ട്രി ഉദ്യോഗസ്ഥർ, മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, നിർമ്മാണം അനുവദിച്ചതിന് കേസെടുക്കണമെന്ന് ജന്‍ അധികാരി പാര്‍ട്ടി പ്രസിഡന്‍റ് രാജേഷ് യാദവ് എന്ന് പപ്പു യാദവ് പറഞ്ഞു. ഇത് അഴിമതിയാണ് ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവാദികളായ പ്രശ്നമാണിത്. ഈ പ്രദേശങ്ങളിൽ നിർമ്മാണം നടന്നപ്പോൾ, എന്തുകൊണ്ട് നിയമ നിർവ്വഹണ ഏജൻസികൾ അത് തടഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ല. 
 

Latest Videos

click me!