Rayalacheruvu Dam | 500 വര്‍ഷം പഴക്കമുള്ള റയലച്ചെരുവ് ഡാമില്‍ വിള്ളല്‍; മുള്‍ മുനയില്‍ കിഴക്കന്‍ ആന്ധ്ര

First Published | Nov 22, 2021, 2:11 PM IST

ന്ധ്രപ്രദേശ് (Andra Pradesh) സംസ്ഥാനത്ത് ആകെ 129 ഡാമുകളാണ് ഉള്ളത്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ ഡാമുകളും ജലസേചനത്തിനായി (Irrigation)പണിതതാണ്. വളരെ കുറച്ച് ഡാമുകള്‍ മാത്രമേ ഹൈഡ്രോഇലക്ട്രിക് (Hydroelectric) പദ്ധതികള്‍ നടത്തുന്നൊള്ളൂ.  129 ഡാമുകളില്‍ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ ജലസംഭരണികളിലൊന്നാണ് അനന്തപൂര്‍ ജില്ലയിലെ (Anantapur district) റയലച്ചെരുവ് ഡാമില്‍ (Rayalacheruvu Dam). തിരുപ്പതിക്ക് (tirupati) സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല ചെരുവ് ഡാമില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡാമിന് താഴ്‍വാരത്തുള്ള 20 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ, അടക്കം കിഴക്കന്‍ ജില്ലകള്‍ പ്രളയത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബസ് ഒഴുക്കില്‍പ്പെട്ട് കാണാതായ 15 യാത്രകാര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് റയല ചെരുവ് ഡാമില്‍ നിന്നുള്ള ആശങ്കജനകമായ വാര്‍ത്തയെത്തുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള തുടര്‍ച്ചയായ ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി പെയ്ത അതിതീവ്രമഴയില്‍ ആന്ധ്രയിലെ ജലസംഭരണികളെല്ലാം നിറഞ്ഞ് കവിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനിടെയാണ് സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ജലസംഭരണിയില്‍ വിള്ളല്‍ കണ്ടെത്തിയത്. പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല ചെരുവ് ഡാം 500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ്. 


ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ചോർച്ച കണ്ടെത്തിയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.  ജലസംഭരിണി അപകടാവസ്ഥയില്‍ ആണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. 

വ്യോമസേനയും ദുരന്ത നിവാരണ സേനയും ചേർന്നാണ് 20 ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 

ക്ഷേത്രനഗരമായ തിരുപ്പതിയോട് ചേർന്നുകിടക്കുന്ന പ്രധാന ജലസ്രോതസ്സുകളിലൊന്നായ രായലച്ചെരുവിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. 

ചിറ്റൂർ ജില്ലയിലെ പ്രളയക്കെടുതി മേൽനോട്ടം വഹിക്കാൻ സ്‌പെഷ്യൽ ഓഫീസറായി നിയമിതനായ മുതിർന്ന ഉദ്യോഗസ്ഥൻ പി.എസ്. പ്രദ്യുമ്‌ന, ജില്ലാ കളക്ടർ എം.ഹരിനാരായണ, തിരുപ്പതി എസ്.പി സി.എച്ച്. വെങ്കട അപ്പല നായിഡു എന്നിവർ ഞായറാഴ്ച റയല ചെരുവ് ജലസംഭരണിയിലെ ചോർച്ച കണ്ടെത്തിയ ബണ്ടുകൾ പരിശോധിച്ചു. 

തുടര്‍ന്ന് സിമന്‍റും മണലും ഉപയോഗിച്ച് ചോർച്ച തടയാനുള്ള നടപടികൾ സ്വീകരിച്ചു. പിഎസ് പ്രദ്യുമ്‌നയുടെ അഭിപ്രായത്തിൽ, റയലച്ചെരുവിൽ ഇപ്പോൾ സംഭരിച്ചിരിക്കുന്ന 0.9 ടിഎംസി അടി ജലം അതിന്‍റെ സംഭരണ ​​ശേഷിയേക്കാൾ വളരെ കൂടുതലാണ്. 

ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, സമീപ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിച്ചെന്നും  എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ ഏത് സാഹചര്യം നേരിടാനും തയ്യാറാണെന്നും പിഎസ് പ്രദ്യുമ്ന കൂട്ടിച്ചേർത്തു. 

റയലച്ചെരുവ് ജലസംഭരണി കരകവിഞ്ഞൊഴുകിയാൽ കിഴക്കന്‍ ആന്ധ്രയിലെ നൂറിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുമെന്ന ആശങ്കിയിലാണ് കിഴക്കന്‍ ആന്ധ്ര. 

ഇതിനിടെ ചെയ്യേരു നദിയില്‍ ഒഴുക്കില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന 30 പേരില്‍ 16 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കുറിച്ച് ഇതുവരെയായും വിവരമൊന്നുമില്ല. കിഴക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ ഇതുവരെ 39  പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 

ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നേരത്തെ നൂറോളം പേരെ അതിശക്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

തിരുമല ക്ഷേത്രത്തില്‍ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും തിരുപ്പതി നഗരത്തില്‍ സ്ഥിതിരൂക്ഷമാണ്. ക്ഷേത്ര പരിസരത്തുള്ള നാല് തെരുവുകള്‍ വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാറിന്‍റെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്. 

ഇന്ന് പുലര്‍ച്ചെയോടെ മഴ കുറയുമെന്നായിരുന്നു ആദ്യ അറിയിപ്പെങ്കിലും ഇന്ന് വൈകിട്ടോടെ മഴ പെയ്യുന്നതില്‍ കാര്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. തെരച്ചിലിനിടെ ജാക്കറ്റ് ഒഴുകിപ്പോയതോടെ വെള്ളപാച്ചിലില്‍പ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനാംഗം ശ്രീനിവാസ് റാവു മരിച്ചത് രക്ഷാപ്രവര്‍ത്തകരെ ഏറെ വേദനിപ്പിച്ചു.  ട

മണ്ണിടിഞ്ഞും മരംവീണും ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വിജയവാഡ ഗുണ്ടക്കല്‍ റെയില്‍വ സ്റ്റേഷനുകളിലും തിരുപ്പൂര്‍ വിമാനത്താവളത്തിലും വെള്ളപ്പാക്കമാണ്. വിവിധ പ്രദേശങ്ങളിലെ റെയില്‍വേ ലൈനുകള്‍ അതിശക്തമായ കുത്തൊഴുക്കില്‍ ഒഴുകി പോയി. ട

ഇതേ തുടര്‍ന്ന് വിജയവാഡ റൂട്ടിലൂടെ പോകുന്ന കേരളത്തില്‍ നിന്നുള്ള ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ-ധൻബാദ്, കൊച്ചുവേളി - ഗോരഖ്പൂർ, നാഗർകോവിൽ - മുംബൈ സിഎസ്ടി, തിരുവനന്തപുരം - സെക്കന്തരാബാദ്, എറണാകുളം - ടാറ്റാനഗർ, ടാറ്റാനഗർ - എറണാകുളം, തിരുനെൽവേലി ബിലാസ്പൂർ, ദില്ലി - കേരള ഷാലിമാർ, ഗുരുദേവ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. 

ആന്ധ്രയില്‍ മാത്രം രണ്ടായിരത്തോളം വീടുകള്‍ തകര്‍ന്നു. ഇരുപതിനായിരം ഹെക്ടര്‍ കൃഷി നശിച്ചു. ഹെലികോപ്റ്ററില്‍ പ്രളയമേഖല സന്ദര്‍ശിച്ച മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രയില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തില്‍ ദലൈലാമ അനുശോചനം അറിയിച്ചു. 

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പെയ്ത് അതിതീവ്ര മഴയെ തുടര്‍ന്ന് പതിനായിരക്കണക്കിന് ഹെക്ടര്‍ കൃഷി ഭൂമിയാണ് നശിച്ചത്. ഇത് വരും മാസങ്ങളില്‍ ഭക്ഷ്യസാധനങ്ങളുടെ വില വര്‍ദ്ധനവിന് കാരണമാകും

Latest Videos

click me!