ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; മനുഷ്യ ജീവനെരിച്ചുകളയുന്ന റോക്കറ്റുകള്‍

First Published | May 11, 2021, 12:24 PM IST

സ്ലാം മതത്തിലെ വിശുദ്ധമാസമായ റംസാനിലെ അവസാനത്തെ ദിവസങ്ങളില്‍ പാലസ്തീനികള്‍ക്കെതിരെ ശക്തമായ റോക്കറ്റ് അക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം അവസാന വെള്ളിയാഴ്ച പ്രര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളുടെ നേര്‍ക്ക് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതിന് പുറകെയാണ് ഇസ്രയേല്‍ കഴിഞ്ഞ രണ്ട് ദിവസമായി രാത്രി കാലങ്ങളില്‍ ഗാസയിലേക്ക് നിരന്തരം റോക്കറ്റുകള്‍ വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്‍റെ അക്രമണത്തില്‍‌ ഒൻപത് കുട്ടികളും മുതിർന്ന ഹമാസ് കമാൻഡറും ഉൾപ്പെടെ 20 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ അധികൃതർ അറിയിച്ചു. അതിനിടെ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്‍റെ നടപടിയെ അപലപിച്ചു. " ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണ്. പലസ്തീനികൾ സംരക്ഷണം അർഹിക്കുന്നു. ഇസ്രായേലിൽ നിന്ന് വ്യത്യസ്തമായി, പലസ്തീൻ സിവിലിയന്മാരെ സംരക്ഷിക്കാൻ അയൺ ഡോം പോലുള്ള മിസൈൽ പ്രതിരോധ പരിപാടികൾ നിലവിലില്ല." അമേരിക്കന്‍  കോണ്‍ഗ്രസ് പ്രതിനിധിയായ ഇൽഹാൻ അബ്ദുല്ലഹി ഒമർ ട്വിറ്ററില്‍ കുറിച്ചു. 

അടുത്തകാലത്ത് ആദ്യമായാണ് ഇസ്രയേലിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളില്‍നിന്ന് ഇത്രയും ശക്തമായൊരു ആരോപണം ഉയരുന്നത്. അമേരിക്കന്‍ സഖ്യ കക്ഷിയായ ഇസ്രയേലിന്‍റെ ഗാസയെക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളെയും അമേരിക്ക കണ്ടില്ലെന്ന് നടിച്ചിട്ടേയുള്ളൂ. എന്നാല്‍, ഇതാദ്യമായാണ് ഒരു അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ഇസ്രയേലിനെതിരെ ഇത്രയും രൂക്ഷമായൊരാരോപണം ഉയര്‍ത്തുന്നത്.
മിനിസോട്ടാ നഗരത്തില്‍‌ നിന്നുള്ള ഡമോക്രാറ്റിക്ക് പ്രതിനിധിയാണ് ഇൽഹാൻ അബ്ദുല്ലഹി ഒമർ. ട്രംപ് ഭരണകൂടത്തിന്‍റെ ഇസ്രയേല്‍ അനുഭാവ നടപടികളോട് എന്നും രൂക്ഷമായ ഭാഷയിലാണ് ഇൽഹാൻ പ്രതികരിച്ചിരുന്നത്.

ഞങ്ങളുടെ പ്രദേശം, തലസ്ഥാനം, പൗരന്മാർ, സൈനികർ എന്നിവർക്കെതിരായ ആക്രമണങ്ങളെ ഞങ്ങൾ സഹിക്കില്ല. ഞങ്ങളെ ആക്രമിക്കുന്നവർ ആരായാലും കനത്ത വില നല്‍കേണ്ടിവരും.' അയാള്‍ പറഞ്ഞു.
എന്നാല്‍, 'ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണ്. ഫലസ്തീനികൾ സംരക്ഷണം അർഹിക്കുന്നു.' ഇൽഹാൻ അബ്ദുല്ലഹി ഒമർ ആവര്‍ത്തിച്ചു.
വെള്ളിയാഴ്ച ഇസ്രയേൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് അമേരിക്കന്‍ സെനറ്റിലെ മറ്റ് 'സ്ക്വാഡ്' അംഗങ്ങൾ പലസ്തീൻകാർക്ക് വേണ്ടി വാദിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ ടാഗ് ചെയ്ത് മറ്റ് അംഗങ്ങളായ ത്വലാബ്, ഒകാസിയോ കോർട്ടെസ്, പ്രസ്ലി എന്നിവരും ട്വിറ്ററിൽ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചു.
'അൽ അക്സയിൽ ഞാൻ ആദ്യമായി പ്രാർത്ഥിക്കുമ്പോൾ എനിക്ക് 7 വയസ്സായിരുന്നു. മുസ്‌ലിംകൾക്കുള്ള പുണ്യ സ്ഥലമാണിത്. ക്രിസ്ത്യാനികൾക്കായുള്ള വിശുദ്ധ കല്ലറകളുടെ പള്ളിയേയെയഹൂദർക്കുള്ള വിശുദ്ധ ക്ഷേത്രപര്‍വ്വതത്തെയോ ആക്രമിക്കുന്നതിന് തുല്യമാണിത്. റമദാൻ മാസത്തിലാണ് ഇസ്രായേലിന്‍റെ അക്രമണം. എവിടെയാണ് പ്രകോപനം?, ജോ ബൈഡനെ ടാഗ് ചെയ്ത് ' ത്വലാബ് എഴുതി.
പ്രസ്ലി പറഞ്ഞു: 'കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറയിലെ പലസ്തീൻ നിവാസികളോട് വീടുകളിൽ നിന്ന് ബലമായി നീക്കം ചെയ്യപ്പെടുന്നവരോട് ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഒരു പകർച്ചവ്യാധിയുടെ മധ്യത്തിൽ, റമദാൻ മാസത്തിൽ. ഇത് അസ്വീകാര്യമാണ്. ഇത് മനുഷ്യത്വരഹിതമാണ്. പലസ്തീനികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎസ് നേതൃത്വം കാണിക്കണം.' ഒകാസിയോ കോർട്ടെസ് എഴുതി.
എന്നാല്‍, ഗാസയില്‍ നിന്ന് 50 റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇന്നലെ ഇസ്രായേൽ സൈന്യം ആരോപിച്ചു. ഇതിൽ ഡസൻ കണക്കിന് റോക്കറ്റുകള്‍ അയൺ ഡോം ഏരിയൽ ഡിഫൻസ് സിസ്റ്റം ആകാശത്ത് വച്ച് തന്നെ തകര്‍ത്തെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആര്‍ക്കും അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇസ്രയേല്‍ ഗാസയിലെ രണ്ട് റോക്കറ്റ് ലോഞ്ചറുകൾ, രണ്ട് സൈനിക പോസ്റ്റുകൾ, ഒരു തുരങ്കം, എട്ട് ഹമാസ് പ്രവർത്തകർ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അവരുടെ കമാൻഡർമാരിൽ ഒരാളായ മുഹമ്മദ് ഫയാദ് കൊല്ലപ്പെട്ടതായി ഹമാസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഇസ്രയേലിന്‍റെ റോക്കറ്റ് അക്രമണത്തില്‍ ഒൻപത് കുട്ടികളും മുതിർന്ന ഹമാസ് കമാൻഡറുംഉൾപ്പെടെ 20 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ അധികൃതർ അറിയിച്ചു.
എന്നാല്‍, പോരാട്ടം അവസാനിപ്പിക്കാന്‍ ഇസ്രയേലിലെ ഏറ്റവും വലിയ അധികാരപ്രമത്തതയുള്ള പ്രധാനമന്ത്രി നെതന്യാഹു തയ്യാറാകുന്നമെന്നതിന് സൂചനകളൊന്നുമില്ലെന്ന് മാത്രമല്ല, അക്രണം ശക്തമാക്കുമെന്നും തങ്ങളെ ആരെതിര്‍ത്താലും അക്രമിക്കപ്പെടുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും പോരാട്ടം കുറച്ചുകാലം തുടരാമെന്നും നെതന്യാഹു ആവര്‍ത്തിച്ചു.
വെള്ളിയാഴ്ച പ്രര്‍ത്ഥനയ്ക്ക് ഇസ്ലാം മതവിശ്വാസികള്‍‌ അൽ-അക്സാ പള്ളി എത്തുന്നതിന് മുമ്പ് തന്നെ പള്ളിയും പരിസരവും ഇസ്രയേല്‍ സേനയുടെ അധീനതയിലാക്കിയിരുന്നു. കര്‍ശനമായ പരിശോധനകള്‍‌‌ക്ക് ശേഷമേ വിശ്വാസികളെ സൈന്യം പള്ളിയിലേക്ക് കടത്തിവിട്ടൊള്ളൂ.
അന്ന് വൈകീട്ടോടെ പള്ളിയില്‍ സംഘര്‍ഷമുണ്ടാവുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നിരായുധരായ വിശ്വാസികള്‍ക്ക് നേരെ ഇസ്രയേലി സേന റബര്‍ ബുള്ളറ്റുകളും ഗ്രനൈഡുകളും ഉപയോഗിച്ചു. അന്നത്തെ ഏറ്റുമുട്ടലില്‍ 305 ഫലസ്തീനികൾക്ക് പരിക്കേറ്റു. 205 പേരെ ആശുപത്രിയിലാക്കി. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഈ സംഘര്‍ഷത്തെ തുടര്‍ന്ന് കിഴക്കൻ ജറുസലേമിലെ അൽ-അക്സാ പള്ളിയിൽ നിന്ന് ഇസ്രയേല്‍ സുരക്ഷാ സേനയെ പിൻവലിക്കാൻ ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇന്നലെ വൈകുന്നേരം 6 മണിവരെ ഇസ്രായേലിന് അന്ത്യശാസനം നൽകിയിരുന്നു.
സമയപരിധി കഴിഞ്ഞതിന് ശേഷവും ഇസ്രയേല്‍ സൈന്യം പള്ളിയില്‍ തുടര്‍ന്നതോടെയാണ് ഹമാസ് ഇസ്രയേലിന് നേര്‍ക്ക് റോക്കറ്റുകൾ പ്രയോഗിച്ചത്. ഹമാസ് അയച്ച എല്ലാ റോക്കറ്റുകളെയും ഇസ്രയേല്‍ ആകാശത്ത് വച്ച് തന്നെ നിര്‍വീര്യമാക്കി. അവരുടെ അയൺ ഡോം സംവിധാനം മിസൈലുകളെ ആകാശത്ത് വച്ച് തന്നെ നിര്‍വീര്യമാക്കാന്‍ സാഹായിക്കുന്നു.
'ഗാസയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ ആരംഭിച്ചു. വിവിധ സാഹചര്യങ്ങൾക്കായി ഞങ്ങൾ പ്രത്യേകം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഹമാസിന് സന്ദേശം ലഭിക്കും. ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തോടുള്ള ഇസ്രയേൽ പ്രതികരണത്തെക്കുറിച്ച് സംസാരിച്ച സൈനിക വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞതായി ഡെയിലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഇസ്രായേൽ-ഹമാസ് പോരാട്ടങ്ങൾക്കിടെ മധ്യസ്ഥത വഹിച്ച ഈജിപ്തും ഖത്തറും സംഘർഷങ്ങൾ ശമിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് നയതന്ത്ര വൃത്തങ്ങൾ എ.എഫ്.പിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷം അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഇസ്രയേലിനെതിരെയുള്ള വികാരം ശക്തമാക്കി. അമേരിക്ക ഇസ്രയേല്‍ നടപടിയെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും റോക്കറ്റാക്രമണം സ്വീകാര്യമല്ലെന്ന് ഇസ്രയേലിനെ അറിയിച്ചതായും യുഎസ് എംബസി അറിയിച്ചു. എന്നാല്‍, അതിർത്തിക്കടുത്തുള്ള തെക്കൻ ഇസ്രായേലി പട്ടണങ്ങളെ ലക്ഷ്യമാക്കി പലസ്തീന്‍ 50 റോക്കറ്റുകളയച്ചെന്ന് ഇസ്രയേലും ആരോപിച്ചു.
ആറ് റോക്കറ്റുകൾ 60 മൈൽ (100 കിലോമീറ്റർ) അകലെയുള്ള ജറുസലേമിനെ ലക്ഷ്യമിട്ടതായി ലഫ്റ്റനന്‍റ് കേണൽ കോൺറിക്കസ് പറഞ്ഞു. 2014 ലെ യുദ്ധത്തിന് ശേഷം നഗരത്തിന് നേരെയുള്ള ആദ്യത്തെ റോക്കറ്റ് ആക്രമണമാണിതെന്ന് കരുതപ്പെടുന്നു.
സൈറൻസ് മുഴങ്ങിയതിന് ശേഷം ജറുസലേമിൽ നിന്ന് സ്‌ഫോടനങ്ങൾ കേൾക്കാമായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തിന്‍റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് ഒരു റോക്കറ്റ് വീണു. ഒരു വീടിന് നേരിയ നാശനഷ്ടമുണ്ടി. ഒരു റോക്കറ്റ് തടഞ്ഞതായും മറ്റുള്ളവ തുറന്ന സ്ഥലങ്ങളിൽ പതിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.
എന്നാല്‍, ഗാസയിലുടനീളം ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തുകയായിരുന്നു. വടക്കൻ പട്ടണമായ ബീറ്റ് ഹനൌണിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു.
ഹമാസിന്‍റെ മിസൈല്‍ ആക്രമണത്തെ കുറിച്ച്, 'ശത്രുവിന് നന്നായി മനസ്സിലാക്കേണ്ട സന്ദേശമാണ്.' എന്നായിരുന്നു ഹമാസിന്‍റെ സൈനിക വിഭാഗം വക്താവ് അബു ഒബീദയുടെ പ്രതികരണം.
ഇസ്രായേൽ സേന പവിത്രമായ അൽ-അക്സാ പള്ളി വളപ്പിലേക്ക് വീണ്ടും പ്രവേശിക്കുകയോ കിഴക്കൻ ജറുസലേം പരിസരത്ത് നിന്ന് പലസ്തീൻ കുടുംബങ്ങളെ ആസൂത്രിതമായി കുടിയൊഴിപ്പിക്കുകയോ ചെയ്താൽ കൂടുതൽ ആക്രമണമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി.
1967 ൽ കിഴക്കൻ ജറുസലേം ജൂത ഭരണകൂടം പിടിച്ചെടുത്തതിന്‍റെ ആഘോഷങ്ങളും ഈ സമയത്ത് തന്നെയാണെന്നത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇസ്രയേലിലെ തീവ്രവലത് പക്ഷജനത ഈ സമയം പഴയ നഗരത്തില്‍മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടത് റദ്ദാക്കി.
സംഘര്‍ഷത്തിനിടെ ഹമാസ് അയച്ച് മിസൈലുകളെല്ലാം തന്നെ ഇസ്രയേലിന്‍റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം തകര്‍ത്തെങ്കിലും പാലസ്തീനികള്‍ ഇസ്രായേൽ പ്രദേശത്ത് ഡസൻ കണക്കിന് തീ പടർത്തുന്ന ആക്രമണ ബലൂണുകൾ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ ആരോപിച്ചു.
സാഹചര്യപരമായ വിലയിരുത്തലിനെത്തുടർന്ന് ഗാസ അതിർത്തിക്കടുത്തുള്ള റോഡ് വ്യാപകമായി അടച്ചുപൂട്ടാന്‍ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. ഗാസയ്ക്കടുത്തുള്ള രണ്ട് മുനിസിപ്പാലിറ്റികളായ അഷ്‌കെലോൺ, കൈരിയാറ്റ് മലാച്ചി എന്നിവിടങ്ങളില്‍ തങ്ങളുടെ ബോംബ് ഷെൽട്ടറുകൾ തുറന്നതായും ഇസ്രയേല്‍ സ്ഥിരീകരിച്ചു.
2017 മുതൽ നഗരം കണ്ടതില്‍ വച്ച് ഏറ്റവും ഗുരുതരമായ അക്രമ പരമ്പരയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. സംഘര്‍ഷത്തിന്‍റെ തുടർച്ചയായ നാലാം ദിവസമായിരുന്നു ഇന്നലെ. ഏപ്രിൽ പകുതി മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
വിശുദ്ധ റമദാൻ മാസത്തിലെ അൽ അക്സാ പള്ളിയിലും പരിസരത്തും നടന്ന അക്രമത്തോടെ വെള്ളിയാഴ്ച ഏറ്റുമുട്ടലുകൾ പെട്ടെന്ന് വർദ്ധിച്ചു, ഇത് കൂടുതൽ ആളുകളെ തെരുവിലേക്ക് ഇറക്കി. പഴയ നഗരം സ്ഥിതിചെയ്യുന്ന കിഴക്കൻ ജറുസലേമിൽ ജൂത കുടിയേറ്റക്കാരും പലസ്തീകാരും മ്മിൽ ദീർഘകാലമായി നടക്കുന്ന കോടതി പോരാട്ടവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു.
ഈ വിഷയത്തിൽ വിധി പറയേണ്ട കോടതി തീയതി വീണ്ടും മാറ്റിവച്ചു. തീവ്രവാദ വലതുപക്ഷ മത സയണിസം പാർട്ടിയുടെ നേതാവ് ബെസലെൽ സ്മോട്രിച്ച്, സ്വത്ത് തർക്കങ്ങളുടെ കേന്ദ്രമായ പിരിമുറുക്കമുള്ള ഷെയ്ഖ് ജറാ ജില്ല സന്ദർശിക്കുമെന്ന് അറിയിച്ചു. ഇത് സംഘര്‍ഷം വീണ്ടും വര്‍ദ്ധിപ്പിക്കും.
പ്രതിഷേധത്തെയും കലാപത്തെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം ന്യായീകരിച്ചു. “ഞങ്ങൾ ക്രമസമാധാനം - ശക്തമായും ഉത്തരവാദിത്തത്തോടെയും ഉയർത്തിപ്പിടിക്കും,” എല്ലാ വിശ്വാസങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുമെന്ന് നേതന്യാഹു പ്രതിജ്ഞയെടുത്തു.
വടക്കൻ ഇസ്രായേലി നഗരമായ ഹൈഫയിലും വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലും ഏറ്റുമുട്ടലുകൾ നടക്കുന്നെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള ആറ് അറബ് രാജ്യങ്ങളും - ഈജിപ്ത്, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നിവ ജൂത രാഷ്ട്രത്തെ അപലപിച്ചു.
ജറുസലേമിന്‍റെ വിശുദ്ധ ഇസ്ലാമിക, ക്രിസ്ത്യൻ സൈറ്റുകളുടെ സൂക്ഷിപ്പുകാരനായ ജോർദാനിൽ, 'അനുഗ്രഹീതമായ അൽ-അക്സാ പള്ളിയിലെ ഇസ്രായേലി ലംഘനങ്ങളെയും വർദ്ധിപ്പിക്കുന്ന നടപടികളെയും' രാജാവ് അബ്ദുല്ല രണ്ടാമൻ അപലപിച്ചു. പ്രതിഷേധം അറിയിക്കാൻ ജോർദാനും ഈജിപ്തും ഞായറാഴ്ച ഇസ്രായേൽ പ്രതിനിധികളെ വിളിച്ച് വരുത്തി.
അക്രമത്തെക്കുറിച്ച് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടതനുസരിച്ച് യോഗം ചേരുമെന്ന് ടുണീഷ്യ പറഞ്ഞു. യൂറോപ്യൻ യൂണിയൻ, റഷ്യ, അമേരിക്ക, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിൽ നിന്നുള്ള മിഡിൽ ഈസ്റ്റ് ക്വാർട്ടറ്റ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരെല്ലാം ഇസ്രയേലിനോട് ശാന്തരാകാന്‍‌ ആവശ്യപ്പെട്ടു.
സമാധാനപരമായ സമ്മേളിക്കാനുള്ള അവകാശത്തെ ഇസ്രയേൽ അധികൃതർ ബഹുമാനിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. കിഴക്കൻ ജറുസലേമിൽ രണ്ട് ദിവസത്തിനിടെ ഒരു വയസുകാരൻ ഉൾപ്പെടെ 29 ഫലസ്തീൻ കുട്ടികൾക്ക് പരിക്കേറ്റതായി യുഎൻ കുട്ടികളുടെ ഏജൻസി യുനിസെഫ് അറിയിച്ചു.'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!