Monkeypox : സൂക്ഷിക്കുക, മങ്കിപോക്സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

First Published | May 26, 2022, 1:30 PM IST

ആശങ്ക പരത്തിക്കൊണ്ടാണ് നിലവില്‍ കുരങ്ങുപനി ( Monkeypox Cases ) വ്യാപകമാകുന്നത്. 20 രാജ്യങ്ങളിൽ ഇപ്പോൾ മങ്കിപോക്സ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസ്, യുകെ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ ഇപ്പോൾ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജർമ്മനിയിൽ കേസുകൾ ഇനിയും കൂടിയാൽ വാക്സിനേഷൻ നൽകാൻ ജർമ്മനി 40,000 ഡോസ് ബവേറിയൻ നോർഡിക് വാക്സിൻ ഓർഡർ ചെയ്തിട്ടുണ്ട്. ഓര്‍ത്തോപോക്സ് വൈറസ് ആണ് മങ്കിപോക്സ്/ കുരങ്ങുപനി ഉണ്ടാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇത് മറ്റിടങ്ങളിലേക്ക് വ്യാപകമായത്. 

monkeypox virus

ഒരു വ്യക്തി ഒരു മൃഗത്തിൽ നിന്നോ മനുഷ്യനിൽ നിന്നോ വൈറസ് ബാധിച്ച വസ്തുക്കളിൽ നിന്നോ വൈറസുമായി സമ്പർക്കം പുലർത്തുമ്പോൾ വൈറസ് പകരുന്നു. അടുത്തിടെ നൈജീരിയയിലേക്ക് പോയ ഇംഗ്ലണ്ടിലെ ഒരാൾക്കാണ് മങ്കിപോക്സ് വൈറസ് ബാധിച്ചതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.


monkeypox virus

വൈറസ്ബാധയുള്ള മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, തലവേദന ,ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സിന് സമാനമായ കുമിളകൾ ആദ്യം മുഖത്തും പിന്നീട് ശരീരമാകെയും പ്രത്യക്ഷപ്പെടും. 

ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണ്. ശരീരസ്രവങ്ങൾ, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങൾ എന്നിവയിലൂടെയും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ പങ്കുവയ്ക്കുന്നതിലൂടെയും രോഗം പകരാമെന്ന് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗത്തിന്റെ തലവനായ ഡോ. ഡേവിഡ് ഹെയ്‌മാൻ, അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

പനി, തലവേദന, ശരീര വേദന പോലുള്ളവ കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം തന്നെ ചിക്കൻ പോക്സിനു സമാനമായ രീതിയിൽ ചർമത്തിൽ ചെറിയ കുമിളകൾ രൂപപ്പെടും.
രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. മൃഗങ്ങളിൽ നിന്ന് രോഗം പകരാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണം. 
 

കുരങ്ങുപനിയുടെ കൂടുതൽ കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടണ്ട്. രോഗലക്ഷണങ്ങളുമായി വിദേശത്ത് നിന്ന് വരുന്നവർ ഡോക്ടറെ കണ്ട് പരിശോധിക്കണമെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
 

1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്.1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്

Latest Videos

click me!