വിഷമുള്ള ഇനത്തിൽ പെട്ട പാമ്പുകളിൽ ഒന്നാം സ്ഥാനം രാജവെമ്പാലക്കാണ്. കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല. ന്യൂറോടോക്സിൻ വിഭാഗത്തിൽ പെടുന്ന എലാപ്പിഡേ കുടുംബത്തിലെ ഈ പാമ്പിന്റെ വിഷത്തിന് ഒറ്റക്കൊത്തിൽ ഒരു ശരാശരി മനുഷ്യനെ അരമണിക്കൂറിനുള്ളിൽ കൊല്ലാനാകും.
ഭൂമുഖത്ത് ജീവിക്കുന്ന പാമ്പുകളിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് മൂർഖൻ. വിഷപ്പല്ലുകളുടെ എണ്ണം കൂടുതലായതിനാൽ വളരെയധികം വിഷം ശരീരത്തിൽ പ്രവേശിപ്പിക്കാൻ ഇവക്ക് സാധിക്കും. ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുള്ള ഈ പാമ്പുകൾ മറ്റുള്ള പാമ്പുകളേക്കാളും എളുപ്പത്തിൽ പ്രകോപിതരാകാറുമുണ്ട്.
വൈപ്പറിഡേ കുടുംബത്തിൽ പെട്ട പാമ്പാണ് അണലി. 66 -ലധികം ഉപവർഗ്ഗങ്ങളുണ്ട് അണലികളിൽ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന അണലികളാണ് റസ്സൽസ് വൈപ്പർ (Russell's Viper) എന്ന ചേനത്തണ്ടൻ, സോ-സ്കേൽഡ് വൈപ്പർ (Saw- Scaled Viper ) എന്ന ചുരുട്ടമണ്ഡലി എന്നിവ.
നമ്മുടെ നാട്ടിൽ കരയിൽ കാണപ്പെടുന്ന പാമ്പുകളിൽ വിഷവീര്യം ഏറ്റവും കൂടിയ ഇനമാണ് ശംഖുവരയൻ. വിഷം നേരിട്ട് തലച്ചോറിനെയാണ് ബാധിക്കുന്നത്. വെള്ളിക്കെട്ടൻ, എന്ന പേരിലും പ്രാദേശികമായി അറിയപ്പെടുന്നു. തിളങ്ങുന്ന കറൂപ്പുനിറത്തിൽ വെള്ളിവളയങ്ങളുള്ളതിനാൽ വേഗം തിരിച്ചറിയാനാകും.
വിഷമില്ലാത്ത ഇനം പാമ്പാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ്. മുട്ടയിട്ടു കുഞ്ഞുങ്ങളെ വളർത്തുന്നയിനം പാമ്പാണ് ഇത്. ശരാശരി 6 മീറ്റർ നീളവും 90 മുതൽ 100 കിലോഗ്രാം ഭാരവും ഇവയ്ക്ക് ഉണ്ടാകും.
ശുദ്ധജലത്തിൽ ജീവിക്കുന്ന പാമ്പാണ് നീർക്കോലി അഥവാ പുളവൻ എന്നപേരിൽ അറിയപ്പെടുന്നത്. കുളങ്ങൾ, തോടുകൾ, കണ്ടങ്ങൾ തുടങ്ങിയവയിലും സമീപപ്രദേശങ്ങളിലും പരക്കെ കാണുന്നു. ഇളം തവിട്ടു നിറത്തിലോ മഞ്ഞ കലർന്ന തവിട്ടു നിറത്തിലോ ആയിരിക്കും ശരീരം.