പകല്‍ എത്തരത്തില്‍ ചെലവഴിച്ചു എന്നതിന് അനുസരിച്ചാണ് രാത്രിയിലെ ഉറക്കവും. അതിനാല്‍ പതിവായി കൃത്യസമയത്ത് ഉണരാന്‍ ശ്രമിക്കുക. ഇടയ്ക്കിടെ വെറുതെ മയങ്ങുന്ന പതിവുണ്ടെങ്കില്‍ അതും ഒഴിവാക്കണം.
രാവിലെ ഉണര്‍ന്നയുടന്‍ കാപ്പിയോ ചായയോ ഒക്കെ കഴിക്കുന്നത് നമ്മളില്‍ മിക്കവരുടേയും പതിവാണ്. ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കാന്‍ ഇവയിലടങ്ങിയിരിക്കുന്ന 'കഫീന്‍' സഹായിക്കുന്നുണ്ട്. എന്നാല്‍ വൈകുന്നേരത്തിന് ശേഷം കാപ്പിയോ ചായയോ ഒഴിവാക്കുന്നതാണ് നല്ല ഉറക്കം ലഭിക്കാന്‍ ഉത്തമം.
വര്‍ക്കൗട്ട് ചെയ്യുന്നത് എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ കിടക്കാന്‍ പോകുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് തന്നെ വര്‍ക്കൗട്ട് തീര്‍ത്തിരിക്കണം. ഉറങ്ങുന്നതിന് തൊട്ടുമുമ്പായി ഒരിക്കലും വര്‍ക്കൗട്ട് ചെയ്യാതിരിക്കുക.
കിടക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പായിത്തന്നെ മൊബൈല്‍ ഫോണ്‍, ടിവി, കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നെല്ലാം മാറുക. പ്രാര്‍ത്ഥന, പുസ്തകം വായന എന്നിവയെല്ലാം ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വരെ ചെയ്യാം. കാരണം ഇവയെല്ലാം 'മെഡിറ്റേഷന്‍' എന്ന ഗണത്തിലുള്‍പ്പെടുത്താവുന്നവയാണ്.
കിടപ്പുമുറിക്ക് അതിന്റേതായ സവിശേഷമായ അന്തരീക്ഷം ആവശ്യമാണ്. ജോലിസംബന്ധമായ കാര്യങ്ങള്‍ക്ക് കിടപ്പുമുറി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇരുട്ടിലോ, അതല്ലെങ്കില്‍ തീരെ നേര്‍ത്ത വെളിച്ചത്തിലോ ആയിരിക്കണം ഉറങ്ങാന്‍ കിടക്കേണ്ടത്. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ പരമാവധി ഉറക്കത്തെ ശല്യപ്പെടുത്താതിരിക്കാനായി കരുതലെടുക്കാം. അതുപോലെ പങ്കാളിക്കൊപ്പമാണ് ഉറങ്ങുന്നതെങ്കില്‍ മറ്റ് കാര്യങ്ങളില്‍ ഉള്ളത് പോലെ തന്നെ ധാരണ ഉറക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വച്ചുപുലര്‍ത്തുക.