Covid19: ഇന്ത്യയിലും കേരളത്തിലും കൊവിഡ് കണക്കുയരുന്നു; ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്
First Published | Jun 5, 2022, 1:26 PM ISTഒരിടവേളയ്ക്ക് ശേഷം രാജ്യത്തും സംസ്ഥാനത്തും ഒരു പോലെ കൊവിഡ് (Covid19) വ്യാപനം ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിന് ശേഷം രാജ്യത്ത് ആദ്യമായി 4,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 4,270 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,31,76,817 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ടെസ്റ്റ് പോസറ്റിവിറ്റി (TPR - Test Positivity Rate) നിരക്ക് ഒരു ശതമാനത്തിന് മുകളിലാണെങ്കില്‍ സംസ്ഥാനത്ത് ഇത് 11.39 ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ടിപിആര്‍ നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി ഉയര്‍ന്നു. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യമൊട്ടുക്കും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നാല് മരണവും. ഇതോടെ രാജ്യത്ത് ആകെ സര്‍ക്കാര്‍ കണക്കില്‍ മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രതിദിനം 1500 ന് മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. പരിശോധന കുറവുള്ളപ്പോഴാണ് ഈ നിരക്കെന്നതും ശ്രദ്ധേയം.