അക്രമത്തെ പ്രത്സാഹിപ്പിക്കുന്നു, ടിക്ക് ടോക്കും പബ്ജിയും വേണ്ടെന്ന് താലിബാന്‍; നിരോധനം ഉടന്‍ !

First Published | Sep 22, 2022, 4:17 PM IST

ഫ്ഗാനിസ്ഥാനില്‍ പബ്ജിയും ടിക് ടോക്കും ഉടന്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് താലിബാന്‍. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് പബ്ജിയെയും ടിക് ടോക്കിനെയും നിരോധിക്കുന്നെതന്നാണ് താലിബാന്‍റെ അവകാശവാദം. ഇത്തരം ആപ്പുകള്‍ അക്രമത്തെ മഹത്വപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് താലിബാന്‍റെ വാദം. അതിനാല്‍ ഇത്തരം ആപ്പുകള്‍ രാജ്യത്ത് നിരോധിക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സുരക്ഷാ മേഖലയിലെ അംഗങ്ങളുമായും ശരിയത്ത് നിയമ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇത്തരത്തില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകള്‍ രാജ്യത്ത് നിരോധിക്കാനൊരുങ്ങുന്നതായി ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് അറിയിച്ചത്. നിലവില്‍ അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ആപ്പുകളാണ് പബ്ജിയും ടിക് ടോക്കും. 

ഇതാദ്യമായല്ല ടിക്ക് ടോക്കിനും പബ്ജിക്കും നിരോധനം നേരിടേണ്ടിവരുന്നത്. യുവ തലമുറയെ വഴി തെറ്റിക്കുന്നു എന്ന വാദമുയര്‍ത്തി ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ ഈ രണ്ട് ആപ്പുകള്‍ക്കും നേരത്തെ തന്നെ നിരോധനമുണ്ട്. സംയുക്ത യോഗത്തിന് ശേഷം, താലിബാന്‍ നിയന്ത്രിത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം രാജ്യത്തെ  ഇന്‍റർനെറ്റ് സേവന ദാതാക്കളോട് 90 ദിവസത്തിനുള്ളിൽ  പബ്ജിയും ടിക്ടോക്കും നിരോധിക്കാന്‍ ഉത്തരവിട്ടു.

3 മാസത്തിനുള്ളില്‍ ഈ ആപ്പുകള്‍ നിരോധിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചെന്ന വാര്‍ത്ത അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഖമ്മ പ്രസ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 2020-ൽ, ഐടി നിയമത്തിലെ സെക്ഷൻ 69 (എ) പ്രകാരം പബ്ജിയും ടിക് ടോക്കും അടക്കം നൂറുകണക്കിന് ചൈനീസ് ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചിരന്നു. 


ഈ ആപ്പുകൾ "ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, ഇന്ത്യയുടെ പ്രതിരോധത്തിനും, രാജ്യത്തിന്‍റെ സുരക്ഷയ്ക്കും, പൊതു ക്രമത്തിനും എതിരാണ്" എന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് ഈ ആപ്പുകള്‍ നിരോധിക്കുന്ന സമയത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞത്. പബ്ജി നിരോധന വേളയില്‍ പാകിസ്ഥാന്‍ ഉന്നയിച്ച് ആരോപണം, പബ്ജി ഗെയിം ആസക്തിയുള്ളതാണെന്നും അത് കുട്ടികൾക്ക് നല്ലതല്ലെന്നുമായിരുന്നു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ ടിക് ടോക്കിനും നിരോധനം ഏര്‍പ്പെടുത്തിയത്. 

അശ്ലീലതയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്നാരോപിച്ച് അടുത്തകാലത്തായി ഇന്തോനേഷ്യയും ബംഗ്ലാദേശും ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലും ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് അതാത് രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടാമതും രാജ്യത്തിന്‍റെ അധികാരം കൈയാളിയ ശേഷം ആദ്യമായല്ല താലിബാന്‍ ഇന്‍റര്‍നെറ്റിനെ അടിസ്ഥാനമാക്കിയുള്ള നിരോധനത്തിന് ഉത്തരവിടുന്നത്. 

അധികാരമേറ്റടുത്ത ശേഷം അനശ്വരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നവെന്ന പേരില്‍ 23 ദശലക്ഷത്തിലധികം വെബ്‌സൈറ്റുകള്‍ക്കാണ്  താലിബാന്‍, അഫ്ഗാനിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 

ഇത് സംബന്ധിച്ച ചോദ്യത്തിന് താലിബാൻ ഭരണകൂടത്തിന്‍റെ കമ്മ്യൂണിക്കേഷൻസ് മന്ത്രി നജീബുള്ള ഹഖാനി നല്‍കിയ മറുപടി, തടഞ്ഞ വെബ്‌സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും താലിബാൻ അധാർമിക വിവരങ്ങളായി കരുതുന്ന ഉള്ളടക്കം അടങ്ങിയിരിക്കുന്നു എന്നായിരുന്നു. 

ഇതിനിടെ  പബ്ജി, റോബ്ലോക്‌സ്, ഫിഫ, മൈൻ ക്രാഫ്റ്റ് ഉൾപ്പടെ 28 ഓളം ഗെയിമുകളിൽ മാൽ വെയർ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നു. 2021 ജൂലായ് മുതലാണ് ഗെയിമുകൾ മാൽവെയർ ആക്രമണത്തിന് ഇരയായി തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഈ മാൽവെയർ ഏകദേശം 3,84,000 ഗെയിമർമാരെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. 

എൽഡെൻ റിങ്, ഹാലോ, റെസിഡന്റ് ഈവിൾ എന്നിങ്ങനെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിക്ക ഗെയിമുകളിലും 'റെഡ്‌ലൈൻ' എന്ന മാൽ വെയർ ഉണ്ടെന്നാണ് ആന്‍റി മാല്‍വെയര്‍ ആപ്പായ കാസ്പർസ്‌കീ പറയുന്നത്.  പാസ്വേഡുകൾ മോഷ്ടിക്കുന്ന മാൽ വെയർ ആണ് റെഡ്‌ലൈൻ എന്നത്. ഫോണിലെ പാസ് വേഡുകൾ, സേവ് ചെയ്തുവെച്ച ബാങ്ക് കാർഡ് വിവരങ്ങൾ, ക്രിപ്‌റ്റോ കറൻസി വാലറ്റുകൾ, വിപിഎൻ സേവനങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം ചോർത്തിയെടുക്കാൻ ഈ മാൽവെയറിന് സാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
 

Latest Videos

click me!