കൊവിഡ് കാലത്ത് മനസ് നിറച്ച ഗാലറി; നിറഞ്ഞ് തുളുമ്പി പുഷ്‌കാസ് അറീന

First Published | Jun 16, 2021, 9:51 AM IST

ബുഡാപെസ്റ്റ്: നിറഞ്ഞ ഗാലറിയുടെ ആരവമായിരുന്നു യൂറോ കപ്പില്‍ ഹങ്കറി-പോര്‍ച്ചുഗല്‍ പോരാട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം ഗാലറികൾ നിറഞ്ഞ ആദ്യ മത്സരമായിരുന്നു ഇത്. ഹങ്കറി-പോര്‍ച്ചുഗല്‍ പോരാട്ടം നേരില്‍ കണ്ടത് 61,000 പേരാണ്. 

കൊവി‍ഡിന്റെ പിടിയിലമർന്ന കാലത്ത് ഇങ്ങനെയൊരു നിമിഷത്തിന് വേണ്ടിയാണ് ഫുട്ബോൾ ലോകം കാത്തിരുന്നത്. കണ്ണും മനസും നിറയ്ക്കുന്ന, ആളും ആരവവുമുള്ള, നിറഞ്ഞ് തുളുമ്പിയ ഗാലറികൾ.
ആ കാത്തിരിപ്പിന് ബുഡാപെസ്റ്റ് വിരാമമിട്ടു. ബുഡാപെസ്റ്റിലെ പുഷ്‌കാസ് അറീനയിൽ ദേശീയഗാനത്തിനൊപ്പം ഉയ‍ർന്ന ആരവം കൊടുംവേനലിലെ കുളിർമഴ പോലെയായിരുന്നു.

കളിത്തട്ടുണർന്നപ്പോൾ ഗാലറികളിൽ നിലയ്ക്കാത്ത ആവേശപ്പെയ്‌ത്ത്. ആശയും നിരാശയുമെല്ലാം ആരാധകരുടെ മുഖങ്ങളിൽ മിന്നിമറഞ്ഞു. മഹാമാരിക്ക് മുമ്പുള്ള ഓര്‍മ്മകളിലേക്ക് ആരാധകരെ തിരികെ നടത്തി ഗാലറി പൂത്തുലഞ്ഞു.
മരണഗ്രൂപ്പിലെ ആദ്യ പോരാട്ടം കാണാനെത്തിയത് അറുപത്തിയൊന്നായിരം പേർ. 72 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് ഫലമുള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം.
ഹങ്കറിയിലെ 56 ശതമാനം ജനങ്ങളും വാക്‌‌സിനേഷൻ പൂർത്തിയാക്കിയവരാണ്. ഇതുകൊണ്ടാണ് പുഷ്‌കാസ് അറീനയിൽ മാത്രം മുഴുവൻ കാണികളെയും പ്രവേശിപ്പിക്കാൻ യുവേഫ അനുമതി നൽകിയത്.
വെംബ്ലി സ്റ്റേഡിയത്തിൽ കളി തുടങ്ങിയത് 25 ശതമാനം കാണികളുമായാണ്. സെന്റ് പീറ്റേഴ്സ്ബ‍‍ർഗിലും ബാകുവിലും പകുതി കാണികളെ പ്രവേശിപ്പിക്കാം. ആംസ്റ്റർഡാം, ബുക്കാറസ്റ്റ്, കോപ്പൻഹേഗൻ, ഗ്ലാസ്ഗോ, റോം, സെവിയ എന്നിവിടങ്ങളിൽ 25 മുതൽ 45 ശതമാനം കാണികൾക്കാണ് പ്രവേശനാനുമതി യുവേഫ നല്‍കിയിരിക്കുന്നത്.
എന്നാല്‍ 80 മിനുറ്റുകള്‍ കരുത്തരായ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടിയെങ്കിലും സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഹങ്കറി തോല്‍വി വഴങ്ങി. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ കരുത്തിൽ പോർച്ചുഗൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഹങ്കറിയെ തോൽപിക്കുകയായിരുന്നു.
ഹങ്കറി നിറഞ്ഞ് തുളുമ്പിയ ഗാലറിയുടെ പിന്തുണയോടെ പോർച്ചുഗലിനെ പിടിച്ചുകെട്ടുമോയെന്ന് സംശയിച്ചിരിക്കേയാണ് റാഫേൽ ഗെറേറോ 84-ാം മിനുറ്റില്‍ കെട്ടുപൊട്ടിച്ചത്. പിന്നെ പുഷ്‌കാസ് അറീന ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക് ചുരുങ്ങി.
യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന കണക്കില്‍ ഒന്‍പത് ഗോൾ നേടിയ ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയെ മറികടന്ന റോണോ തന്‍റെഗോളെണ്ണം പതിനൊന്നാക്കിയാണ് മത്സരം അവസാനിപ്പിച്ചത്. 87, 90+2 മിനുറ്റുകളിലായിരുന്നു ഗോളുകള്‍.

Latest Videos

click me!